Wednesday 22 October 2014

ഫോക്കസ് 2014

നന്മയുള്ള പ്രവര്‍ത്തന ലക്ഷ്യവുമായി സന്ധ്യടീച്ചര്‍ എത്തി .....
 
    എസ് എസ് എ നടപ്പിലാക്കുന്ന ഫോക്കസ് പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി സന്ധ്യ ടീച്ചര്‍ നമ്മുടെ വിദ്യാലയത്തിലെത്തി . നിരവധി പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത ക്ലാസ്സുകളിലായി നല്‍കി . രണ്ടാം ക്ലാസ്സ്‌ കേന്ദ്രീകരിച്ചാണ് ഇത്തവണ ഫോക്കസ്‌ പരിപാടി നടക്കുന്നത് . 


ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ 
  • വാര്‍ഷിക പദ്ധതി രൂപീകരണം 
  • ക്ലാസ്സ്‌ കലണ്ടര്‍ 
  • പഠനക്കൂട്ടം - വായനാ പ്രവര്‍ത്തന പരിപാടി 
  • ശുചിത്വ സേന രൂപീകരണം - പ്രവര്‍ത്തനങ്ങള്‍ 
  • ശാസ്ത്ര വിസ്മയ പരിപാടി 
  • ഗണിതം മധുരം
  • ഓണസ്റ്റിഷോപ്പ്‌ 
  • കൃഷിയും പഠനവും
  •  ജാലകം -ഡോക്കുമെന്ററി ഫെസ്റ്റ്
  • സാമൂഹ്യ കൂട്ടായ്മകള്‍ 
പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ച്ചയിലേയ്ക്ക് ......
ഒന്നാം ക്ലാസ്സില്‍ ഫ്രൂട്ട്‌സലാഡ്‌ ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടന്നു .
ടീച്ചര്‍ ആദ്യം വിവിധ പഴ വര്‍ഗ്ഗങ്ങള്‍ കൂട്ടുകാരെ പരിചയപ്പെടുത്തി . തുടര്‍ന്ന് അവയുടെ നിറം, രുചി എന്നിവ പരിചയപ്പെട്ടു . ഉണ്ടാക്കുന്ന രീതി ചര്‍ച്ച ചെയ്തു . തുടര്‍ന്ന്‍ ഫ്രൂട്ട് സലാഡ്‌ ഉണ്ടാക്കി . 



കൂട്ടുകാരും അധ്യാപികയും ചേര്‍ന്ന് എല്ലാവര്ക്കും വിതരണം ചെയ്തു .
 POND - DESCRIPTION
രണ്ടാം ക്ലാസ്സില്‍ കുളവുമായി ബന്ധപ്പെട്ട് വിവരണം ഇംഗ്ലീഷില്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ക്ലാസ്സില്‍ ഒരു കുളം സൃഷ്ട്ടിച്ചു . ജലജീവികളും സസ്യങ്ങളും ക്രമീകരിച്ചു . കൂട്ടുകാര്‍ക്ക് നിരീക്ഷിക്കാന്‍ അവസരം നല്‍കി . 


ചര്‍ച്ച . വാക്കുകള്‍ എഴുതി .തുടര്‍ന്ന് വിവരണം തയ്യാറാക്കി .
ബഹിരാകാശവാരം- പ്രവര്‍ത്തനങ്ങള്‍ 
ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് താഴെ ചേര്‍ത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു .....


  • ക്വിസ് 
  • വിവരണം തയ്യാറാക്കല്‍
  • ചിത്ര പ്രദര്‍ശനം
  • മംഗല്‍യാന്‍- ഡയറി കുറിപ്പ്‌ തയ്യാറാക്കല്‍ 
  • പത്ര കട്ടിങ്ങുകളുടെ പ്രദര്‍ശനം 
വിവരശേഖരനത്തിനായി പത്രങ്ങള്‍ ഒട്ടിക്കുന്നതു കാണാന്‍ അതിഥികളായി നഴ്സറി ക്ലാസ്സിലെ കൂട്ടുകാരും എത്തി 


ക്ലാസ്സ്‌ പിറ്റി എ 
 കൂട്ടുകാരുടെ മികവുകള്‍ പങ്കുവയ്ക്കുന്നതിനും ഫോക്കസ്‌ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി പ്രത്യേക ക്ലാസ്സ്‌ പി റ്റി എ യോഗങ്ങള്‍ സംഘടിപ്പിച്ചു . 


താല്പ്പര്യപൂര്‍വം രക്ഷിതാക്കള്‍ പങ്കെടുത്തു .കുടുംബ സദസ്സുകള്‍ വിളിച്ചു കൂട്ടാനും അവിടെ കൂട്ടുകാരുടെ മികവുകള്‍ അവതരിപ്പിക്കാനും അതിനു വേണ്ടി ഗൃഹസന്ദര്‍ശനം നടത്താനും തീരുമാനിച്ചു

ഡോക്കുമെന്ററി ഫെസ്റ്റിവല്‍

സിനിമയുടെ ജാലകംതുറന്നു ..... കൂട്ടുകാര്‍ക്കായി 
         
നല്ല സിനിമകള്‍ കാണാനും അത് ആസ്വദിക്കാനും ഉള്ള കഴിവ് കൂട്ടുകാരില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി ചുണ്ടവിളാകം എല്‍ പി സ്കൂളില്‍" ജാലകം" ഡോക്കുമെന്ററി ഫെസ്റ്റിവലിന് തുടക്കമായി ....  ഫെസ്റ്റിവല്‍ ബഹുമാനപ്പെട്ട ബാലരാമപുരം എ ഇ ഓ ശ്രീ ഹൃഷികേശ് സാര്‍ ഉദ്ഘാടനം ചെയ്തു . 2014 ഒക്റ്റോബര്‍ 20 മുതല്‍ 25 വരെയാണ് പ്രസ്തുത ഫെസ്റ്റ് നടക്കുന്നത് . എന്നും ഉച്ചയ്ക്ക് ഒന്നുമുപ്പതിനാണ് കൂട്ടുകാര്‍ സിനിമ കാണുന്നത് 


പ്രവര്‍ത്തനം ഇങ്ങനെ.....
അധ്യാപിക ഒരു കഥ പറയുന്നു ...
"  നല്ലപെട്ടി "ഇത്മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിന്‍റെ പേരാണ് . ഈ ഗ്രാമത്തിലേയ്ക്ക് അന്നും പതിവുപോലെ ബലൂണ്‍കാരന്‍ എത്തി . സൈക്കിളില്‍ നിറയെ വിവിധ വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍ വീര്‍പ്പിച്ചുകെട്ടിയാണ് അയാളുടെ വരവ് . ബലൂണ്‍കാരന്‍ ദൂരെ നിന്ന് വരുമ്പോഴേ കുട്ടികള്‍ക്കറിയാം . ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് അയാളുടെ വരവ് . അത് കേള്‍ക്കുന്നപാടെ കുട്ടികള്‍ ഓടിക്കൂടും . പിന്നെ വിലപേശലും വാങ്ങലുമായി .... അന്നും അനിക്കുട്ടന്‍ ബലൂണ്‍കാരന്‍റെ അടുത്തെത്തി . അവനു പച്ചനിറത്തിലുള്ള ഒരു ബലൂണ്‍ നന്നായി ഇഷ്ട്ടപ്പെട്ടു . അവനതിന്റെ വില ചോദിച്ചു . " അഞ്ചു രൂപ " ബലൂണ്‍കാരന്‍ പറഞ്ഞു . അതും കേട്ട് കൊണ്ട് അവന്‍ വീട്ടിലേയ്ക്ക് ഓടി . അമ്മ അടുത്ത വീട്ടിലെ വീടുപണി കഴിഞ്ഞ് എത്ത്തിയിട്ടുണ്ടായിരുന്നില്ല ....
      അമ്മയെ കാത്തു അവനിരുന്നു .അക്ഷമയോടെ .... അമ്മ വന്നു . അമ്മയോടവന്‍ പച്ച ബലൂണിനെ കുറിച്ച് പറഞ്ഞു . അവനു ഇതൊക്കെ പറയാന്‍ അമ്മ മാത്രമേയുള്ളൂ .അവന്‍റെ ആവശ്യം കേട്ട് അമ്മ ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി " ഇവിടെ അരി വാങ്ങാന്‍ പൈസയില്ല പിന്നെയാണ് ബലൂണ്‍ "  " അടി വേണ്ടെങ്കില്‍ മര്യാദയ്ക്ക് എവിടെയെങ്കിലും പോയി അടങ്ങിയിരുന്നോ ..." അമ്മയുടെ ശകാരം അവനെ നിശബ്ദനാക്കി ..... ഒന്നും മിണ്ടാതെ അവന്‍ ഒരു മൂലയില്‍ പോയിരുന്ന് ബുക്ക്‌ തുറന്നു ... അറിയാതെ അവന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ നോട്ടുബുക്കിലെ അക്ഷരങ്ങളില്‍ വീണു പടര്‍ന്നു .
    അമ്മയ്ക്കും സങ്കടമായി . അമ്മ പതുക്കെ അടുത്ത് വന്നു അവനെ ചേര്‍ത്ത് പിടിച്ചു . അവര്‍ പറഞ്ഞു " മിട്ടായി വാങ്ങാന്‍ ഇനി മുതല്‍ അമ്മ നല്‍കുന്ന അമ്പത്‌ പൈസ ചേര്‍ത്ത് വയ്ക്കണം ..അങ്ങനെ നമുക്ക്‌ ബലൂണ്‍ വാങ്ങാം " . അവനു സന്തോഷമായി . അവനും അമ്മയും ആഹാരം കഴിച്ച് കിടന്നു . നേരം പുലര്‍ന്നു .........
കഥയുടെ ബാക്കി ഭാഗം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കി 
അനുയോജ്യമായ ചിത്രങ്ങള്‍ വരച്ചു 
ജാലകം  പരിപാടി അവതരിപ്പിച്ചു . അതിനു വേണ്ടി പോസ്റ്റര്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു . 
പോസ്റ്ററില്‍ ചേര്‍ക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു . 
  • തലക്കെട്ട്‌ ?
  • ചിത്രത്തിന്റെ സ്ഥാനം ? 
  • വിശദീകരണം ചേര്‍ക്കേണ്ടതുണ്ടോ ? അക്ഷരങ്ങളുടെ വലിപ്പം ?
  • ലേ ഔട്ട്‌ 
ചില മാതൃകകള്‍ പരിചയപ്പെടുത്തി .പോസ്റ്റര്‍ ഗ്രൂപ്പുകളില്‍ തയ്യാറാക്കുന്നു . പ്രദര്‍ശിപ്പിക്കുന്നു ....


തുടര്‍ന്ന് നേരത്തെ കേട്ട /പൂര്‍ത്തിയാക്കിയ കഥയുമായി ബന്ധപ്പെട്ട ഒരു സിനിമ കാണാം എന്ന ആമുഖത്തോടെ "പച്ചബലൂണ്‍" സിനിമ പ്രദര്‍ശിപ്പിക്കുന്നു .
സിനിമ കണ്ടശേഷം ചര്‍ച്ച 
  • നിങ്ങള്‍ എഴുതി പൂര്‍ത്തിയാക്കിയ കഥയും സിനിമയുടെ രംഗങ്ങളും താരതമ്യം ചെയ്യൂ ....
  • കേട്ട കഥയിലെ രംഗങ്ങള്‍ അതേപോലെ പകര്‍ത്താന്‍ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ടോ ?
  • കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ആരെ ? എന്തുകൊണ്ട് ?
  • കഥയാണോ സിനിമയാണോ കൂടുതല്‍ ഇഷ്ട്ടപ്പെട്ടത് ? എന്തുകൊണ്ട് ?
  • ഇഷ്പ്പപ്പെട്ട രംഗം ?
  • ഈ സിനിമയ്ക്ക് യോജിച്ച മറ്റൊരു പേര് ?
  • സിനിമ കണ്ടപ്പോള്‍ മനസ്സില്‍ എന്ത് തോന്നി ?
കൂട്ടുകാര്‍ സിനിമ ആസ്വദിച്ചുകണ്ടു . പകരം പല പേരുകളും അവര്‍ നല്‍കി . പൊന്‍മുത്ത്‌ , അമ്മയും മകനും , പൊട്ടിയബലൂണ്‍ എന്നിങ്ങനെ .....
കുറിപ്പും തയ്യാറാക്കി . ആദ്യ ദിവസമായതുകൊണ്ട് സമയം കൂടുതല്‍ എടുത്തു . അടുത്ത ദിവസം അര മണിക്കൂര്‍ കൊണ്ട് പ്രദര്‍ശനവും ചര്‍ച്ചയും കഴിഞ്ഞു. ഫോക്കസ്‌ പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് ഈ പ്രവര്‍ത്തനം . ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി സന്ധ്യ ടീച്ചറിന്റെ മുഴുവന്‍ സമയ സഹായം ഈ പ്രവര്‍ത്തന വിജയത്തിനു തുണയായി .....

Friday 3 October 2014

ബ്ലോഗുവിശേഷങ്ങള്‍

മഴവില്ല് വിരിയുന്നു ....... 

കുഞ്ഞു മനസ്സുകളുടെ കുട്ടിത്തങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു കുഞ്ഞുബ്ലോഗ് കൂടി ....  മഴവില്ല് .....
മഴവില്ലിന്റെ വര്‍ണ്ണസ്വപ്നങ്ങളുമായി പറന്നു നടക്കുന്ന ഒരു കൂട്ടം കൂട്ടുകാരാണ് ചുണ്ടവിളാകം എല്‍ പി സ്കൂളിന്‍റെ നിറവ് ... ആ കൂട്ടുകാരുടെ മനസ്സിന്‍റെ നന്മകള്‍ , പഠനത്തിന്‍റെ പുത്തന്‍അനുഭവങ്ങള്‍ ,സൃഷ്ട്ടി വൈഭവത്തിന്റെ തെളിവുകള്‍ എല്ലാം അക്ഷരലോകത്ത് എത്തുന്നു മഴവില്ലിലൂടെ .....
മുത്തിലെ എന്‍റെ ഡയറിക്കുറിപ്പില്‍ ഈ വിദ്യാലയത്തിന്റെ മികവിന്‍റെ സാക്ഷ്യങ്ങള്‍ ഒരിക്കല്‍ ഞാന്‍ പരിചയപ്പെടുത്തിയിരുന്നു . എന്നെ അത്ഭുതപ്പെടുത്തിയ പ്രവര്‍ത്തനസാക്ഷാത്കാരങ്ങളാണ് ഇവിടെ എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞത് .... ഓരോ അധ്യാപികയുടെയും ടീച്ചിംഗ് മാന്വലുകള്‍ മൂന്നാമത്തെ വാള്ല്യത്തില്‍ എത്തിനില്‍ക്കുന്നു .അവര്‍ എഴുതിനിറച്ച പഠനപ്രവര്ത്തനങ്ങളുടെ തെളിവുകളാണ് ഇവിടത്തെ കൂട്ടുകാരുടെ അക്കാദമികമികവ്.......
          അധ്യാപികയുടെ ടീച്ചിംഗ് മാന്വലില്‍ പ്രധമാധ്യാപകന്‍ എഴുതിയ ഒരു വിശകലനകുറിപ്പ് മാത്രം ഇവിടെ അവതരിപ്പിക്കുന്നു . അതു വായിച്ചാലറിയാം അവരുടെ ആത്മസമര്‍പ്പണത്തിന്റെയും കൂട്ടായ്മയുടെയും വെളിച്ചങ്ങള്‍ ..... 



         ബാലരാമപുരം സബ്ജില്ലയിലെ കുഞ്ഞുവിദ്യാലയമായ ചുണ്ടവിളാകം എല്‍ പി സ്കൂളിലെ " മഴവില്ല് " എന്ന പേരിട്ട ബ്ലോഗ്‌ അഭിമാനപൂര്‍വം വിദ്യാഭ്യാസസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കട്ടെ .....
ഹൃഷികേശ് എ എസ് 
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ 
ബാലരാമപുരം