Saturday, 19 December 2015

ക്രിസ്മസ് ദിനാഘോഷം

സ്നേഹത്തിന്‍റെ സന്ദേശം വിളംബരം ചെയ്യുന്ന ക്രിസ്മസ്


      വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ക്ലാസ്സ്‌ മുറികളില്‍ പുല്‍ക്കൂടും നക്ഷത്ര വിളക്കുകളും ക്രിസ്മസ് ട്രീയുമോരുക്കി കൂട്ടുകാര്‍ സന്തോഷപൂര്‍വ്വം ആഘോഷ പരിപാടികളില്‍ പങ്കെടുത്തു . 


പ്രഥമാധ്യാപകന്‍ ക്രിസ്മസ് സന്ദേശം നല്‍കി . യേശുക്രിസ്തുവിനെ കുറിച്ചുള്ള നന്മ നിറഞ്ഞ കഥകള്‍ അവതരിപ്പിച്ചുകൊണ്ട് വിശിഷ്ട   അതിഥിയായി എത്തിയ റവ ഫാദര്‍ മിശിഹാദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .... 


കൂട്ടുകാരുടെ വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു .


പ്രഥമാധ്യാപകന്‍ നല്‍കിയ ക്രിസ്മസ് ദിന സന്ദേശത്തില്‍ നിന്ന്‍.....
പ്രിയപ്പെട്ട കൂട്ടുകാരേ .....
      വീണ്ടുമൊരു ക്രിസ്മസ്ദിനം കൂടി ...... സ്നേഹത്തിന്‍റെ സഹനത്തിന്‍റെ വിലയേറിയ പാഠങ്ങള്‍ നമ്മുടെ മനസ്സിലേയ്ക്ക് ആവാഹിക്കുന്ന നന്മയുടെ ദിനം ....ഈ ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ എനിക്ക് നന്മ നിറഞ്ഞ ചില നല്ല ഓര്‍മ്മകള്‍ ഉണ്ട്.....
എന്‍റെ കുഞ്ഞുനാളില്‍ എന്‍റെ വീട്ടിനടുത്തുള്ള പള്ളിയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍ ... കൗതുകത്തോടെ അവിടെ നടക്കുന്ന പ്രാര്‍ഥനകളിലും ചടങ്ങുകളിലും ഞാനും പങ്കെടുത്തിരുന്നു . മറ്റു മത വിഭാഗങ്ങളിലെ കുട്ടികളെ   പള്ളിയില്‍ നടത്തിയിരുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അന്ന് അനുവദിച്ചിരുന്നു . എന്‍റെ അച്ഛനും അമ്മയ്ക്കും അത് സമ്മതവുമായിരുന്നു ...
അങ്ങനെ വളര്‍ന്നത്‌ കൊണ്ടാകണം മറ്റു മതങ്ങളെ കുറ്റപ്പെടുത്താതെ നല്ലത് മാത്രം കാണുന്ന ഒരു മനസ്സും സംസ്ക്കാരവും എനിക്ക് സ്വായത്തമായത് .പില്‍ക്കാലത്ത്‌ ബൈബിള്‍ മുഴുവന്‍ വായിക്കാനും പഠിക്കാനും അതിലെ നന്മകളെ കുറിച്ച് ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കൂടി കഴിഞ്ഞത് അത് കൊണ്ടാണ് ... ഇന്ന് മതങ്ങള്‍ തമ്മില്‍ പരസ്പരം മല്ലടിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും ..... മതത്തിന്‍റെ യഥാര്‍ഥലക്‌ഷ്യം തിരിച്ചറിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .....
ഒരു മനുഷ്യനായി മാറുന്നതിന് ഏറ്റവും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും നിങ്ങള്‍ ഏര്‍പ്പെടണം . ബൈബിള്‍ വായിച്ചത് കൊണ്ടോ ... പള്ളിയില്‍ പോയത് കൊണ്ടോ ഞാന്‍ വിശ്വസിക്കുന്ന മതം മോശമാണെന്ന് എനിക്ക് തോന്നിയിട്ടില്ല ... തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായി ഞാന്‍ എന്നും തുടരുന്നു ... പക്ഷേ മതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളില്‍ എനിക്ക് തീര്‍ത്തും എതിര്‍പ്പാണ് . മനുഷ്യനെ പറ്റിക്കാനുള്ള ഒരു മാര്‍ഗ്ഗമായോ കച്ചവടം നടത്താനുള്ള ഒരു ഉപകരണമായോ മതത്തെ ഉപയോഗിക്കാന്‍ പാടില്ല .....
യേശുക്രിസ്തു മഹാനായ ദൈവപുത്രനാണ്‌ .... ഒരു യഥാര്‍ഥ മനുഷ്യന്‍ എങ്ങനെ ആയിരിക്കണം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ശ്രീയേശു ..... അതുകൊണ്ട് യേശുവിന്‍റെ ജീവിതത്തെ കുറിച്ച് യഥാതഥമായി പഠിക്കണം ....
അദ്ദേഹത്തിന്‍റെ നന്മ നിറഞ്ഞ വാക്കുകള്‍ സ്വന്തം ജീവിതത്തിലേയ്ക്ക് ചേര്‍ത്ത് വയ്ക്കണം .... നക്ഷത്രവിളക്കും പുല്‍ക്കൂടും ക്രിസ്മസ് പാപ്പയുമെല്ലാം ആ ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളായി മാറണം ....
   ഇന്നലെ എന്‍റെവീട്ടിലും ക്രിസ്മസ്കരോള്‍ സംഘം വന്നിരുന്നു . അവരുടെ പാട്ടുകളിലും പ്രാര്‍ഥനകളിലും ഞാനും പങ്കുചേര്‍ന്നു . മനുഷ്യനന്മ വിളംബരംചെയ്യുന്ന അത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു മടിയും ഞാന്‍ കാട്ടാറില്ല ....
    മതപരമായ സഹിഷ്ണുത വച്ച് പുലര്‍ത്തുന്ന ജനാധിപത്യബോധമുള്ള കൂട്ടുകാരായി മാറാന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മതജാതി ഭേദമില്ലാതെ പങ്കെടുക്കുന്നതിലൂടെ എന്‍റെ കൂട്ടുകാര്‍ക്ക് കഴിയട്ടെ .....പള്ളികളും ക്ഷേത്രങ്ങളും മോസ്ക്കുകളും ഇത്തരത്തില്‍ ജനാധിപത്യ വേര്തിരിവില്ലാത്ത സ്നേഹ സന്ദേശങ്ങള്‍ കൈമാറുന്ന സ്ഥാപനങ്ങളായി മാറട്ടെ ....
   നമ്മുടെ വിദ്യാലയത്തില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ അതിനുവേണ്ടിയുള്ള നല്ല മാതൃകയായി മാറട്ടെ .... 
അനീതിക്കെതിരെ ചാട്ടവാര്‍ ഉയര്‍ത്തിയ .......
തന്‍റെ ജീവത്യാഗംകൊണ്ട് മനുഷ്യന്‍റെ പാപങ്ങള്‍ തുടച്ചു നീക്കാന്‍ ശ്രമിച്ച .....
സ്നേഹത്തിന്‍റെ ഭാഷയിലൂടെ മനുഷ്യനെ മനുഷ്യത്വമുള്ളവരാക്കി മാറ്റിയ ....
യേശുക്രിസ്തുവിന്റെ ജന്മദിനം പ്രതീക്ഷയുടെ ദിനമായി മാറട്ടെ .... 
എല്ലാ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ക്രിസ്മസ്ദിന ആശംസകള്‍ ഒരിക്കല്‍ കൂടി നേരുന്നു ...
നമസ്തേ ....Tuesday, 15 December 2015

പഠന പ്രവര്‍ത്തനങ്ങള്‍

ഒന്നാം ക്ലാസ്സില്‍ അക്ഷരമരം


           അക്ഷരങ്ങള്‍ തിരിച്ചറിയുന്നത്  ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ വൈവിധ്യമാര്‍ന്ന ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെയാണ് ... അങ്ങനെ തിരിച്ചറിയുന്ന അക്ഷരങ്ങള്‍ കാര്‍ഡുകളില്‍ എഴുതി തൂക്കിയിടാന്‍ അവര്‍ക്കൊരു അക്ഷരമരം തയ്യാറായി .... 

അക്ഷര മരത്തിന് മുന്നില്‍ കൂട്ടുകാര്‍ 

മനോഹരമായ അക്ഷരമരത്തില്‍ പൂക്കളും ഇലകളും അവര്‍ കടലാസ് കൊണ്ട് ഉണ്ടാക്കി ഒട്ടിച്ചുവച്ചു . 

UNIT 5 BABY ELEPHANT


  ഒന്നാം ക്ലാസ്സിലെ  ഇംഗ്ലീഷില്‍ ആനക്കുട്ടിയെ കുറിച്ചൊരു പാഠമുണ്ട് ... ആനക്കുട്ടിയെയും കൂട്ടുകാരുടെയും കാടിന്റെയും മനോചിത്രങ്ങള്‍ കൂട്ടുകാരുടെ മനസ്സില്‍ രൂപപ്പെടാന്‍ അനിത ടീച്ചര്‍ ക്ലാസ്സില്‍ ഒരു കാടൊരുക്കി.... ബിഗ്‌ പിക്ച്ചറില്‍.... മനോഹരമായ ആ കാട്ടില്‍ പാഠത്തിലെ വിവിധ കഥാപാത്രങ്ങള്‍ ഇടം പിടിച്ചു .... പാഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ കാട്ടിലും കാഴ്ചകളുടെ വൈവിധ്യം കൂടി കൂടി വന്നു ....

ഇലകളിലെ സംഖ്യകള്‍ 


       ഒന്ന് മുതല്‍ പത്ത് വരെയുള്ള സംഖ്യാബോധം നേടിയ കൂട്ടുകാര്‍ക്ക് തുടര്‍ന്നുള്ള സംഖ്യകള്‍ കൊണ്ടുള്ള ഗണിത പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമായിരിക്കും ... അതിനു വേണ്ടി നിരവധി പഠനോപകരണങ്ങള്‍ അവര്‍ക്ക് ആവശ്യം വേണ്ടി വരും ... അതിനു വേണ്ടി തയ്യാറാക്കിയ ഒരു പഠനോപകരണമാണിത് 

ഓണസ്റ്റി ഷോപ്പ് ....  മികവുകള്‍ 


      ഓണസ്റ്റി ഷോപ്പിലെ പരസ്യങ്ങള്‍ മെച്ചപ്പെടുന്നു ... നല്ല നല്ല പരസ്യങ്ങള്‍ തയ്യാറാക്കാന്‍ ഇപ്പോള്‍ കൂട്ടുകാര്‍ക്ക് കഴിയുന്നു ... പരസ്യങ്ങള്‍ ഭാഷാപഠനത്തിന്‍റെ ഭാഗമാണ് ... പരസ്യങ്ങള്‍ തയ്യാറാക്കുക എന്ന സ്വാഭാവിക പഠനപ്രവര്ത്തനത്തിനുള്ള പഠനോപകരണമായി മാറുകയാണ് ഓണസ്റ്റി ഷോപ്പ് . ഇതുവരെ ഏകദേശം 5000 രൂപയുടെ കച്ചവടം ഇതിലൂടെ കൂട്ടുകാര്‍ നടത്തി . ചുമതലയുള്ള മൂന്നാം ക്ലാസ്സുകാര്‍ക്ക്‌ നന്ദി ....

വൈഷ്ണവിയുടെ ക്രിസ്മസ് കാര്‍ഡ് 


    വൈഷ്ണവി ചിത്രം വരയ്ക്കാന്‍ മിടുക്കിയാണ് . അവള്‍ തയ്യാറാക്കിയ ക്രിസ്മസ് കാര്‍ഡ് അവള്‍ സന്തോഷപൂര്‍വ്വം ടീച്ചര്‍ക്ക് നല്‍കി 

Saturday, 12 December 2015

പഠന പ്രവര്‍ത്തനങ്ങള്‍

കൂട്ടുകാരുടെ സൃഷ്ട്ടികള്‍ 


      രണ്ടാം തരത്തിലെ കൂട്ടുകാര്‍ ശില്പങ്ങള്‍ ഉണ്ടാക്കാനും മിടുക്കരാണ് ... അവരുടെ കഴിവുകള്‍ അറിയുന്ന ടീച്ചര്‍ ചൈനാക്ലേ ഉപയോഗിച്ച് രൂപങ്ങളുണ്ടാക്കാന്‍ അവസരമൊരുക്കി ... രൂപങ്ങളുണ്ടാക്കി അവര്‍ അത് വെള്ള പേപ്പറില്‍ നിരത്തി വച്ചു... വിവിധ ജീവികള്‍ അവരുടെ കൈ വിരുതിലൂടെ ജീവന്‍ വച്ചു....

ടീച്ചറിന് കസേര വേണ്ട....


   വെളിച്ചം വായനാ കാര്‍ഡുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കൂട്ടുകാരോടൊപ്പം പ്രീതാരാജ് ടീച്ചര്‍ തറയില്‍ ഇരുന്നു ...വായനാ കാര്‍ഡുകളിലെ പ്രവര്‍ത്തനത്തില്‍ ഒരു സജീവ പങ്കാളിയായി .... അതു അവരില്‍ ആവേശം നിറച്ചു ...

ശലഭ മരം 


മൂന്നാം ക്ലാസ്സിലെ പരിസരപഠനം പുസ്തകത്തില്‍ ചിത്രശലഭങ്ങളുമായി ബന്ധപ്പെട്ട ഒരു പാഠമുണ്ട് . ആ പാഠവുമായി ബന്ധമുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കി .  അതില്‍ വീഡിയോ പ്രദര്‍ശനം , ശലഭ പാട്ടുകള്‍ , ശലഭ കാര്‍ഡുകള്‍ നിര്‍മ്മാണം , ശലഭ നിര്‍മ്മാണം , ശലഭ ആല്‍ബം , ചിത്രങ്ങള്‍ ശേഖരിക്കല്‍ എന്നിവയൊക്കെ നടന്നു . കൂട്ടത്തില്‍ ശലഭമരവും കൂട്ടുകാര്‍ നിര്‍മ്മിച്ചു ... മനോഹരമായ ശലഭ മരം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു .

ഫിന്‍ഗര്‍ ടിപ്പ് പ്രവര്‍ത്തനങ്ങള്‍ 


  നിറമുള്ള പൂക്കള്‍ ... വിവിധ തരത്തില്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നു ... അതിനു അവരെ പ്രാപ്തരാക്കിയത് ബി ആര്‍ സി യില്‍ നിന്നും എത്തിയ ഷീബ ടീച്ചറിന്റെയും സന്ധ്യ ടീച്ചറിന്റെയും നേതൃത്വത്തിലുള്ള ടീം നല്‍കിയ പരിശീലനമാണ് . കൂട്ടുകാര്‍ ഗ്രൂപ്പുകളായി ഈ പരിശീലനത്തില്‍ പങ്കെടുത്തു .... ആവേശകരമായിരുന്നു ആ അനുഭവം