Sunday, 21 August 2016

വായനാ വസന്തം

വായനാ പുരസ്ക്കാരങ്ങള്‍ 


വായന കൂട്ടുകാര്‍ക്ക് ലഹരിയായി മാറാന്‍ നിരവധി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കേണ്ടതുണ്ട് . വായനയുടെ വിശേഷങ്ങള്‍ കേള്‍ക്കാനും പലതരം വായനകള്‍ പരിചയപ്പെടാനും പുസ്തകങ്ങളിലൂടെ അറിവിന്‍റെ ഖനി തേടി യാത്ര ചെയ്യാനും അവര്‍ക്ക് അവസരമോരുങ്ങണം . വായനയുടെ പരിശീലനം അവര്‍ക്ക് ലഭിക്കണം . മികച്ച വായനാനുഭവങ്ങള്‍ അവരുമായി പങ്കു വയ്ക്കണം . ഇതിനൊക്കെയുള്ള അവസരങ്ങള്‍ പലതരത്തില്‍ ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ക്ക് ലഭിക്കുന്നു . 
       ആരുടേയും പ്രേരണയില്ലാതെ വായനാ ലോകത്ത് വിഹരിക്കുന്ന കൂട്ടുകാര്‍ അതാണ്‌ ഞങ്ങളുടെ സ്വപ്നം ... അതിലേയ്ക്കുള്ള വഴി തേടിയുള്ള യാത്രയില്‍ ഒരു പുതുതന്ത്രം കൂടി... 
വായനാ പ്രതിഭാ പുരസ്ക്കാരം 
    നല്ല വായനക്കാരെ കണ്ടെത്തി അവര്‍ക്ക് വായനാ പ്രതിഭ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ തത്സമയം അവരുടെ നോട്ടു ബുക്കില്‍ ഒട്ടിച്ചുനല്‍കും. ഓരോ ടേമിലും കൂടുതല്‍ സ്റ്റിക്കര്‍ കിട്ടിയ കൂട്ടുകാരെ വായനാപുരസ്ക്കാരം നല്‍കി ആദരിക്കും 
ഫീല്‍ഡ് ട്രിപ്പ് 


 കൃഷിയുടെ പാഠങ്ങള്‍  തേടി ഒരു യാത്ര ...കുഴിപ്പള്ളം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനം പുറം വാതില്‍  പഠനത്തിന്‍റെ എല്ലാ സാധ്യതകളും ഉറപ്പു വരുത്തുന്നതായിരുന്നു ... എസ് ആര്‍ ജിയില്‍ അതിനു വേണ്ട ആസൂത്രണം നടത്തി . സ്കൂള്‍ ഇല്ലാത്ത ദിവസം തീരുമാനിച്ച് ( ശനിയാഴ്ച ) പഠനയാത്ര സംഘടിപ്പിച്ചു . 


നടന്ന പ്രവര്‍ത്തനങ്ങള്‍ 



  • പഠനക്കൂട്ടം  ചോദ്യങ്ങള്‍ തയ്യാറാക്കി 
  • വായിച്ച് അവതരപ്പിച്ച് മെച്ചപ്പെടുത്തി
  • ചോദ്യങ്ങളും നിരീക്ഷണ ചുമതലകളുമായി സന്ദര്‍ശന സ്ഥലത്തേയ്ക്ക് 
  •  പി റ്റി എ അംഗങ്ങളുടെ സഹകരണം തേടി ... അവരെ ഒപ്പം കൂട്ടി ...  പഠന പ്രക്രിയ അവരെയും പഠിപ്പിച്ചു ...
  • സംശയങ്ങള്‍ നീക്കാനുള്ള ചുമതല അതാത് ക്ലാസ്സിലെ അധ്യാപകര്‍ക്ക് നല്‍കി ...
  • സന്ദര്‍ശനശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി 
  • ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിച്ചു മെച്ചപ്പെടുത്തി 
  • നല്ല റിപ്പോര്‍ട്ടുകള്‍ക്ക് സമ്മാനം നല്‍കി 

ദേശീയ വിരവിമുക്തി ദിനം 

വിവിധ പരിപാടികളോടെ ദേശീയ വിര വിമുക്തി ദിനം ആചരിച്ചു . പ്രദര്‍ശനം , ആരോഗ്യക്ലാസ്സ് , പവര്‍ പോയിന്‍റ് പ്രസന്റെഷന്‍ , രക്ഷകര്‍തൃ ബോധവത്കരണം എന്നിവ നടന്നു . 





സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ 


ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ബീന ബി റ്റി മുഖ്യ അതിഥി ആയിരുന്നു ....
നടന്ന പ്രവര്‍ത്തനങ്ങള്‍ 

  • പ്രസംഗം , ക്വിസ് മത്സരങ്ങള്‍ 
  • മുദ്രാ ഗീതങ്ങള്‍ തയ്യാറാക്കല്‍ 
  • സന്ദേശങ്ങള്‍ തയ്യാറാക്കല്‍ 
  • പ്രദര്‍ശനം 
  • പായസ സദ്യ 

Sunday, 24 July 2016

വിദ്യാലയ അനുഭവങ്ങള്‍

ചൂണ്ടുവിരലിന് നന്ദി .....





   അക്കാദമിക ലോകത്തെ മികച്ച ഒരു നവ മാധ്യമമാണ് ചൂണ്ടുവിരല്‍ . ശ്രീ കലാധരന്‍ മാഷ്‌ ഈ ബ്ലോഗിലൂടെ താന്‍ സ്വപ്നം കാണുന്ന അക്കാദമിക മികവുകള്‍ ഒരു മികച്ച ഗവേഷകനെപ്പോലെ നിരന്തരം....  കൃത്യതയോടെ .... പ്രസിദ്ധീകരിക്കുന്നു . വിദ്യാലയ മികവുകള്‍ എവിടെ നിന്ന് കിട്ടിയാലും അത് ഒപ്പിയെടുത്ത് നന്മയുടെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഞങ്ങളുടെ മുന്നില്‍ എത്തിക്കുന്നു . ഞങ്ങള്‍ അത് അടിച്ചു മാറ്റി പല പേരുകളിലാക്കി വിദ്യാലയങ്ങളില്‍ നടപ്പിലാക്കി ഊറ്റം കൊള്ളുന്നു .... 
     ഇത്തവണ വായനാ വസന്തം പരിപാടിയ്ക്ക് രൂപം നല്‍കിയപ്പോള്‍ ഞങ്ങള്‍ മുഴുവന്‍ ആശ്രയിച്ചത് ചൂണ്ടുവിരലിനെയാണ് ... വായനയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റും വായിച്ചു നോക്കി . അധ്യാപകരുമായി ചര്‍ച്ച ചെയ്തു . വായനാ പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നേറുന്നു ..... 
താഴെ കാണുന്ന ടീച്ചിംഗ് മാന്വല്‍ കാണുക .....
അതില്‍ മികച്ച വായനക്കാരെ അംഗീകരിക്കാന്‍ ഒരു ശ്രമം എങ്ങനെയെന്ന് വിവരിക്കുന്നു .... കൂട്ടുകാരിലെ വായനാ പ്രതിഭയ്ക്ക് ഒരു വിളിപ്പേര് നല്‍കണം ... അതിന് ഈ ബ്ലോഗ്‌ കാണുന്നവരുടെ നിര്‍ദ്ദേശം കൂടി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.... 
അവ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കും അതില്‍ നിന്നും പേര് തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് തന്നെ നല്‍കും ....
ഈ ചിന്തകള്‍ ഞങ്ങളില്‍ നിറച്ച ചൂണ്ടുവിരലിന് നന്ദി ....

സ്വയം വിലയിരുത്തലിന് ഒരു പ്രവര്‍ത്തനം കൂടി...



    ഞങ്ങള്‍ കുറെ ചുവന്ന പേനകള്‍ വാങ്ങി .... അവ ക്ലാസ്സില്‍ സൂക്ഷിക്കും . ക്ലാസ്സിലെ വായനാ ലേഖന പ്രവര്‍ത്തനങ്ങളില്‍ എഡിറ്റിങ്ങിനു വേണ്ടി ഇവ ഉപയോഗിക്കും .... എഴുതിയ ഓരോ വരിയും പരിശോധിക്കണം . തെറ്റില്ലെങ്കില്‍ ശരിയിടാം . തെറ്റാണെങ്കില്‍ ചുവന്ന പേന ഉപയോഗിച്ച് തിരുത്താം . ചില വിരുതന്മാര്‍ സ്വയം പെന്‍സില്‍ കൊണ്ട് എഴുതിയത് ആരും കാണാതെ ശരിയാക്കി ശരിയിട്ട് വയ്ക്കും .... ഞങ്ങളുടെ ലക്‌ഷ്യം രണ്ടായാലും നേടുമെന്ന് അവര്‍ അറിയുന്നില്ലല്ലോ ....
പോസ്റ്റര്‍ രചന ഇങ്ങനെയും...


ഞങ്ങളുടെ സ്കൂളിന് മുന്നില്‍ ഉണങ്ങിയ ഒരു മരം നില്‍ക്കുന്നു ... അതിന്‍റെ അപകടം നിരവധി തവണ അധികാരികളെ അറിയിച്ചിരുന്നു. നാട്ടുകാരെ ഈ അപകടം അറിയിക്കാന്‍ കൂട്ടുകാര്‍ തയ്യാറാക്കിയ പോസ്റ്റര്‍ വായനയ്ക്കുള്ള ഉപകരണം കൂടിയായി 

മലാല ദിനം ആചരിച്ചു ....



  കൂട്ടുകാര്‍ക്ക് അഭിമാനവും മാതൃകയുമായ മലാല യൂസഫ്‌ സായിയുടെ അനുഭവങ്ങള്‍ , പോരാട്ടങ്ങള്‍ , പുസ്തകങ്ങള്‍ എന്നിവ കൂട്ടുകാരെ പരിചയപ്പെടുത്താന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി 

കഴിഞ്ഞ ആഴ്ചയില്‍ ജന്മദിനം ആഘോഷിച്ച കൂട്ടുകാരന്‍



ക്ലാസ്സിനൊരു മരം 


 അതിയന്നൂര്‍ കൃഷിഭവനില്‍ നിന്നും ഞങ്ങള്‍ക്ക് 5 മരങ്ങള്‍ ലഭിച്ചു . അവ 5 ക്ലാസ്സുകള്‍ക്കായി  നല്‍കി . ഈ മരത്തിന്‍റെ വിശേഷങ്ങള്‍ കൂട്ടുകാര്‍ സ്വന്തം ഡയറിയില്‍ കുറിക്കും ... ഞങ്ങളുമായി പങ്കു വയ്ക്കും . ഞങ്ങള്‍ പറയാതെ തന്നെ അവയെ പരിപാലിക്കും തീര്‍ച്ച ...

Friday, 8 July 2016

വായനാവാരം  പ്രവർത്തനങ്ങൾ
    ഈ വർഷത്തെ വായനാവാര പ്രവർത്തനങ്ങൾ കൂട്ടുകാരുടെ നേതൃത്വത്തിൽ നടന്നു . വായനാ പരിശീലനം നടന്നു  . മൗനവായന , ആശയ ഗ്രഹണ വായന , ശ്രാവ്യവായന , വിമർശനാത്മക വായന ...  എന്നിങ്ങനെ വിവിധ വായനാ രൂപങ്ങൾ കൂട്ടുകാർ പരിശീലിച്ചു . 
വായനയുടെ വിശേഷങ്ങൾ 


     വായനയുടെ വിശേഷങ്ങൾ ഉൾപ്പെടുത്തി ഒരു പ്രദർശനം സംഘടിപ്പിച്ചു . കണ്ടാൽ മാത്രം പോരാ .... വായിച്ചു ചോദ്യങ്ങൾ തയ്യാറാക്കണം . ആ ചോദ്യങ്ങൾ പ്രഥമാധ്യാപകനോട് ചോദിക്കാം . അദ്ദേഹത്തെ ചോദ്യം ചോദിച്ചു തോല്പിക്കുന്ന കൂട്ടുകാർക്കെല്ലാം സമ്മാനം നൽകും . 


പുസ്തക പ്രദർശനം 


ഞങ്ങളുടെ വിദ്യാലയത്തിലെ മുഴുവൻ പുസ്തകങ്ങളും ബെഞ്ചിലും തറയിലുമായി നിരത്തി വച്ചു . ക്‌ളാസ് അടിസ്ഥാനത്തിൽ കാണാൻ അവസരം നൽകി . ഒരു മത്സരവും സംഘടിപ്പിച്ചു . പുസ്തകങ്ങളെ കുറിച്ചു  ചെറു കുറിപ്പുകൾ തയ്യാറാക്കണം . അതിൽ താഴെ പറയുന്ന കാര്യങ്ങൾ ഉണ്ടാകണം 

  • പുസ്തകത്തിന്റെ പേര് 
  • എഴുതിയതാര് 
  • ഏതു വിഭാഗത്തിൽ പെടുന്നു 
  • പുറന്താൾ കുറിപ്പിൽ നിന്നും പ്രസക്തമായ ഒരു വരി  ...

വായനയെ കുറിച്ചു മഹാന്മാർ പറഞ്ഞ കാര്യങ്ങൾ 
   വായനയുമായി ബന്ധപ്പെട്ട മഹത്വചനങ്ങൾ കൂട്ടുകാരെ പരിചയപ്പെടുത്തി . ഓരോ ദിവസവും ക്‌ളാസ് മുറിയിൽ ഇവ ചർച്ച ചെയ്തു 
ഉദാ ;- " ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് മനസ്സിന് വായന " - റിച്ചാർഡ് സ്റ്റീൽ 
"വായന മനുഷ്യനെ പൂർണ്ണനാക്കുന്നു " - ഫ്രാൻസിസ് ബേക്കൺ 
വായനയുടെ വിശേഷങ്ങൾ കത്തെഴുത്ത് 



 വായനാ വാരത്തിൽ നടന്ന പ്രവർത്തനങ്ങളെ കുറിച്ചു ഹൃഷികേശ് സാറിന്  കൂട്ടുകാർ കത്തുകളെഴുതി  . ഓണസ്‌റ്റി ഷോപ്പിൽ നിന്നും പോസ്റ്റ് കാർഡുകൾ വാങ്ങിയാണ് അവർ കത്തുകൾ തയ്യാറാക്കിയത് . സാർ അതിനു മറുപടിയും എഴുതിയിരുന്നു .....
വായന ക്വിസ് , പ്രസംഗ മത്സരങ്ങൾ 


വായനയിലൂടെ വായനയെ കുറിച്ചു അവർ നിർമ്മിച്ച അറിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള  അവസരമായി ഈ മത്സരങ്ങൾ മാറി .... 
എന്റെ വായന എന്നതായിരുന്നു വിഷയം 
വായനാവാരം വിലയിരുത്തൽ രക്ഷിതാക്കളുടെ മുന്നിൽ 
പി റ്റി എ പൊതുയോഗം വിളിച്ചു ചേർത്താണ്  ഇത്തവണ വായനാ വാര പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തിയത് . നടന്ന പ്രവർത്തനങ്ങൾ , കൂട്ടുകാരുടെ തത്സമയ പ്രകടനങ്ങൾ എന്നിവയ്ക്ക് ഈ യോഗം വേദിയായി . 
സൗജന്യ യൂണിഫോം ലഭിച്ചു 


എസ് എസ് എ  നൽകിയ രണ്ടു ജോഡി യൂണിഫോമിന് പുറമെ പഴവങ്ങാടി ഗണപതി കോവിലിന്റെ വകയായി 30  കൂട്ടുകാർക്ക് സൗജന്യ യൂണിഫോം ലഭിച്ചു . ക്ഷേത്ര ഭരണ സമിതിയെ ഞങ്ങൾ നന്ദി അറിയിക്കുന്നു . ജാതി മത വ്യത്യാസമില്ലാതെ നൽകുന്ന ഈ നന്മയാർന്ന പ്രവർത്തനത്തെ ഞങ്ങൾ ആദരവോടെ എന്നെന്നും ഓർക്കും 
ജന്മദിന പുസ്തക സമ്മാന പദ്ധതി തുടരുന്നു 



 ജന്മ ദിനത്തിന് പുസ്തകം സമ്മാനമായി വിദ്യാലയത്തിന് സമർപ്പിക്കുന്ന പ്രവർത്തന പരിപാടി ഈ വർഷവും തുടരും . അതിനുള്ള പുസ്തകങ്ങൾ ഓണസ്‌റ്റി ഷോപ്പിൽ വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട് 
നാടകാചാര്യന് പ്രണാമം 


അന്തരിച്ച കവിയും മലയാള നാടക വേദിയുടെ ആചാര്യനും കേരളത്തിന്റെ തനതു നാടൻ കലകളുടെ സംരക്ഷകനുമായിരുന്ന ശ്രീ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തിൽ കൂട്ടുകാരുടെ കൂട്ടം അനുശോചനം രേഖപ്പെടുത്തി . 

Sunday, 3 July 2016

പുതു വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ ....

   കൂട്ടുകാരില്‍ ജനാധിപത്യ ബോധത്തിന്റെ .... നന്മയാര്‍ന്ന പഠനത്തിന്‍റെ ....... അറിവ് നിര്‍മ്മാണ പ്രക്രിയയുടെ.....  പടവുകള്‍ കയറാന്‍ സഹായിക്കുന്നത് അവര്‍ക്ക് ലഭിക്കുന്ന മികച്ച ക്ലാസ് റൂം അനുഭവങ്ങളാണ് . 
ഇത്തരം അനുഭവങ്ങള്‍ ക്ലാസ് മുറിയില്‍ ഒരുക്കാന്‍ അവസാനമില്ലാത്ത കഠിനമായ ആസൂത്രണവും നടപ്പിലാക്കലും അനിവാര്യമാണ് 
അതിന് അധ്യാപനത്തിന്റെ പുതുവഴികള്‍ തേടിയുള്ള യാത്രകളും സ്വയം പഠനവും ഗവേഷണവും അധ്യാപകര്‍ ശീലമാക്കണം .... അതിനു വേണ്ടിയുള്ള ചില ശ്രമങ്ങള്‍ ഇത്തവണയും ഞങ്ങളുടെ വിദ്യാലയവും ഏറ്റെടുത്തിട്ടുണ്ട് .2016 - 17 ല്‍ തുടക്കമിട്ട പ്രവര്‍ത്തനങ്ങളിലൂടെ .....

വായനയുടെ വസന്തത്തിലേയ്ക്ക് ....


കൂട്ടുകാര്‍ക്ക് വായനയുടെ ലഹരി നുണയാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതിയാണിത് . പരമാവധി വായനാനുഭവങ്ങള്‍ ക്ലാസ് മുറിയില്‍ ഒരുക്കുക എന്നതാണ് ഇതിന്‍റെ ലക്‌ഷ്യം 
പ്രവര്‍ത്തനങ്ങള്‍ 

  • വായനാ സാമഗ്രികളുടെ രൂപീകരണം, ശേഖരണം 
  • വായനയുടെ സ്വയം വിലയിരുത്തല്‍ - ഉപകരണങ്ങള്‍ 
  • വായനാ പരിശീലനം 
  • വായനയുടെ സൃഷ്ട്ടികള്‍ 
  • വായനയെ മറ്റു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തല്‍
  •  തുറന്ന  ലൈബ്രറി 

മറ്റു വായനാ സാമഗ്രികള്‍ തയ്യാറാക്കി മുത്ത് ഓണസ്റ്റി ഷോപ്പില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട് . ഇതില്‍ വായനയ്ക്ക് വേണ്ടിയുള്ള വര്‍ക്ക് ഷീറ്റുകളും പെടും 
ഡയറി എഴുത്ത് 
കൂട്ടുകാര്‍ക്ക് ഡയറി എഴുത്ത് ഒരു ശീലമായി വളര്‍ത്തിയെടുക്കേണ്ടതുണ്ട് . ഞങ്ങള്‍ ആദ്യം ഡയറി തയ്യാറാക്കി പ്രിന്‍റ് ചെയ്യാന്‍ തീരുമാനിച്ചു . പക്ഷേ വലിയ ചെലവ് വരും . അത് ഒരുമിച്ചു നല്‍കാന്‍ ഞങ്ങളുടെ കൂട്ടുകാര്‍ക്ക് കഴിയില്ല . അപ്പോള്‍ നജങ്ങള്‍ തന്ത്രം മാറ്റി . ആദ്യ ഭാഗം ഒരുമിച്ചു നല്‍കും . ദൈനംദിന പേജുകള്‍ അവര്‍ക്ക് ഓണസ്റ്റി ഷോപ്പില്‍ നിന്നും വാങ്ങാം .ഇങ്ങനെ വാങ്ങുന്ന പേജില്‍ അവന് ഡയറി എഴുതാം .  വിലയിരുത്തല്‍ പേജ് അടക്കം ആഴ്ചയില്‍ പരമാവധി 5 രൂപ മുടക്കിയാല്‍ മതി . ഡയറി പേജുകള്‍ താഴെ ചേര്‍ക്കുന്നു 












എല്ലാ ദിവസവും 3 . 30 ന് അതാത്‌ ക്ലാസ്സില്‍ വച്ച് തന്നെ ഡയറി എഴുത്ത് നടക്കും . ഹെഡ്‌മാസ്റ്ററും അധ്യാപകരും തത്സമയം ഡയറി എഴുതും . കൂട്ടുകാര്‍ക്ക് ആരുടെ ഡയറിയും വായിച്ചു കേള്‍ക്കാനുള്ള അവകാശവും നല്‍കിയിട്ടുണ്ട് . പഞ്ചായത്ത് നല്‍കിയ മൈക്ക് സെറ്റ് വിവിധ ക്ലാസ്സില്‍ ഒരേ സമയം കേള്‍ക്കത്തക്ക വിധം ഞങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട് . അതിലൂടെ ഈ ഡയറി വായന ഒരേസമയം എല്ലാവര്‍ക്കും കേള്‍ക്കാം . ഡയറിയുടെ മികവുകള്‍ ക്ലാസ്സ്മുറിയില്‍ ചര്‍ച്ച ചെയ്യും

പുസ്തകസഞ്ചി 


പുസ്തകങ്ങള്‍ കുട്ടികളുടെ കൂട്ടുകാരാവണം . അതിന് പുസ്തകം പോന്നു പോലെ സൂക്ഷിക്കാനുള്ള പ്രാപ്തി കൂടെ അവന്‍ നേടണം . അതിന് ചില പാഠപുസ്തകങ്ങള്‍ , നോട്ട്ബുക്കുകള്‍ എന്നിവ പൊതിയിട്ടു സ്കൂളില്‍ തന്നെ സൂക്ഷിക്കുന്നു . സ്കൂള്‍ ബാഗിന്‍റെ ഭാരം കുറയ്ക്കാനും പുസ്തക സൂക്ഷിപ്പിനുള്ള പരിശീലനവും ഇതിലൂടെ ലഭിക്കും 

പോര്‍ട്ട് ഫോളിയോ ബാഗ് 


പോര്‍ട്ട് ഫോളിയോ ബാഗ് ഇപ്പോള്‍ സ്കൂളില്‍ നിന്നും ലഭിക്കും . കൂട്ടുകാരുടെ ഉല്‍പ്പന്നങ്ങള്‍ , ഡയറി , വായനാ സാമഗ്രികള്‍ എന്നിവയൊക്കെ ഇവയില്‍ സൂക്ഷിക്കും . പുസ്തക സഞ്ചിയും പോര്‍ട്ട് ഫോളിയോ ബാഗും മുത്ത് ഓണസ്റ്റിഷോപ്പില്‍ വില്പനയ്ക്കുണ്ട് 

ക്ലാസ് കലണ്ടര്‍ , സ്റ്റോക്ക് രജിസ്റ്റര്‍ 


ഇവ രണ്ടും തയ്യാറാക്കുന്ന ചുമതല ഇപ്പോള്‍ കൂട്ടുകാര്‍ക്കാണ് . അതിനു വേണ്ട ഫോര്‍മാറ്റുകള്‍ മുത്തിലുണ്ട് . ആദ്യ മാസങ്ങളില്‍ ടീച്ചറിന്‍റെ സഹായം അവര്‍ക്ക് ലഭിക്കും . തുടര്‍ന്ന് ഓരോ മാസവും കൃത്യതയോടെ കൂട്ടുകാര്‍ തന്നെ ചെയ്യും . ഓഫീസിലെ സ്റ്റോക്ക് പരിശോധന സ്കൂള്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് . വിവിധ ഗ്രാന്റുകള്‍ ഉപയോഗിച്ച് വാങ്ങിയിട്ടുള്ള ഒരു ക്ളിപ്പോ , മാര്‍ക്കര്‍ പേനയോ പോലും നഷ്ട്ടപ്പെട്ടാല്‍ കുട്ടികള്‍ക്ക് കണ്ടെത്താന്‍ കഴിയും എന്നതാണ് ഇതിന്‍റെ ഒരു ഗുണം .

വിലയിരുത്താന്‍ രക്ഷിതാവിന്‌ അവസരം 


മുകളില്‍ ചേര്‍ത്ത കാര്യങ്ങള്‍ കാണാനും വിലയിരുത്താനും രക്ഷിതാവിന്‌ അവസരമുണ്ട് . മാസത്തില്‍ ഒരു തവണയെങ്കിലും രക്ഷിതാവ് സ്കൂളില്‍ എത്തി ഇതു കാണണം . സംശയങ്ങള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്യണം . പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുകയും ചെയ്യാം . അതിനും ഒരു രജിസ്റ്റര്‍ ടീച്ചര്‍ സൂക്ഷിക്കുന്നു . 

Sunday, 12 June 2016

പ്രഥമാധ്യാപകന്റെ ഡയറിക്കുറിപ്പ്‌

ഹൃഷികേശ് സാറിനൊരു യാത്രാമൊഴി
       

 9/6/2016 വ്യാഴം ഇന്നു ഞാന്‍ ലീവാണ് .... പതിവ് ആരോഗ്യ പരിശോധനകള്‍ക്കായി നെയ്യാറ്റിന്‍കരയിലേയ്ക്ക് പോയിരുന്നു . തലേ ദിവസം തന്നെ ആറാമത് പ്രവൃത്തി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ടീച്ചിംഗ് മാന്വലും എഴുതി അധ്യാപകരെ മുന്‍കൂട്ടി ഏല്പിച്ചിരുന്നു . പത്തര മണിയായിക്കാണും .... ഫോണ്‍ ശബ്ദിക്കുന്നു .... ഹൃഷികേശ് സാറിന്‍റെ നമ്പര്‍ ... കാള്‍ എടുത്ത് സ്പീക്കര്‍ മോഡിലിട്ട് കൂടെ കൂട്ടിനു വന്ന ബീനയെ ഏല്‍പ്പിച്ചു . എനിക്ക് സന്തോഷമായി . സാറിന്‍റെ റിട്ടയര്‍ ചെയ്ത ശേഷമുള്ള ആദ്യ ദിന വിശേഷങ്ങള്‍ പറയാനായിരിക്കും വിളിക്കുന്നത് .... പക്ഷേ .... അതല്ല സാര്‍ പറഞ്ഞത് . എത്രയും പെട്ടെന്ന് എ ഇ ഓ ഓഫീസില്‍ എത്തണം . സാര്‍ അങ്ങനെ ആവശ്യപ്പെട്ടെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടാകണം . പരിശോധനാ ഫലങ്ങള്‍ വാങ്ങാന്‍ കാത്തില്ല . നേരെ എ ഇ ഓ ഓഫീസിലേയ്ക്ക് .... അവിടെ എത്തിയ ഞാന്‍ എ ഇ ഓ യുടെ കാബിനിലാണ് ആദ്യം നോക്കിയത് ... അപ്പോഴാണ്‌ ഓര്‍ത്തത് സാര്‍ പെന്‍ഷനായ കാര്യം .
        ഓഫീസിന് പുറത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി കുറച്ചു ബെഞ്ചുകളും മേശയും ഒരുക്കിയിട്ടുണ്ട് . അതില്‍ ഒരു ബെഞ്ചിന്‍റെ അറ്റത്ത്‌ പതിവ് ചിരിയുമായി സാറുണ്ട് ... എന്നെ കണ്ടയുടന്‍ രണ്ടു കൈയും നെഞ്ചോട്‌ ചേര്‍ത്ത് സാധാരണ വണങ്ങുന്നത് പോലെ അന്നും വണങ്ങി . .... മഴ പുറത്ത് തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു . ... മുറി മുഴുവന്‍ നനഞ്ഞ് ഈറനായിരുന്നു . " സാറിന്‍റെ സ്കൂളിലെ ആറാമത് പ്രവൃത്തി ദിനത്തിലെ വിവരങ്ങള്‍ ഓണ്‍ ലൈനില്‍ ചെയ്യണം . ഇവിടത്തെ കമ്പ്യൂട്ടറില്‍ ചെയ്യാം . അതിനാണ് വിളിച്ചത് ..." സാര്‍ പറഞ്ഞു . ഞാന്‍ വേഗത്തില്‍ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ ചേര്‍ത്തു. ഇതിനിടയില്‍ ഹൃഷികേശ് സാര്‍ ഓഫീസില്‍ പതിവ് പോലെ ഓടി നടക്കുന്നുണ്ടായിരുന്നു . എത്താത്ത വിദ്യാലയങ്ങളെ അറിയിക്കാനും വന്ന വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരെ സഹായിക്കാനും .....
  ഇതാണ് ഹൃഷികേശ് സാര്‍ ... സാറിന്‍റെ സാന്നിധ്യം ബാലരാമപുരം സബ്ജില്ലയിലെ അക്കാദമിക സമൂഹത്തിന് നഷ്ട്ടമായിരിക്കുന്നു ...
2016 മെയ്‌ 31 ന് സാര്‍ റിട്ടയര്‍ ചെയ്തു ....
റിട്ടയര്‍മെന്റ് പാര്‍ട്ടിയിലും യോഗത്തിലും ഒന്നിലും ഞാന്‍ പങ്കെടുത്തിരുന്നില്ല ....
മാനസികമായി എനിക്ക് അതു അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല ....  സാറിന്‍റെ വിടവാങ്ങല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതായിരിക്കും ശരി .....
കഴിഞ്ഞ 30 വശമായി പല വേഷങ്ങളില്‍ (അധ്യാപക പരിശീലകന്‍ , പ്രൈമറി അദ്ധ്യാപകന്‍ , പി റ്റി എ പ്രസിഡന്‍റ് , പ്രഥമാധ്യാപകന്‍ , എസ് ആര്‍ ജി കണ്‍വീനര്‍ ...)ഞാന്‍ ജോലി ചെയ്യുന്നു . പൊതു വിദ്യാഭ്യാസ സെക്രട്ടറി മുതല്‍ പല ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട് . 15 ലധികം എ ഇ ഓ മാരുടെ കീഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട് .... പക്ഷേ ഹൃഷികേശ് സാറിനെ പോലെ അക്കാദമിക കാര്യങ്ങള്‍ക്ക് ഇത്രമാത്രം പ്രാധാന്യം നല്‍കിയിട്ടുള്ള മറ്റൊരു വിദ്യാഭ്യാസ ഓഫീസറെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല .
എപ്പോള്‍ എ ഇ ഓ ഓഫീസില്‍ എത്തിയാലും നിമിഷ നേരം കൊണ്ട് ഒദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിച്ചു സാറിന്‍റെ മുന്നില്‍ അക്കാദമിക വിശേഷങ്ങള്‍ പങ്കു വയ്ക്കുമായിരുന്നു . അതിനു പറ്റുന്ന രീതിയില്‍ സാറിന്‍റെ സ്റ്റാഫ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു . പ്രഥമാധ്യാപക കൂടിച്ചേരലുകള്‍ അക്കാദമിക ചര്‍ച്ചകളുടെ വേദികളായി സാര്‍ മാറ്റിയിരുന്നു ...





തിരികെ റിസള്‍ട്ട്‌ വാങ്ങാനായി വീണ്ടും നെയ്യാറ്റിന്‍കരയിലേയ്ക്ക് യാത്രയാകുമ്പോള്‍ എന്‍റെ ചിന്തകള്‍ വീണ്ടും സാറിനെ ചുറ്റിപ്പറ്റി കൂട് കൂട്ടി ....
എന്തൊക്കെയാണ് ഹൃഷികേശ് സാറിന്‍റെ നന്മകള്‍ ....?

  • വിദ്യാലയങ്ങളില്‍ അക്കാദമിക ഫയലുകള്‍ക്ക് രൂപം നല്‍കി
  • ഒരു വര്‍ഷത്തില്‍ 10 പ്രാവശ്യത്തില്‍ കൂടുതലെങ്കിലും ഓരോ വിദ്യാലയത്തിലും അക്കാദമിക സഹായത്തിനായി തന്‍റെ സാന്നിധ്യം ഉറപ്പാക്കാന്‍ സാറിന് കഴിഞ്ഞു
  • ബി ആര്‍ സി യുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി പരസ്പര സഹകരണത്തിലൂടെ അക്കാദമിക മികവിനായി പ്രയത്നിച്ചു .
  • അക്കാദമിക കൂടിച്ചേരലുകളില്‍ നിരന്തരം തന്‍റെ വിദ്യാലയ അനുഭവങ്ങള്‍ , മികവുകള്‍ , മറ്റു വിദ്യാഭ്യാസ ബ്ലോഗുകളിലെ മികവുകള്‍ ( ചൂണ്ടുവിരല്‍ , മറ്റു അക്കാദമിക ബ്ലോഗുകള്‍ ...) പങ്കു വച്ചു
  • അധ്യാപകരുടെ റ്റി എമ്മിലും കൂട്ടുകാരുടെ നോട്ടുബുക്കുകളിലും നന്മയുടെ കുറിപ്പുകള്‍ നിറച്ചു .
  • അക്കാദമിക നിറവുകള്‍ പങ്കു വയ്ക്കുന്നതിന് മുത്ത് എന്ന പേരില്‍ ഒരു അക്കാദമിക ബ്ലോഗിന് രൂപം നല്‍കി
  • എന്ത് അക്കാദമിക മെച്ചപ്പെടലിനും എ ഇ ഓ കൂട്ടിനുണ്ട് എന്ന ആത്മവിശ്വാസം അധ്യാപകരില്‍ നിറച്ചു
  • അധ്യാപകര്‍ക്ക് സ്വന്തം ആനുകുല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി
  • സ്നേഹപൂര്‍ണ്ണമായ ശാസനകളിലൂടെയും നന്മ നിറഞ്ഞ ഉപദേശങ്ങളിലൂടെയും മറ്റു സഹായങ്ങളിലൂടെയും അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി
  • അധ്യാപകര്‍ക്ക് വേണ്ടി പഠനയാത്രകള്‍ , വേറിട്ട പരിശീലന പരിപാടികള്‍ എന്നിവ തുടര്‍ച്ചയായി സംഘടിപ്പിച്ചു
  • കുട്ടികള്‍ക്ക് എല്‍ എസ് എസ് /യു എസ് എസ് പരിശീലനങ്ങള്‍ , മാതൃകാ പരീക്ഷകള്‍ , മികവിന്‍റെ ദിനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു

ഇനിയും പറഞ്ഞാല്‍ തീരാത്തത്ര പരിപാടികള്‍ സാറിന്‍റെ കാലഘട്ടത്തില്‍ നടന്നു ...
അതിന്‍റെ മെച്ചം വിദ്യാലയങ്ങളില്‍ ദൃശ്യമായിരുന്നു ... അതു മുഴുവന്‍ അറിയണമെങ്കില്‍ , വ്യാപ്തി ബോധ്യപ്പെടണമെങ്കില്‍ സാറിന്‍റെ ബ്ലോഗ്‌ പരിശോധിച്ചാല്‍ മതിയാകും .....
കൊച്ചു കുട്ടികള്‍ക്ക് സ്നേഹം വിതറുന്ന അപ്പൂപ്പനായി അധ്യാപകര്‍ക്ക് കൂട്ടുകാരനായി സാര്‍ മാറിയിരുന്നു .... അതിലൂടെ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിദ്യാഭ്യാസ സംസ്ക്കാരം ഉണ്ടാക്കിയെടുക്കാന്‍ സാറിന് കഴിഞ്ഞു ....
സാറിന്‍റെ വിടവാങ്ങല്‍ മനസ്സില്‍ വേദനയായി വിങ്ങുന്നു ...
കാന്‍സര്‍ രോഗത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ച ഒരു ഘടകം കൂടിയാണ് ഹൃഷികേശ് സാര്‍ .... ചികിത്സയുടെ ഓരോ ഘട്ടത്തിലും സാര്‍ എന്‍റെ വീട്ടില്‍ എത്തിയിരുന്നു ... ശബ്ദമില്ലെങ്കിലും ഇന്നെനിക്ക് എന്‍റെ വിദ്യാലയത്തില്‍ പരിപൂര്‍ണ്ണതയോടെ പ്രവര്‍ത്തിക്കാന്‍ പ്രചോദനമായത് സാറിന്‍റെ നിറ സാന്നിധ്യം തന്നെയാണ് . 2016 -17 അക്കാദമിക വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മേയ് മാസത്തിന് മുന്‍പ് തന്നെ ഞങ്ങളുടെ വിദ്യാലയം ആസൂത്രണം ചെയ്തു കഴിഞ്ഞു . അതിനുള്ള ഉപകരണങ്ങളും തയ്യാറാക്കി കഴിഞ്ഞിരുന്നു . പുസ്തക സഞ്ചിയും പോര്‍ട്ട് ഫോളിയോ ബാഗും ഡയറിയും കുട്ടികളുടെ ബാങ്കും അവയില്‍ ചിലവ മാത്രം .....
ഇവയിലൊക്കെ വ്യത്യസ്തത നില നിറുത്താന്‍ സഹായിച്ചത് സാറിന്‍റെ ഇടപെടലാണ് ....
ഞങ്ങള്‍ തയ്യാറാക്കുന്ന അക്കാദമിക മെച്ചപ്പെടലിനായുള്ള കുറിപ്പുകളില്‍ സാര്‍ എപ്പോഴും സര്‍ഗാത്മക നിര്‍ദ്ദേശക കുറിപ്പുകള്‍ പച്ചമഷിയില്‍ രേഖപ്പെടുത്തുക പതിവാണ് .
ഈ വര്‍ഷത്തെ ഞങ്ങളുടെ വിദ്യാലയത്തിലെ അക്കാദമിക നിറവുകള്‍ മുഴുവന്‍ സാറിനുള്ള സമര്‍പ്പണമാണ്‌.... അങ്ങനെ ഞങ്ങള്‍ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തും ..... തീര്‍ച്ച .....
അതിനുള്ള തിളക്കമുള്ള തുടക്കമായിരുന്നു ഞങ്ങളുടെ പ്രവേശനോത്സവ പരിപാടികളും...

പ്രവേശനോത്സവ കാഴ്ച്ചകളിലേയ്ക്ക് ....

ഞങ്ങള്‍ ഒരുക്കിയ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്റ്റേജും സ്കൂള്‍ പരിസരവും


മണിനാദം മുഴക്കി ചടങ്ങിന് തുടക്കം കുറിച്ചു


ബാന്‍ഡ്താളം പഠനത്തിന്‍റെ താളമെന്ന പ്രഖ്യാപനം


കുട്ടികള്‍ തന്നെ ഉദ്ഘാടകര്‍ 


ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍റെ ഉദ്ഘാടന പ്രസംഗം 

മുതിര്‍ന്നവര്‍ എല്ലാത്തിനും സാക്ഷികള്‍