Saturday, 19 September 2015

മികവിന്‍റെ സാക്ഷ്യപത്രം

നിരന്തര വിലയിരുത്തലിന് ഒരു ഉപകരണം കൂടി ....

      രാജയോഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് " നമ്മുടെ എല്ലാ അറിവും അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് " കൂട്ടുകാര്‍ നിര്‍മ്മിക്കുന്ന അറിവുകള്‍ , നേടുന്ന കഴിവുകള്‍ അധ്യാപകര്‍ അടുത്തറിയുകയും അവയില്‍ എത്തിച്ചേരാന്‍ കഴിയുന്ന അനുഭവങ്ങള്‍ ക്ലാസ്സ്‌ മുറിയില്‍ സൃഷ്ട്ടിക്കുകയും ചെയ്യുമ്പോഴാണ് അധ്യാപകധര്‍മ്മം പൂര്‍ണ്ണമാകുന്നത് ...
      അധ്യാപകനെ ഏറ്റവുമധികം സ്നേഹിക്കാനും അടുത്ത്‌ ഇടപഴകാനും തങ്ങളില്‍ ഒരാളായി കാണാനും കൂട്ടുകാര്‍ ഇഷ്ട്ടപ്പെടുന്നു .... അധ്യാപകരെ കുറിച്ച് നന്മയുടെ സൂചകങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്താനും അത് കളങ്കമില്ലാതെ അധ്യാപകരോട് നേരിട്ട് പറയാനും അവര്‍ മടിക്കാറില്ല . ( അതിനുള്ള അന്തരീക്ഷം സൃഷ്ട്ടിക്കപ്പെട്ടാല്‍ മാത്രം ...) .ഇത്തരത്തിലുള്ള സന്തോഷകരമായ അനുഭവങ്ങള്‍ അധ്യാപന ജീവിതത്തിലെ തന്നെ സുന്ദരമായ മുഹൂര്‍ത്തങ്ങളാണ് .... ഇത്തരം വിലയിരുത്തലുകള്‍ കുഞ്ഞുവാക്കുകളിലൂടെ കേള്‍ക്കുമ്പോള്‍ അധ്യാപകര്‍ അനുഭവിക്കുന്ന വികാരം അത് അനുഭവിച്ചു തന്നെ അറിയണം .... വാക്കുകളിലൂടെ വരച്ചുകാട്ടുക പ്രയാസം .....
     ഇത്തരം സന്തോഷം കൂട്ടുകാര്‍ക്കും അനുഭവവേദ്യമാക്കുന്നതിനു നമുക്ക് കഴിയും . അതിനുള്ള വഴികളെക്കുറിച്ചുള്ള ചിന്തകള്‍ക്കിടയിലാണ് താഴെ കാണുന്ന പ്രവര്‍ത്തന രീതി നടപ്പിലാക്കാന്‍ കാരണമാകുന്നത് .
      ക്ലാസ്സ്‌ റൂം പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ സുന്ദരമായ ചില മുഹൂര്‍ത്തങ്ങളിലൂടെയും ഉല്‍പ്പന്നങ്ങള്‍ കാണുന്നതിലൂടെയും ഓരോ കൂട്ടുകാരന്റെയും വ്യക്തിപരമായ കഴിവുകള്‍ , മികവുകള്‍ നമ്മുടെ ഹൃദയത്തെ കീഴടക്കും ... അത്തരം നന്മകള്‍ പകരേണ്ടതുണ്ട്... അതിനുവേണ്ടി തയ്യാറാക്കിയ ഒരു സര്‍ഗാത്മക ഉപകരണമാണ് " മികവിന്‍റെ സാക്ഷ്യപത്രം " ഇതു തല്‍സമയം തന്നെ ഗുണാത്മക സൂചകങ്ങള്‍ നന്മയുള്ള വാക്കുകളായി എഴുതി നല്‍കാന്‍ തീരുമാനിച്ചു 



ലക്ഷ്യങ്ങള്‍ 

  • കൂട്ടുകാര്‍ക്ക് സ്വന്തം കഴിവുകള്‍ സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള ശേഷി വികസിപ്പിക്കുന്നതിന് 
  • "എനിക്കും ചില കഴിവുകളുണ്ട് " എന്ന ബോധം മനസ്സില്‍ സൃഷ്ട്ടിക്കുന്നതിലൂടെ ആത്മവിശ്വാസത്തോടെ പഠന പ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിയുന്നതിന്...
  • എല്ലാ കൂട്ടുകാര്‍ക്കും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിലൂടെ പരസ്പര ബഹുമാനവും ആദരവും നിലനിര്‍ത്തുന്നതിന് ...
  • വിവിധ മൂല്യങ്ങള്‍ , മനോഭാവങ്ങള്‍ എന്നിവ കൂട്ടുകാരില്‍ വളര്‍ത്തുന്നതിന്
  • പഠനത്തിന്റെ വഴികള്‍ പരിചയപ്പെടുന്നതിന്
  • മറ്റുള്ളവരെ അംഗീകരിക്കുക , പ്രോത്സാഹിപ്പിക്കുക എന്നിവ ജീവിതത്തിലെ സുപ്രധാനമായ ജീവിതചര്യയായി മാറ്റാന്‍ പ്രേരിപ്പിക്കുന്നതിന് .... 

പ്രവര്‍ത്തനരീതി 

  • ക്ലാസ്സ്‌ മുറിയിലെ നിരന്തര നിരീക്ഷണത്തിലൂടെയും ഉല്‍പ്പന്ന വിലയിരുത്തലിലൂടെയും മറ്റും കൂട്ടുകാരുടെ മികവുകള്‍ കണ്ടെത്തി മികവിന്‍റെ പുസ്തകത്തില്‍ ( ഹെഡ്‌മാസ്റ്ററുടെ ഡയറി ) രേഖപ്പെടുത്തുന്നു 
  • ഗുണാത്മക സൂചകങ്ങള്‍ രൂപപ്പെടുത്തി ' മികവിന്‍റെ സാക്ഷ്യപത്രത്തില്‍  രേഖപ്പെടുത്തി തത്സമയം കൂട്ടുകാര്‍ക്ക് കൈമാറുന്നു 
  • അധ്യാപിക ഇത് ക്ലാസ്സിനു പരിചയപ്പെടുത്തണം 
  • കുടുംബ അംഗങ്ങളെയും ബന്ധുക്കളെയും മറ്റും കാണിക്കാനും അവരുടെ നന്മയുള്ള വാക്കുകള്‍ നേടാനും പ്രേരിപ്പിക്കണം 
  • എസ് ആര്‍ ജിയിലും ക്ലാസ്സ്‌ പി റ്റി എ കളിലും ചര്‍ച്ച ചെയ്യണം 
  • പഠനത്തിന്‍റെ മികവുകള്‍ , പ്രത്യേക കഴിവുകള്‍ , മൂല്യങ്ങള്‍ ,മനോഭാവങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തണം 
  • പല ഘട്ടങ്ങളായി എല്ലാ കൂട്ടുകാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി എന്ന് ഉറപ്പുവരുത്തണം 
  • എഴുത്ത് രൂപങ്ങള്‍ സ്റ്റാറ്റിക്ക് ആകാതെ നോക്കണം . കൂട്ടുകാര്‍ക്ക് വായിച്ചാല്‍ മനസ്സിലാകുന്ന തരത്തില്‍ ലളിതമായി ഗുണാത്മക സൂചകങ്ങള്‍ തയ്യാറാക്കി എഴുതി നല്‍കണം 
  • ഒരു കൂട്ടുകാരന് ഒരു അക്കാദമിക വര്ഷം വൈവിധ്യമാര്‍ന്ന പത്ത് സര്‍ട്ടിഫിക്കറ്റുകള്‍ എങ്കിലും ലഭിച്ചു എന്ന് ഉറപ്പു വരുത്തണം 
  • സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം കൈമാറി കാണാനുള്ള സ്വാഭാവികമായ അനുഭവങ്ങള്‍ ഒരുക്കണം 

സര്‍ട്ടിഫിക്കറ്റുകളുടെ അഞ്ഞൂറ് കോപ്പികള്‍ ഇപ്പോള്‍ പ്രിന്‍റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് ... അവ കൂട്ടുകാരിലെയ്ക്ക് ഗുണാത്മക സൂചകങ്ങള്‍ രേഖപ്പെടുത്തി എത്തിക്കുക എന്ന സര്‍ഗാത്മക പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്...

1 comment:

  1. Welldone sir.....This helps children to cultivate their talents in the fields of knowledge.....

    ReplyDelete