Tuesday 13 September 2016

അധ്യാപക ദിനാഘോഷം

വേറിട്ട അനുഭവങ്ങളുമായി ഒരു ആഘോഷം

    അധ്യാപക ദിനാഘോഷം എല്ലാ വര്‍ഷവും നടക്കുന്ന ഒരു പ്രവര്‍ത്തനമാണ് ... ഇത്തവണ അത് കൂട്ടുകാര്‍ക്ക് എങ്ങനെ ഒരു പുത്തന്‍ അനുഭവമാക്കി മാറ്റാന്‍ കഴിയും എന്ന ചിന്തയാണ് താഴെ കാണുന്ന രീതിയില്‍ ഒരു കൂട്ടം പ്രവര്ത്തനങ്ങള്‍ ഒരുക്കാന്‍ ഞങ്ങളെ സഹായിച്ചത് ....
രാവിലെ എട്ടരയ്ക്ക് കൂട്ടുകാരും അധ്യാപകരും സ്കൂളിലെത്തി ....
ഡോ എസ് രാധാകൃഷ്ണന്‍റെ ചിത്രവും നിലവിളക്കും തോരണങ്ങളും എല്ലാം കൂട്ടുകാര്‍ നിമിഷങ്ങള്‍ക്കകം ഒരുക്കി .... പ്ലക്കാര്‍ഡുകള്‍ ആര് പിടിക്കണം എന്ന് അവര്‍ തീരുമാനിച്ചു . ബാനര്‍ പിടിക്കാന്‍ പൊക്കമുള്ള കൂട്ടുകാരെ അവര്‍ കണ്ടെത്തി ....
കൂട്ടുകാരുടെ കൂട്ടം തയ്യാറാക്കിയ മുദ്രാഗീതങ്ങള്‍ റിഹെഴ്സല്‍ നടത്തി ....
ഒന്‍പതു മണി കഴിഞ്ഞപ്പോഴേക്കും ബി ആര്‍ സിയില്‍ നിന്നും സന്ധ്യ ടീച്ചറും സവിത ടീച്ചറും എത്തി .അല്പം കഴിഞ്ഞപ്പോള്‍ ബഹുമാനപ്പെട്ട എ ഇ ഓ ശ്രീമതി ഉമ ടീച്ചറും ഞങ്ങളോടൊപ്പം ചേര്‍ന്നു  ...
 ഉദ്ഘാടനം കൃത്യം 10 മണിക്ക് തന്നെ നടന്നു .... അസംബ്ലിയില്‍ ജീവിത ശൈലിയെ കുറിച്ച് ക്ലാസ്സ് എടുത്തുകൊണ്ട് ഉമ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .... 


കൂട്ടുകാരും ടീച്ചറും ചേര്‍ന്ന്‍ ഡോ രാധാകൃഷ്ണന്‍റെ ചിത്രത്തിന് മുന്നില്‍ ദീപം തെളിച്ചു . അധ്യാപകദിന സമ്മാനം നല്‍കി ഉമടീച്ചറിനെ ആദരിച്ചു ....
ഗ്രാമയാത്രയിലേയ്ക്ക്....


     പഠനത്തിനായി ഗ്രാമ യാത്രകള്‍ സംഘടിപ്പിക്കാന്‍ ഇത്തവണ ഞങ്ങള്‍ തീരുമാനിച്ചിരുന്നു . അധ്യാപക ദിനത്തിന് ഗുരുവര്യരെ തേടിയാണ് യാത്ര സംഘടിപ്പിച്ചത് . അതിനുള്ള അഭിമുഖ ചോദ്യാവലി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു . ശ്രീമതി പ്രകാശി ടീച്ചറിന്‍റെ വീട്ടിലേയ്ക്കായിരുന്നു യാത്ര ... അവിടെയെത്തി ടീച്ചറിന്‍റെ അനുഗ്രഹങ്ങള്‍ കൂട്ടുകാര്‍ തേടി ... തുടര്‍ന്ന്‍ അഭിമുഖവും നടന്നു ... പായസവും മധുരവും ഒരുക്കി ടീച്ചര്‍ കാത്തിരിപ്പുണ്ടായിരുന്നു .... പോകുന്ന വഴിയോരങ്ങളില്‍ ഗ്രാമയാത്ര കണ്ടുനിന്നവര്‍ക്ക്‌ അധ്യാപകന്‍റെ മഹത്വം വിളംബരം ചെയ്യുന്ന ഗ്രാമപത്രങ്ങള്‍ വിതരണം ചെയ്തു ....


ടീച്ചറും കുട്ടിയും കളി

    കൂട്ടുകാരെ നാല് ഗ്രൂപ്പുകളാക്കി ടീച്ചറും കുട്ടിയും കളി നടത്തി ... തികഞ്ഞ അവധാനതയോടെ അവര്‍ മുതിര്‍ന്ന ടീച്ചര്‍മാരായി...
ഉച്ചയ്ക്ക് ശേഷം മഹാന്മാരായ അധ്യാപകരുടെ ജീവിതങ്ങള്‍ , അധ്യാപക കഥകള്‍ , ഡോ രാധാകൃഷ്ണന്‍റെ ജീവിത രേഖകള്‍ എന്നിവ പവര്‍പോയിന്റ് വഴിയും സി ഡികള്‍ ഇട്ടും കൂട്ടുകാരെ പരിചയപ്പെടുത്തി ...


ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍

       എങ്ങനെയാണ് ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍ കൂട്ടുകാരെ പഠിപ്പിക്കുക ?
അതിനു ക്ലാസ്സ് മുറിയില്‍ എന്തൊക്കെ അവസരങ്ങള്‍ ഒരുക്കണം ... ?

  • കൂട്ടുകാരുടെ മികവുകള്‍ ആദരിക്കപ്പെടണം
  • ജനാധിപത്യ മാതൃകകള്‍ ക്ലാസ്സ് മുറിയില്‍ പരിചയപ്പെടാന്‍ അവസരമോരുങ്ങണം
  • തികഞ്ഞ ഒരു ജനാധിപത്യ വാദിയായി അധ്യാപകര്‍ മാറണം

ഉദാ:-
കഴിഞ്ഞ ദിവസം അധ്യാപകരുടെ നോട്ടു പുസ്തകങ്ങള്‍ പരിചയപ്പെടാനും വിലയിരുത്താനും ഞങ്ങള്‍ ക്ലാസ്സ് റൂമില്‍ അവസരമൊരുക്കി ... അവ വിലയിരുത്തുന്നതിന് ചില സൂചകങ്ങള്‍ തയ്യാറാക്കി പരിചയപ്പെടുത്തി . അവര്‍ ഉത്സാഹത്തോടെ അധ്യാപകരുടെ നോട്ടു പുസ്തകങ്ങള്‍ പരിശോധിച്ച് മാര്‍ക്കിട്ടു .... തുടര്‍ന്ന്‍ ഇതേ സൂചകങ്ങള്‍ ഉപയോഗിച്ച് പഠനക്കൂട്ടത്തില്‍ പരസ്പര വിലയിരുത്തലുകള്‍ നടത്തി



ഓണോത്സവം

പതിവ് പരിപാടികളുമായി ഓണം ഞങ്ങളുടെ വിദ്യാലയത്തിലും ആഘോഷിച്ചു ... ഓണസദ്യ , ഊഞ്ഞാല്‍ ആട്ടം , ഓണപ്പാട്ടുകള്‍ , ഓണസമ്മാനം , കഥകള്‍ , അത്തപ്പൂക്കള മത്സരം എന്നിവ നടന്നു


കൂട്ടുകാര്‍ക്കുള്ള ഓണസദ്യയ്ക്ക് വിഭവങ്ങളുമായി കാത്തു നില്‍ക്കുന്ന രക്ഷിതാക്കള്‍