Saturday 19 December 2015

ക്രിസ്മസ് ദിനാഘോഷം

സ്നേഹത്തിന്‍റെ സന്ദേശം വിളംബരം ചെയ്യുന്ന ക്രിസ്മസ്


      വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ക്ലാസ്സ്‌ മുറികളില്‍ പുല്‍ക്കൂടും നക്ഷത്ര വിളക്കുകളും ക്രിസ്മസ് ട്രീയുമോരുക്കി കൂട്ടുകാര്‍ സന്തോഷപൂര്‍വ്വം ആഘോഷ പരിപാടികളില്‍ പങ്കെടുത്തു . 


പ്രഥമാധ്യാപകന്‍ ക്രിസ്മസ് സന്ദേശം നല്‍കി . യേശുക്രിസ്തുവിനെ കുറിച്ചുള്ള നന്മ നിറഞ്ഞ കഥകള്‍ അവതരിപ്പിച്ചുകൊണ്ട് വിശിഷ്ട   അതിഥിയായി എത്തിയ റവ ഫാദര്‍ മിശിഹാദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .... 


കൂട്ടുകാരുടെ വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു .


പ്രഥമാധ്യാപകന്‍ നല്‍കിയ ക്രിസ്മസ് ദിന സന്ദേശത്തില്‍ നിന്ന്‍.....
പ്രിയപ്പെട്ട കൂട്ടുകാരേ .....
      വീണ്ടുമൊരു ക്രിസ്മസ്ദിനം കൂടി ...... സ്നേഹത്തിന്‍റെ സഹനത്തിന്‍റെ വിലയേറിയ പാഠങ്ങള്‍ നമ്മുടെ മനസ്സിലേയ്ക്ക് ആവാഹിക്കുന്ന നന്മയുടെ ദിനം ....ഈ ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ എനിക്ക് നന്മ നിറഞ്ഞ ചില നല്ല ഓര്‍മ്മകള്‍ ഉണ്ട്.....
എന്‍റെ കുഞ്ഞുനാളില്‍ എന്‍റെ വീട്ടിനടുത്തുള്ള പള്ളിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍ ... കൗതുകത്തോടെ അവിടെ നടക്കുന്ന പ്രാര്‍ഥനകളിലും ചടങ്ങുകളിലും ഞാനും പങ്കെടുത്തിരുന്നു . മറ്റു മത വിഭാഗങ്ങളിലെ കുട്ടികളെ   പള്ളിയില്‍ നടത്തിയിരുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അന്ന് അനുവദിച്ചിരുന്നു . എന്‍റെ അച്ഛനും അമ്മയ്ക്കും അത് സമ്മതവുമായിരുന്നു ...
അങ്ങനെ വളര്‍ന്നത്‌ കൊണ്ടാകണം മറ്റു മതങ്ങളെ കുറ്റപ്പെടുത്താതെ നല്ലത് മാത്രം കാണുന്ന ഒരു മനസ്സും സംസ്ക്കാരവും എനിക്ക് സ്വായത്തമായത് .പില്‍ക്കാലത്ത്‌ ബൈബിള്‍ മുഴുവന്‍ വായിക്കാനും പഠിക്കാനും അതിലെ നന്മകളെ കുറിച്ച് ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കൂടി കഴിഞ്ഞത് അത് കൊണ്ടാണ് ... ഇന്ന് മതങ്ങള്‍ തമ്മില്‍ പരസ്പരം മല്ലടിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും ..... മതത്തിന്‍റെ യഥാര്‍ഥലക്‌ഷ്യം തിരിച്ചറിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .....
ഒരു മനുഷ്യനായി മാറുന്നതിന് ഏറ്റവും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും നിങ്ങള്‍ ഏര്‍പ്പെടണം . ബൈബിള്‍ വായിച്ചത് കൊണ്ടോ ... പള്ളിയില്‍ പോയത് കൊണ്ടോ ഞാന്‍ വിശ്വസിക്കുന്ന മതം മോശമാണെന്ന് എനിക്ക് തോന്നിയിട്ടില്ല ... തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായി ഞാന്‍ എന്നും തുടരുന്നു ... പക്ഷേ മതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളില്‍ എനിക്ക് തീര്‍ത്തും എതിര്‍പ്പാണ് . മനുഷ്യനെ പറ്റിക്കാനുള്ള ഒരു മാര്‍ഗ്ഗമായോ കച്ചവടം നടത്താനുള്ള ഒരു ഉപകരണമായോ മതത്തെ ഉപയോഗിക്കാന്‍ പാടില്ല .....
യേശുക്രിസ്തു മഹാനായ ദൈവപുത്രനാണ്‌ .... ഒരു യഥാര്‍ഥ മനുഷ്യന്‍ എങ്ങനെ ആയിരിക്കണം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ശ്രീയേശു ..... അതുകൊണ്ട് യേശുവിന്‍റെ ജീവിതത്തെ കുറിച്ച് യഥാതഥമായി പഠിക്കണം ....
അദ്ദേഹത്തിന്‍റെ നന്മ നിറഞ്ഞ വാക്കുകള്‍ സ്വന്തം ജീവിതത്തിലേയ്ക്ക് ചേര്‍ത്ത് വയ്ക്കണം .... നക്ഷത്രവിളക്കും പുല്‍ക്കൂടും ക്രിസ്മസ് പാപ്പയുമെല്ലാം ആ ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളായി മാറണം ....
   ഇന്നലെ എന്‍റെവീട്ടിലും ക്രിസ്മസ്കരോള്‍ സംഘം വന്നിരുന്നു . അവരുടെ പാട്ടുകളിലും പ്രാര്‍ഥനകളിലും ഞാനും പങ്കുചേര്‍ന്നു . മനുഷ്യനന്മ വിളംബരംചെയ്യുന്ന അത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു മടിയും ഞാന്‍ കാട്ടാറില്ല ....
    മതപരമായ സഹിഷ്ണുത വച്ച് പുലര്‍ത്തുന്ന ജനാധിപത്യബോധമുള്ള കൂട്ടുകാരായി മാറാന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മതജാതി ഭേദമില്ലാതെ പങ്കെടുക്കുന്നതിലൂടെ എന്‍റെ കൂട്ടുകാര്‍ക്ക് കഴിയട്ടെ .....പള്ളികളും ക്ഷേത്രങ്ങളും മോസ്ക്കുകളും ഇത്തരത്തില്‍ ജനാധിപത്യ വേര്തിരിവില്ലാത്ത സ്നേഹ സന്ദേശങ്ങള്‍ കൈമാറുന്ന സ്ഥാപനങ്ങളായി മാറട്ടെ ....
   നമ്മുടെ വിദ്യാലയത്തില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ അതിനുവേണ്ടിയുള്ള നല്ല മാതൃകയായി മാറട്ടെ .... 
അനീതിക്കെതിരെ ചാട്ടവാര്‍ ഉയര്‍ത്തിയ .......
തന്‍റെ ജീവത്യാഗംകൊണ്ട് മനുഷ്യന്‍റെ പാപങ്ങള്‍ തുടച്ചു നീക്കാന്‍ ശ്രമിച്ച .....
സ്നേഹത്തിന്‍റെ ഭാഷയിലൂടെ മനുഷ്യനെ മനുഷ്യത്വമുള്ളവരാക്കി മാറ്റിയ ....
യേശുക്രിസ്തുവിന്റെ ജന്മദിനം പ്രതീക്ഷയുടെ ദിനമായി മാറട്ടെ .... 
എല്ലാ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ക്രിസ്മസ്ദിന ആശംസകള്‍ ഒരിക്കല്‍ കൂടി നേരുന്നു ...
നമസ്തേ ....



Tuesday 15 December 2015

പഠന പ്രവര്‍ത്തനങ്ങള്‍

ഒന്നാം ക്ലാസ്സില്‍ അക്ഷരമരം


           അക്ഷരങ്ങള്‍ തിരിച്ചറിയുന്നത്  ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ വൈവിധ്യമാര്‍ന്ന ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെയാണ് ... അങ്ങനെ തിരിച്ചറിയുന്ന അക്ഷരങ്ങള്‍ കാര്‍ഡുകളില്‍ എഴുതി തൂക്കിയിടാന്‍ അവര്‍ക്കൊരു അക്ഷരമരം തയ്യാറായി .... 

അക്ഷര മരത്തിന് മുന്നില്‍ കൂട്ടുകാര്‍ 

മനോഹരമായ അക്ഷരമരത്തില്‍ പൂക്കളും ഇലകളും അവര്‍ കടലാസ് കൊണ്ട് ഉണ്ടാക്കി ഒട്ടിച്ചുവച്ചു . 

UNIT 5 BABY ELEPHANT


  ഒന്നാം ക്ലാസ്സിലെ  ഇംഗ്ലീഷില്‍ ആനക്കുട്ടിയെ കുറിച്ചൊരു പാഠമുണ്ട് ... ആനക്കുട്ടിയെയും കൂട്ടുകാരുടെയും കാടിന്റെയും മനോചിത്രങ്ങള്‍ കൂട്ടുകാരുടെ മനസ്സില്‍ രൂപപ്പെടാന്‍ അനിത ടീച്ചര്‍ ക്ലാസ്സില്‍ ഒരു കാടൊരുക്കി.... ബിഗ്‌ പിക്ച്ചറില്‍.... മനോഹരമായ ആ കാട്ടില്‍ പാഠത്തിലെ വിവിധ കഥാപാത്രങ്ങള്‍ ഇടം പിടിച്ചു .... പാഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ കാട്ടിലും കാഴ്ചകളുടെ വൈവിധ്യം കൂടി കൂടി വന്നു ....

ഇലകളിലെ സംഖ്യകള്‍ 


       ഒന്ന് മുതല്‍ പത്ത് വരെയുള്ള സംഖ്യാബോധം നേടിയ കൂട്ടുകാര്‍ക്ക് തുടര്‍ന്നുള്ള സംഖ്യകള്‍ കൊണ്ടുള്ള ഗണിത പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായിരിക്കും ... അതിനു വേണ്ടി നിരവധി പഠനോപകരണങ്ങള്‍ അവര്‍ക്ക് ആവശ്യം വേണ്ടി വരും ... അതിനു വേണ്ടി തയ്യാറാക്കിയ ഒരു പഠനോപകരണമാണിത് 

ഓണസ്റ്റി ഷോപ്പ് ....  മികവുകള്‍ 


      ഓണസ്റ്റി ഷോപ്പിലെ പരസ്യങ്ങള്‍ മെച്ചപ്പെടുന്നു ... നല്ല നല്ല പരസ്യങ്ങള്‍ തയ്യാറാക്കാന്‍ ഇപ്പോള്‍ കൂട്ടുകാര്‍ക്ക് കഴിയുന്നു ... പരസ്യങ്ങള്‍ ഭാഷാപഠനത്തിന്‍റെ ഭാഗമാണ് ... പരസ്യങ്ങള്‍ തയ്യാറാക്കുക എന്ന സ്വാഭാവിക പഠനപ്രവര്ത്തനത്തിനുള്ള പഠനോപകരണമായി മാറുകയാണ് ഓണസ്റ്റി ഷോപ്പ് . ഇതുവരെ ഏകദേശം 5000 രൂപയുടെ കച്ചവടം ഇതിലൂടെ കൂട്ടുകാര്‍ നടത്തി . ചുമതലയുള്ള മൂന്നാം ക്ലാസ്സുകാര്‍ക്ക്‌ നന്ദി ....

വൈഷ്ണവിയുടെ ക്രിസ്മസ് കാര്‍ഡ് 


    വൈഷ്ണവി ചിത്രം വരയ്ക്കാന്‍ മിടുക്കിയാണ് . അവള്‍ തയ്യാറാക്കിയ ക്രിസ്മസ് കാര്‍ഡ് അവള്‍ സന്തോഷപൂര്‍വ്വം ടീച്ചര്‍ക്ക് നല്‍കി 

Saturday 12 December 2015

പഠന പ്രവര്‍ത്തനങ്ങള്‍

കൂട്ടുകാരുടെ സൃഷ്ട്ടികള്‍ 


      രണ്ടാം തരത്തിലെ കൂട്ടുകാര്‍ ശില്പങ്ങള്‍ ഉണ്ടാക്കാനും മിടുക്കരാണ് ... അവരുടെ കഴിവുകള്‍ അറിയുന്ന ടീച്ചര്‍ ചൈനാക്ലേ ഉപയോഗിച്ച് രൂപങ്ങളുണ്ടാക്കാന്‍ അവസരമൊരുക്കി ... രൂപങ്ങളുണ്ടാക്കി അവര്‍ അത് വെള്ള പേപ്പറില്‍ നിരത്തി വച്ചു... വിവിധ ജീവികള്‍ അവരുടെ കൈ വിരുതിലൂടെ ജീവന്‍ വച്ചു....

ടീച്ചറിന് കസേര വേണ്ട....


   വെളിച്ചം വായനാ കാര്‍ഡുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കൂട്ടുകാരോടൊപ്പം പ്രീതാരാജ് ടീച്ചര്‍ തറയില്‍ ഇരുന്നു ...വായനാ കാര്‍ഡുകളിലെ പ്രവര്‍ത്തനത്തില്‍ ഒരു സജീവ പങ്കാളിയായി .... അതു അവരില്‍ ആവേശം നിറച്ചു ...

ശലഭ മരം 


മൂന്നാം ക്ലാസ്സിലെ പരിസരപഠനം പുസ്തകത്തില്‍ ചിത്രശലഭങ്ങളുമായി ബന്ധപ്പെട്ട ഒരു പാഠമുണ്ട് . ആ പാഠവുമായി ബന്ധമുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കി .  അതില്‍ വീഡിയോ പ്രദര്‍ശനം , ശലഭ പാട്ടുകള്‍ , ശലഭ കാര്‍ഡുകള്‍ നിര്‍മ്മാണം , ശലഭ നിര്‍മ്മാണം , ശലഭ ആല്‍ബം , ചിത്രങ്ങള്‍ ശേഖരിക്കല്‍ എന്നിവയൊക്കെ നടന്നു . കൂട്ടത്തില്‍ ശലഭമരവും കൂട്ടുകാര്‍ നിര്‍മ്മിച്ചു ...



 മനോഹരമായ ശലഭ മരം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു .

ഫിന്‍ഗര്‍ ടിപ്പ് പ്രവര്‍ത്തനങ്ങള്‍ 


  നിറമുള്ള പൂക്കള്‍ ... വിവിധ തരത്തില്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നു ... അതിനു അവരെ പ്രാപ്തരാക്കിയത് ബി ആര്‍ സി യില്‍ നിന്നും എത്തിയ ഷീബ ടീച്ചറിന്റെയും സന്ധ്യ ടീച്ചറിന്റെയും നേതൃത്വത്തിലുള്ള ടീം നല്‍കിയ പരിശീലനമാണ് . കൂട്ടുകാര്‍ ഗ്രൂപ്പുകളായി ഈ പരിശീലനത്തില്‍ പങ്കെടുത്തു .... ആവേശകരമായിരുന്നു ആ അനുഭവം 

Sunday 29 November 2015

കൊച്ചു കൊച്ചു നേട്ടങ്ങള്‍

സബ്ജില്ലയില്‍ സമ്മാനങ്ങള്‍ .....

സബ്ജില്ലാ തലത്തില്‍ നടന്ന ശാസ്ത്രമേളയില്‍ ഞങ്ങളുടെ കൂട്ടുകാരും പങ്കെടുത്തു ... നിറയെ സമ്മാനങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയത് ... അധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനമാണ്‌ ഈ മികവുകള്‍ക്ക് പിന്നില്‍ ... അസംബ്ലിയില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു . ആര്യയും സന്ധ്യയും സമ്മാനങ്ങള്‍ ഏറ്റു വാങ്ങി .



അധ്യാപക കൂട്ടായ്മയുടെ കരുത്ത് 

ജന്മ ദിന സമ്മാനങ്ങള്‍ 

നവംബര്‍ 27 വെള്ളി രണ്ടു കൂട്ടുകാരുടെ ജന്മ ദിനമായിരുന്നു . രണ്ടുപേരും രണ്ടാം ക്ലാസ്സുകാര്‍ .... അഖിലയും ജോബിനും .... പുസ്തകങ്ങള്‍ ക്ലാസ് അധ്യാപിക ശ്രീമതി പ്രീതാരാജ് ടീച്ചര്‍ക്ക്   കൈമാറി അവര്‍ ജന്മദിനാശംസകള്‍ ഏറ്റു വാങ്ങി ....




   

Saturday 28 November 2015

പഠനപ്രവര്‍ത്തനങ്ങള്‍

നഴ്സറി കൂട്ടുകാരുടെ കരവിരുതുകള്‍ ...


കൂട്ടുകാര്‍ കല്യാണ കാര്‍ഡില്‍ നിര്‍മ്മിച്ച കുടകളുമായി 

    പെന്‍സില്‍ മുന കൂര്‍പ്പിക്കാന്‍ കട്ടര്‍ ഉപയോഗിച്ച് വെട്ടുമ്പോള്‍ കിട്ടുന്ന വെസ്റ്റ് പോലും ഇപ്പോള്‍ നഴ്സറിയിലെ കൂട്ടുകാര്‍ക്ക് പഠനോപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള സാമഗ്രികളാകുന്നു . അത് ഉപയോഗിച്ച് അവര്‍ കുടയും പൂവും മരവും നിര്‍മ്മിക്കുന്നു ... നിര്‍മ്മാണ രീതിയും വിവരണവും നടത്തുന്നു ... ആവേശകരമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ .
ഫോക്കസ് രണ്ടാം ഘട്ടം

   ഫോക്കസ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ ആരംഭിച്ചു . ഇത്തവണ മൂന്നാം ക്ലാസ് ആണ് ഫോക്കസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത് . ക്ലാസ്സ് മുറിയില്‍ മാറ്റങ്ങള്‍ പ്രകടം ... ചിത്ര ശലഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവയുടെ സൃഷ്ട്ടികളും കൊണ്ട് ക്ലാസ് നിറഞ്ഞു .... ക്ലാസ് റൂം മികവുകളുടെ നേര്‍കാഴ്ചയിലേയ്ക്ക് ....




മഹത് വചനങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ഇടം 





  

Thursday 12 November 2015

ശാസ്ത്രോത്സവം 2015

കൂട്ടുകാരുടെ ഉത്സവമായി ശാസ്ത്രോത്സവം 



സാധാരണ എല്‍ പി സ്കൂളുകളില്‍ നിന്നും നാമ മാത്രമായ കൂട്ടുകാരുടെ  പങ്കാളിത്തം മാത്രമാണ് സബ്ജില്ലാ മത്സരങ്ങളില്‍ ഉണ്ടാകുക ... അതും അധ്യാപകരും രക്ഷിതാക്കളും ഉണ്ടാക്കി നല്‍കുന്ന സാധനങ്ങള്‍ക്ക് മൂകസാക്ഷിയാകുക .... ഇതാണ് പലപ്പോഴും സംഭവിക്കുന്നത് ... അതിനൊരു മാറ്റം വേണമെന്ന് ഇത്തവണ ഞങ്ങള്‍ തീരുമാനിച്ചു .... അതിനു വേണ്ടി താഴെ കാണുന്ന മുന്നൊരുക്കങ്ങള്‍ നടത്തി ...
പ്രവര്‍ത്തനങ്ങള്‍ 
ക്ലാസ്സുകളില്‍ ബന്ധപ്പെട്ട വിഷയത്തില്‍  നിരവധി പ്രവര്‍ത്തനങ്ങള്‍ നല്‍കി 
ഉദാ 
മണ്ണിനെ കുറിച്ചുള്ള വിവര ശേഖരണം
പ്രകാശ സ്രോതസ്സുകളുടെ വിവര ശേഖരണം 
പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ...
ഏറ്റവും നന്നായി ചെയ്ത കൂട്ടുകാരെ കണ്ടെത്തി ....
ശാസ്ത്രക്ലബ്ബ് കൂടി മെച്ചപ്പെടുത്തല്‍ , കൂട്ടിച്ചേര്‍ക്കല്‍ എന്നിവ ചര്‍ച്ച ചെയ്തു . മണ്ണെഴുത്ത് ഡയറി , എന്‍റെ മരം ഡയറി , മറ്റു പുസ്തകങ്ങള്‍ എന്നിവ പുതിയ വിവരങ്ങള്‍ കണ്ടെത്താനായി നല്‍കി . അവ ക്രോഡീകരിച്ച് ചാര്‍ട്ടുകള്‍ തയ്യാറാക്കി ... കൂട്ടുകാരെ അവതരണരീതി പരിശീലിപ്പിച്ചു . പ്രകാശസ്രോതസ്സുകള്‍ ശേഖരിച്ചു . പരീക്ഷണങ്ങള്‍ തീരുമാനിച്ചു ...




സ്കൂളിലെ മുഴുവന്‍ കൂട്ടുകാര്‍ക്കും കാണാനുള്ള അവസരം ഒരുക്കി ... അതിനു ശേഷമാണ് സബ്ജില്ലയില്‍ പങ്കെടുത്തത് .....



സമ്മാനമല്ല പ്രധാനം .... ഇതിലൂടെ ചില കഴിവുകള്‍ കൂട്ടുകാര്‍ക്കുണ്ടാക്കുക അതാണ്‌ ഞങ്ങളുടെ ലക്‌ഷ്യം 
ബോണസ്സായി പങ്കെടുത്ത മത്സരങ്ങളില്‍ നന്നായി, ആത്മവിശ്വാസത്തോടെ  പങ്കെടുക്കാന്‍ കൂട്ടുകാര്‍ക്ക് കഴിഞ്ഞു ....സമ്മാനങ്ങളും ലഭിച്ചു 

Saturday 7 November 2015

ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങള്‍....

സ്വദേശി ലോഷന്‍ വില്പനയ്ക്ക് ....

 സ്കൂളിലെ ഗാന്ധിദര്‍ശന്‍  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തില്‍ കൂട്ടുകാര്‍ സ്വദേശി ലോഷന്‍ ഉണ്ടാക്കി ....
ലോഷന്‍ ഉണ്ടാക്കുന്ന വിധം ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തു . തുടര്‍ന്ന് ലോഷന്‍ ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ പരിചയപ്പെട്ടു .


 ബൈനോയില്‍ 500 എം എല്‍ , സോഫ്റ്റ് സോപ്പ് 250 എം എല്‍ , പുല്‍തൈലം , ജലം 12 ലിറ്റര്‍ എന്നിവ ചേര്‍ത്ത് ലോഷന്‍ നിര്‍മ്മിച്ചു . അവ കൂട്ടുകാര്‍ ശേഖരിച്ചു കൊണ്ട് വന്ന കുപ്പികള്‍ വൃത്തിയാക്കിയെടുത്ത് നിറച്ചു . 
ലേബല്‍ ഒട്ടിച്ചു ... 


മുത്ത് ഓണസ്റ്റി ഷോപ്പില്‍ വില്പനയ്ക്ക് വച്ചു ....

കൂട്ടുകാര്‍ അവര്‍ നിര്‍മ്മിച്ച ലോഷനുമായി ..

പുറത്തെ പ്രത്യേക ബോര്‍ഡില്‍ രേഖപ്പെടുത്തിയ സൂചനകള്‍ ഉപയോഗിച്ച് കൊണ്ട് നിര്‍മ്മാണ രീതി കൂട്ടുകാര്‍ എഴുതി തയ്യാറാക്കി .



കളികളിലൂടെ ഇംഗ്ലിഷ് പഠനം ....


സ്വാഭാവികമായ പ്രവര്‍ത്തന രീതികളിലൂടെ ഇംഗ്ലിഷ് ഭാഷാ പഠനത്തില്‍ മുന്നേറുക എന്ന ലക്‌ഷ്യം വച്ച് കളികളിലൂടെ ഇംഗ്ലീഷ് പഠിക്കുക എന്ന തന്ത്രം വിജയകരമായി നടപ്പിലാക്കാന്‍ ഇപ്പോള്‍ കഴിയുന്നു ... കളി നിയമങ്ങളും നിര്‍ദേശങ്ങളും ഇംഗ്ലിഷിലൂടെ തന്നെയായിരിക്കും നല്‍കുക . കൂട്ടുകാര്‍ താല്പര്യപൂര്‍വ്വം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു .



രാവിലെയുള്ള വായന 

എന്നും രാവിലെ കൂട്ടുകാര്‍ ഇപ്പോള്‍ ഒന്‍പതു മണിക്ക് സ്കൂളിലെത്തും ... സ്വയം വായനാ സാമഗ്രികള്‍ തെരഞ്ഞെടുത്ത് സ്വതന്ത്ര വായനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു .


വായനാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നു ....


വായനയുടെ മികവുകള്‍ പങ്കുവയ്ക്കുന്നു .... 


അധ്യാപകരും ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നു ....

Tuesday 3 November 2015

വിദ്യാലയ അനുഭവങ്ങളിലൂടെ ....

ഷിജിന്റെ ജന്മദിനം 


       ഷിജിന്‍ എല്‍ കെ ജി ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കനായ കൂട്ടുകാരനാണ് .... അവന്‍റെ നടപ്പും ഇരിപ്പും പ്രവര്‍ത്തനങ്ങളും ഒക്കെ കൗതുകമുള്ള കാഴ്ചയാണ് ... അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഏറ്റവും ഉറക്കെ അതു ഏറ്റു ചൊല്ലുന്നത് ഷിജിനാണ്.... രാവിലെ പ്രഥമാധ്യാപകന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയശേഷം ഒരു സ്വകാര്യം പറഞ്ഞു ... " ഇന്ന് എന്‍റെ ജന്മദിനമാണ് ..." അമ്മ ഒരു പുസ്തകം വാങ്ങി തന്നിട്ടുണ്ട് സ്കൂളില്‍ തരാന്‍ .....അസംബ്ലിയില്‍ വച്ച് പുസ്തകം അവന്‍ അവന്‍റെ ടീച്ചറിന് കൈമാറി ....ഒരു കഥാപുസ്തകം ... " മുയലിന്‍റെ ബുദ്ധി .... മുതിര്‍ന്ന കൂട്ടുകാര്‍ കൈയടിച്ചും പാട്ട് പാടിയും ഷിജിന് ആശംസകള്‍ നേര്‍ന്നു ....
വെളിച്ചം 2016 


     രണ്ടാം തരത്തിലെ കൂട്ടുകാര്‍ക്ക് വേണ്ടി ഡയറ്റ് തയ്യാറാക്കിയ വെളിച്ചം 2016 പരിപാടിയുമായി ബന്ധപ്പെട്ട വായനാ കാര്‍ഡുകള്‍ സ്കൂളിലെത്തി . കൂട്ടുകാര്‍ സന്തോഷപൂര്‍വമാണ് അതു ഏറ്റു വാങ്ങിയത് ... എന്ന് വായിക്കാന്‍ തരുമെന്ന അന്വേഷണം അവര്‍ അധ്യാപകരോട് നടത്തുന്നത് കാണാമായിരുന്നു ....

Saturday 24 October 2015

സ്കൂള്‍ വിശേഷങ്ങളിലൂടെ.....

ആയിരം മണിക്കൂര്‍ പഠനസമയം ...



പഠിക്കാനുള്ള അവകാശം കൂട്ടുകാര്‍ക്ക് ഉറപ്പു വരുത്തുക ഏതൊരു വിദ്യാലയത്തിന്റെയും പ്രാഥമികമായ കടമയാണ് . ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ക്ക് ആയിരം മണിക്കൂര്‍ പഠനസമയം ഉറപ്പു വരുത്തുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ് ആര്‍ ജി കൂടിച്ചേരലില്‍ ഞങ്ങള്‍ രൂപം നല്‍കി . ഇപ്പോള്‍ എന്നും രാവിലെ 9 മണിക്ക് ഞങ്ങള്‍ കൂട്ടുകാരോടൊപ്പം ഒത്തുചേരും ... അനൗപചാരികമായി ..... നാടന്‍പാട്ട് , പഴഞ്ചൊല്ല് , കടങ്കഥ , നിഴല്‍ നാടകം , കവിതകള്‍ പരിചയപ്പെടല്‍... അങ്ങനെ വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങളുമായി .... കവിതകളും കഥകളും കേള്‍ക്കാന്‍ , ചൊല്ലാന്‍ , വിലയിരുത്താന്‍ , വായിക്കാന്‍ നിരവധി അവസരങ്ങള്‍ ..... കൂട്ടത്തില്‍ ചില ലേഖന പ്രവര്‍ത്തനങ്ങളും ....
സഹപഠനത്തിന്‍റെയും സഹ അധ്യാപനത്തിന്റെയും പുത്തന്‍ മാതൃകകള്‍ ഇവിടെ സൃഷ്ട്ടിക്കപ്പെടുന്നു ... ചേച്ചിയും അനുജനും ഒരുമിച്ചിരുന്ന് പഠനത്തിന്‍റെ മധുരം നുണയുന്നു...
     എന്‍റെ ടീമിലെ അധ്യാപകരായ അംഗങ്ങള്‍ ഇവയ്ക്ക് സ്വമനസ്സാലെ നേതൃത്വം നല്‍കുന്നു ... ആവേശപൂര്‍വ്വം കൂട്ടുകാരും ....


സച്ചുവിന്റെ ജന്മദിനം 



   സച്ചു മൂന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍ ..... അവന്‍റെ ജന്മദിനത്തിന് ഒരു പുസ്തകം ഓണസ്റ്റി ഷോപ്പില്‍ നിന്നും വാങ്ങിയാണ് അവന്‍ രാവിലെ ക്ലാസ്സിലെത്തിയത് ... അസംബ്ലിയില്‍ വച്ച് പുസ്തകം അവന്‍റെ ടീച്ചര്‍ക്ക് കൈമാറി .... തന്‍റെ ജന്മദിനത്തിന് സ്കൂളിലെ കൂട്ടുകാര്‍ക്ക് വായിക്കാനായി പുസ്തകം സമ്മാനമായി നല്‍കിയ സച്ചുവിന് കൂട്ടുകാര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു .


ദേവികയുടെ സമ്മാനം 



രണ്ടാം തരത്തിലെ ദേവികയ്ക്ക് പൂക്കളെ ഇഷ്ട്ടമാണ് ...പ്രത്യേകിച്ച് ചുവന്ന റോസാപ്പൂക്കളെ .... അച്ഛനെയും കൂട്ടി ഇടയ്ക്കിടയ്ക്ക്  തൊട്ടടുത്തുള്ള കുഴിപ്പള്ളം ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പോയി പൂക്കള്‍ക്കിടയില്‍ കുറച്ചുനേരം നടക്കുക അവളുടെ ഇഷ്ട്ട വിനോദമാണ്‌ ... കഴിഞ്ഞ ദിവസം ഒരു റോസാചെടിയുമായാണ് അവള്‍ സ്കൂളിലെത്തിയത് ... പ്രീതാരാജ് ടീച്ചറിന്‍റെ കൈയ്യില്‍ തന്‍റെ കൂട്ടുകാര്‍ക്കായി ആ ചുവന്ന റോസാച്ചെടി സ്നേഹപൂര്‍വ്വം അവള്‍ കൈമാറി ....


പ്രീ പ്രൈമറി ക്ലാസ്സില്‍ മധുരമുള്ള പ്രവര്‍ത്തനങ്ങള്‍ 



  കഴിഞ്ഞ ദിവസം പ്രീ പ്രൈമറി ക്ലാസ്സിലെ കൂട്ടുകാര്‍ അധ്യാപകരോടൊപ്പം വട്ടം കൂടിയിരുന്ന് പഴങ്ങള്‍ കഴുകുകയും കഷണങ്ങളാക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു . അവര്‍ ഫ്രൂട് സാലഡ് ഉണ്ടാക്കാനുള്ള വഴികള്‍ പഠിക്കുകയാണ് ... എന്തൊക്കെ പഴങ്ങള്‍ ? നിറം ? രുചി ? ആകൃതി ? പങ്കുവയ്ക്കല്‍ തകൃതിയായി നടക്കുന്നു . 



ഇതിനിടയില്‍ ചില മിടുക്കന്മാര്‍ ചില കഷണങ്ങള്‍ വായിലാക്കുകയും ചെയ്യുന്നുണ്ട് . അവര്‍ വളരെ വേഗം ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്ന വിധം പഠിച്ചു . പാത്രങ്ങളില്‍ ആക്കിയ ഫ്രൂട്ട് സാലഡ് അവര്‍ സ്കൂളിലെ മുതിര്‍ന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും വിതരണം ചെയ്തു .....

Saturday 17 October 2015

ദിനാഘോഷങ്ങള്‍

ലോക കൈകഴുകല്‍ ദിനം 2015
               ഓരോ ദിനവും കൂട്ടുകാര്‍ക്ക് പുതിയ പുതിയ അനുഭവങ്ങള്‍ നല്‍കുന്നവയായി മാറണം .... ഈ വര്‍ഷത്തെ ലോക കൈകഴുകല്‍ ദിനാഘോഷം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളോടെ ഞങ്ങളുടെ വിദ്യാലയത്തിലും ആഘോഷിച്ചു ......കാഴ്ച്ചകളിലേയ്ക്ക് ....
പ്രത്യേക അസംബ്ലി
      അസംബ്ലിയില്‍ കൂട്ടുകാരുടെ വൈവിധ്യമാര്‍ന്ന അവതരണങ്ങള്‍ , കൈകഴുകല്‍ ദിന പ്രതിഞ്ജ , ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രകാശനം എന്നിവ നടന്നു .




 ബഹുമാനപ്പെട്ട ബി പി ഓ ശ്രീമതി ലത ടീച്ചര്‍ , ആരോഗ്യ പ്രവര്‍ത്തക ശ്രീമതി ബിന്ദു , സി ആര്‍ സി കൊ ഓര്‍ഡിനേറ്റര്‍ ശ്രീമതി സന്ധ്യ എന്നിവര്‍ പങ്കെടുത്തു
വര്‍ണ്ണശബളമായ  റാലി നടന്നു .....


വിവിധ മത്സരങ്ങള്‍ നടന്നു ....
പോസ്റ്റര്‍ രചനാ മത്സരം , കവിതാലാപനം , ചിത്രംവര എന്നിവ നടന്നു . ചില കൂട്ടുകാരുടെ പോസ്റ്ററുകള്‍ കൗതുകമുണര്‍ത്തുന്നവയായിരുന്നു



കൈകളുടെ ആകൃതിയിലുള്ള പ്ലക്കാര്‍ഡുകള്‍ നിര്‍മ്മിച്ചു പിടിച്ചു കൊണ്ടാണ്  കൂട്ടുകാര്‍ റാലിയില്‍ പങ്കെടുത്തത് .....