Friday, 12 December 2014

സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍

മഴവില്ല് പ്രവര്‍ത്തനപുസ്തകം ഓരോ കൂട്ടുകാര്‍ക്കും........


മഴവില്ല് പ്രവര്‍ത്തനപുസ്തകം രണ്ടാംതരത്തിലെ കൂട്ടുകാര്‍ക്ക് പഠനത്തിന് കൂട്ടാവുന്നു . എസ് എസ് എ പുറത്തിറക്കിയ ഈ പുസ്തകം രണ്ടാംക്ലാസ്സിലെ രണ്ടാം ടേം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് . പുസ്തകത്തിന്‍റെ ഒരു കോപ്പിയാണ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചത് . എഴുപതിലധികം വര്‍ക്ക്‌ഷീറ്റുകള്‍ ഇതിലുണ്ട് . ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ക്ക് വേണ്ടി ഇവയുടെ ഫോട്ടോകോപ്പി എടുത്തു. ഓരോ പുസ്തകമാക്കി . പുസ്തകത്തിന്‍റെ പുറംചട്ടയില്‍ കൂട്ടുകാര്‍ തന്നെ ചിത്രം വരച്ച് നിറം നല്‍കി .


 ഇപ്പോള്‍ ക്ലാസ്സ്‌മുറിയില്‍ ഉപയോഗിക്കുന്ന പ്രവര്‍ത്തന പുസ്തകമായി മഴവില്ല് മാറി . പുസ്തകത്തിന്റെ ആദ്യപേജുകളിലെ നിര്‍ദ്ദേശങ്ങള്‍ എസ് ആര്‍ ജിയില്‍ വായിച്ചു ചര്‍ച്ചചെയ്തു . സ്പൈറലിംഗ് രീതിയില്‍ അക്ഷരങ്ങളും പദങ്ങളും തിരിച്ചറിഞ്ഞ് ഭാഷാപഠനത്തില്‍ മുന്നേറുന്നതിനുള്ള സാധ്യതകള്‍  ഈ പ്രവര്‍ത്തനപുസ്തകത്തിലുണ്ട് .
വീടുകളുടെ വര്‍ണ്ണവൈവിധ്യം


വര്‍ണ്ണങ്ങള്‍ കൊണ്ട് മനോഹരമാക്കിയ വീടുകള്‍ കൂട്ടുകാരുടെ സ്വപ്നമാണ്. ആ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുന്നതിന് കടലാസുവീടുകളുടെ നിര്‍മ്മാണം അവരെ സഹായിച്ചു . വീടുകളുടെ പ്രത്യേകതകള്‍ , വിശേഷങ്ങള്‍ , വിവിധതരം വീടുകള്‍ , വീട് നിര്‍മ്മാണസാമഗ്രികള്‍ ,ഉപയോഗം എന്നിവ ചര്‍ച്ച ചെയ്തു . ചെറുവാക്യങ്ങളാക്കി വീടിനെക്കുറിച്ച് വിവരണം തയ്യാറാക്കി . തുടര്‍ന്നാണ് വീട്നിര്‍മ്മാണപ്രവര്‍ത്തനം നല്‍കിയത്‌ . കടലാസുകൊണ്ട് വീടുകള്‍ നിര്‍മ്മിച്ച്‌ അവയ്ക്ക് ക്രയോന്‍സ്‌ ഉപയോഗിച്ച് വിവിധ നിറങ്ങള്‍ നല്‍കി . വീടുകള്‍ക്ക് പേരുകള്‍ നല്‍കി അതിനുശേഷം അവ പ്രദര്‍ശിപ്പിച്ചു .
കാടിനെക്കുറിച്ചു വിവരണം തയ്യാറാക്കുന്നതിന് കട്ടൗട്ടുകള്‍....


കാടിനെക്കുറിച്ചു വിവരങ്ങള്‍ ശേഖരിച്ച കൂട്ടുകാര്‍ മരങ്ങളുടെയും മൃഗങ്ങളുടെയും മറ്റും കട്ടൗട്ടുകള്‍ തയ്യാറാക്കി സാന്‍ഡ്ട്രേയില്‍ കുത്തി നിര്‍ത്തി . കാടിന്‍റെ ചെറുരൂപം സൃഷ്ട്ടിച്ചു . കാട് സൃഷ്ട്ടിക്കുന്നതിന് അവര്‍ കാണിച്ച കരവിരുത് മറ്റുക്ലാസ്സുകളിലെ കൂട്ടുകാരെയും ആകര്‍ഷിച്ചു . 




      പേപ്പറുകള്‍ കൊണ്ട് പൂച്ചകളും മീനുകളും പൂമ്പാറ്റകളും അവര്‍ നിര്‍മ്മിക്കുന്നു . എല്ലാം പഠനത്തിന്‍റെ ഭാഗമായി....... പഠനം സര്ഗാത്മകവും ആസ്വാദ്യകരവും ആകുന്നത് എങ്ങനെയെന്നതിന് ഉദാഹരണങ്ങളാണ് കൂട്ടുകാരുടെ ഓരോ സൃഷ്ട്ടിയും.......


1 comment:

  1. ചുണ്ടവിളാകം സ്കൂളിലെ കൂട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete