Friday 19 December 2014

ദിനാഘോഷങ്ങള്‍

തിരുപ്പിറവി വിശേഷങ്ങളുമായി ക്രിസ്മസ് ആഘോഷം 

ഞങ്ങളുടെ വിദ്യാലയത്തിലെ ക്രിസ്മസ് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു . ക്രിസ്മസ് ദിന പരിപാടികള്‍ക്ക് അതിയന്നൂര്‍ പഞ്ചായത്തിലെ ആദരണീയനായ മെമ്പര്‍ ശ്രീ കോടങ്ങാവിള വിജയകുമാര്‍ ഉദ്ഘാടനം കുറിച്ചു . 


 സ്നേഹത്തിന്‍റെ സന്ദേശം നല്‍കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു . വിദ്യാഭ്യാസ നവീകരണത്തിനും സാര്‍വര്ത്രികമാക്കുന്നതിനും തുടക്കം കുറിച്ചത് കൃസ്ത്യന്‍ മിഷനറിമാരാണ് . അവരുടെ സംഭാവനകള്‍ കേരളീയ സമൂഹത്തിന്റെ സാമൂഹ്യ പരിഷ്കരണ രംഗത്ത് വളരെയധികം മാറ്റങ്ങള്‍ക്കു സഹായകമായി എന്നും അദ്ദേഹം പറഞ്ഞു . ക്രിസ്തുവിന്റെ ലാളിത്യമാര്‍ന്ന ജീവിതവും അഴിമതിയ്ക്കും അനാചാരങ്ങള്‍ക്കും ദുര്‍ഭരണത്തിനും എതിരെയുള്ള പോരാട്ടങ്ങളും കൂട്ടുകാര്‍ മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു . 


              കൂട്ടുകാര്‍ക്ക് കേക്ക് വിതരണവും അദ്ദേഹം നിര്‍വഹിച്ചു . വിവിധ കലാപരിപാടികള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു .


 ക്രിസ്മസ് അപ്പൂപ്പനായി വേഷമിട്ട മുതിര്‍ന്ന കൂട്ടുകാര്‍ ഏവര്‍ക്കും കൌതുകമായി .


 ക്രിസ്മസ് ട്രീ ഒരുക്കുന്നതിന് കൊച്ചു കൂട്ടുകാര്‍ പോലും പങ്കാളികളായി . 


             ക്ലാസ് റൂം പ്രവര്‍ത്തനങ്ങളായി ക്രിസ്മസ് സന്ദേശ രചന , കാര്‍ഡ് നിര്‍മ്മാണം തുടങ്ങിയവ നടന്നു .



 സന്ദേശം രേഖപ്പെടുത്തുന്നതിന് പ്രത്യേകം വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയിരുന്നു . ഉച്ചയ്ക്ക് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്നേഹ വിരുന്നു നടന്നു . 

Monday 15 December 2014

വിദ്യാലയ അനുഭവങ്ങള്‍

കൂട്ടുകാരുടെ കൊട്ടാരമായി പ്രീ പ്രൈമറി വിഭാഗം....

ഞങ്ങളുടെ വിദ്യാലയത്തിലും ഒരു പ്രീ പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട് . എല്‍ കെ ജി , യു കെ ജി വിഭാഗങ്ങളിലായി മുപ്പത്തിയഞ്ച് കൂട്ടുകാരും രണ്ട് അധ്യാപകരും ഒരു ആയയും...... പ്രവര്ത്തനാധിഷ്ട്ടിത പഠനരീതി തന്നെയാണ് ഇവിടെയും പിന്തുടരുന്നത് . കളികളും പാട്ടുകളും കഥകളും കൊണ്ട്‌ സമ്പന്നമാണ് ക്ലാസ്സ്‌മുറികള്‍ . ധാരാളം കളിപ്പാട്ടങ്ങളും കുഞ്ഞു കുഞ്ഞുചിത്രപുസ്തകങ്ങളും കൂട്ടുകാര്‍ക്ക് വേണ്ടി ഇവിടെ ഒരുക്കിയിട്ടുണ്ട് .
     ജീവിതവൃത്തി പരിശീലനം , പ്രാക് ലേഖന,ഭാഷണ,വായനാ പ്രവര്‍ത്തനങ്ങള്‍ ,ചെറുകായികപരിശീലനങ്ങള്‍ എന്നിവ കൂട്ടുകാര്‍ക്ക് നല്‍കുന്നുണ്ട് . കടലാസുകൊണ്ട് വിവിധ രൂപങ്ങള്‍ ഉണ്ടാക്കാന്‍ മിടുക്കരാണ് ഞങ്ങളുടെ കൂട്ടുകാര്‍ . തൊപ്പി ,വള്ളം,കൊക്ക്എന്നിവയൊക്കെ അവര്‍ പേപ്പര്‍ കൊണ്ട് നിര്‍മ്മിക്കുന്നു.....


     മുതിര്‍ന്ന കൂട്ടുകാര്‍ ഏര്‍പ്പെടുന്ന പഠനപ്രവര്‍ത്തനങ്ങളില്‍ കൗതുകപൂര്‍വം പങ്കാളികളാകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സദാ സന്നദ്ധരാണ് ഇവര്‍ . രാവിലെ സ്കൂളിലെത്തുന്ന എല്ലാ അധ്യാപകരെയും നിറഞ്ഞ ചിരിയോടെയും നമസ്തേ പറഞ്ഞും ഇവര്‍ സ്വാഗതം ചെയ്യും .
     പുറത്ത് പോയി കളിക്കുന്നത് ആണ് അവര്‍ക്ക് ഇഷ്ട്ടമുള്ള ഒരു കാര്യം .


 ഭക്ഷണകാര്യങ്ങളിലും മറ്റും തികഞ്ഞ ശുചിത്വശീലങ്ങള്‍  പാലിക്കാന്‍ അധ്യാപകര്‍ ഇവരെ പരിശീലിപ്പിക്കുന്നുണ്ട്. ശുദ്ധജലത്തിന്റെ വിനിയോഗം ,ക്ലാസ്സ്‌ റൂം മര്യാദകള്‍ , ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ,രക്ഷിതാക്കളോടുള്ള ഇടപെടലുകള്‍ എന്നിവയെ സംബന്ധിച്ചും വിവിധ നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ നല്‍കുന്നു .



      ക്ലാസ്സ്‌റൂം ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കുന്നതിനുള്ള അവസരവും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടെ ഒരുക്കുന്നുണ്ട് . കരഞ്ഞും വിളിച്ചും ക്ലാസ്സ്‌ മുറിയില്‍ എത്തുന്ന ഈ കൂട്ടുകാരെ സ്നേഹപൂര്‍ണ്ണമായ ഇടപെടലിലൂടെ വിദ്യാലയത്തെ സ്നേഹിക്കാന്‍ അധ്യാപകര്‍ പ്രാപ്തരാക്കുന്നു . 

Friday 12 December 2014

സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍

മഴവില്ല് പ്രവര്‍ത്തനപുസ്തകം ഓരോ കൂട്ടുകാര്‍ക്കും........


മഴവില്ല് പ്രവര്‍ത്തനപുസ്തകം രണ്ടാംതരത്തിലെ കൂട്ടുകാര്‍ക്ക് പഠനത്തിന് കൂട്ടാവുന്നു . എസ് എസ് എ പുറത്തിറക്കിയ ഈ പുസ്തകം രണ്ടാംക്ലാസ്സിലെ രണ്ടാം ടേം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് . പുസ്തകത്തിന്‍റെ ഒരു കോപ്പിയാണ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചത് . എഴുപതിലധികം വര്‍ക്ക്‌ഷീറ്റുകള്‍ ഇതിലുണ്ട് . ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ക്ക് വേണ്ടി ഇവയുടെ ഫോട്ടോകോപ്പി എടുത്തു. ഓരോ പുസ്തകമാക്കി . പുസ്തകത്തിന്‍റെ പുറംചട്ടയില്‍ കൂട്ടുകാര്‍ തന്നെ ചിത്രം വരച്ച് നിറം നല്‍കി .


 ഇപ്പോള്‍ ക്ലാസ്സ്‌മുറിയില്‍ ഉപയോഗിക്കുന്ന പ്രവര്‍ത്തന പുസ്തകമായി മഴവില്ല് മാറി . പുസ്തകത്തിന്റെ ആദ്യപേജുകളിലെ നിര്‍ദ്ദേശങ്ങള്‍ എസ് ആര്‍ ജിയില്‍ വായിച്ചു ചര്‍ച്ചചെയ്തു . സ്പൈറലിംഗ് രീതിയില്‍ അക്ഷരങ്ങളും പദങ്ങളും തിരിച്ചറിഞ്ഞ് ഭാഷാപഠനത്തില്‍ മുന്നേറുന്നതിനുള്ള സാധ്യതകള്‍  ഈ പ്രവര്‍ത്തനപുസ്തകത്തിലുണ്ട് .
വീടുകളുടെ വര്‍ണ്ണവൈവിധ്യം


വര്‍ണ്ണങ്ങള്‍ കൊണ്ട് മനോഹരമാക്കിയ വീടുകള്‍ കൂട്ടുകാരുടെ സ്വപ്നമാണ്. ആ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുന്നതിന് കടലാസുവീടുകളുടെ നിര്‍മ്മാണം അവരെ സഹായിച്ചു . വീടുകളുടെ പ്രത്യേകതകള്‍ , വിശേഷങ്ങള്‍ , വിവിധതരം വീടുകള്‍ , വീട് നിര്‍മ്മാണസാമഗ്രികള്‍ ,ഉപയോഗം എന്നിവ ചര്‍ച്ച ചെയ്തു . ചെറുവാക്യങ്ങളാക്കി വീടിനെക്കുറിച്ച് വിവരണം തയ്യാറാക്കി . തുടര്‍ന്നാണ് വീട്നിര്‍മ്മാണപ്രവര്‍ത്തനം നല്‍കിയത്‌ . കടലാസുകൊണ്ട് വീടുകള്‍ നിര്‍മ്മിച്ച്‌ അവയ്ക്ക് ക്രയോന്‍സ്‌ ഉപയോഗിച്ച് വിവിധ നിറങ്ങള്‍ നല്‍കി . വീടുകള്‍ക്ക് പേരുകള്‍ നല്‍കി അതിനുശേഷം അവ പ്രദര്‍ശിപ്പിച്ചു .
കാടിനെക്കുറിച്ചു വിവരണം തയ്യാറാക്കുന്നതിന് കട്ടൗട്ടുകള്‍....


കാടിനെക്കുറിച്ചു വിവരങ്ങള്‍ ശേഖരിച്ച കൂട്ടുകാര്‍ മരങ്ങളുടെയും മൃഗങ്ങളുടെയും മറ്റും കട്ടൗട്ടുകള്‍ തയ്യാറാക്കി സാന്‍ഡ്ട്രേയില്‍ കുത്തി നിര്‍ത്തി . കാടിന്‍റെ ചെറുരൂപം സൃഷ്ട്ടിച്ചു . കാട് സൃഷ്ട്ടിക്കുന്നതിന് അവര്‍ കാണിച്ച കരവിരുത് മറ്റുക്ലാസ്സുകളിലെ കൂട്ടുകാരെയും ആകര്‍ഷിച്ചു . 




      പേപ്പറുകള്‍ കൊണ്ട് പൂച്ചകളും മീനുകളും പൂമ്പാറ്റകളും അവര്‍ നിര്‍മ്മിക്കുന്നു . എല്ലാം പഠനത്തിന്‍റെ ഭാഗമായി....... പഠനം സര്ഗാത്മകവും ആസ്വാദ്യകരവും ആകുന്നത് എങ്ങനെയെന്നതിന് ഉദാഹരണങ്ങളാണ് കൂട്ടുകാരുടെ ഓരോ സൃഷ്ട്ടിയും.......


Monday 1 December 2014

മികവുകള്‍

പഠനക്കൂട്ടം

         കൂട്ടുകാര്‍ക്ക് ആശയ സ്വീകരണശേഷി ആശയപ്രകടനശേഷി എന്നിവ വികസിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രത്യേക പരിപാടിയാണ് പഠനക്കൂട്ടം .എസ് ആര്‍ ജിയില്‍ വിശദമായ ആസൂത്രണം നടന്നു . പ്രവര്‍ത്തനരേഖ തയ്യാറാക്കി . ചുമതലകള്‍ നല്‍കി . നവംബര്‍ മാസത്തെ കലണ്ടറില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .......
പ്രവര്‍ത്തന വിശദാംശങ്ങളിലേക്ക്.....

  • സ്കൂള്‍തലത്തിലായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുക 
  • ഉച്ചയ്ക്ക് ഒന്ന് മുപ്പതിനും ബാലസഭയിലും ഈ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കും 
  • വ്യക്തിഗത ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം 
  • വിഷയം നേരത്തെ നല്‍കും 
  • ഓരോ കൂട്ടുകാരന്റെയും പങ്കാളിത്തം വ്യക്തിഗതമായി വിലയിരുത്തും 
  • വിലയിരുത്തല്‍ രേഖപ്പെടുത്തുന്നതിന് ഓരോ കൂട്ടുകാരനും ഓരോ ഫോര്‍മാറ്റ് നല്‍കിയിട്ടുണ്ട് . ഇതു ക്ലാസ് അധ്യാപകര്‍ സൂക്ഷിക്കുകയും രേഖപ്പെടുത്തുകയും വേണം 
  • പ്രകടനങ്ങളെ 5 /4/3 /2 /1 എന്നീ പോയിന്റുകള്‍ നല്‍കിയാണ്‌ വിലയിരുത്തുക 
  • ഓരോ റ്റേമിലുമുള്ള കൂട്ടുകാരുടെ പങ്കാളിത്തവും പ്രകടനവും വിലയിരുത്തി സമ്മാനങ്ങള്‍ നല്‍കും