Wednesday 28 December 2016

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍

മികവിന്‍റെ സാരഥിയായി ജിതിന്‍ എസ് ലാല്‍
    

  കൂട്ടുകാര്‍ക്ക് മാതൃകയാണ് ജിതിന്‍ ... ഓരോ ക്ലാസ് പ്രവര്‍ത്തനത്തിലും അവന്‍റെ കൈയ്യൊപ്പ് ഉണ്ടാകണം എന്ന്‍ ആഗ്രഹിക്കുന്ന കൂട്ടുകാരന്‍ ... സാറിനെ എനിക്ക് ഇഷ്ടമാണ് എന്ന്‍ ഒരു മറയുമില്ലാതെ കുഞ്ഞു പേപ്പറില്‍ എഴുതി തരുന്ന നാലാം ക്ലാസ്സുകാരനെ എല്ലാവര്‍ക്കും ഇഷ്ടമാണ് ... അസാമാന്യമായ ഓര്‍മ്മ ശക്തിയും മറ്റു കഴിവുകളും ഉള്ള ജിതിന് കാഴ്ചയിലും ഭാഷണത്തിലും ചില ചില്ലറ പ്രശ്നങ്ങള്‍ ഉണ്ട് . പക്ഷെ അതൊക്കെ അവന്‍ അതിജീവിക്കും ...പഠനത്തില്‍ നല്ല താല്പര്യമുള്ള കൂട്ടുകാരന്‍ കൂടിയാണ് ജിതിന്‍ ... അംഗപരിമിതര്‍ക്കായുള്ള ബി ആര്‍ സി തല മത്സരങ്ങളില്‍ അവന് സമ്മാനം ലഭിച്ചു
സബ്ജില്ലയിലെ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്തവര്‍

അഭിഷേക് കടങ്കഥയില്‍ ഒന്നാം സ്ഥാനം 
സൂര്യ കഥാ കഥനത്തില്‍ എ ഗ്രേഡ് 


സ്നേഹ മലയാളം പ്രസംഗം ബി ഗ്രേഡ് 

ഞങ്ങളുടെ വിദ്യാലയം വിവിധ പത്രവാര്‍ത്തകളിലൂടെ ...



ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍


  ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അതിഥിയായി സിസ്റ്റര്‍ മേഴ്സി തോമസ്‌ സിസ്റ്റര്‍ ആണ് എത്തിയത് . നെല്ലിമൂട് സെന്റ്‌ ക്രിസോസ്റ്റോംസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപികയായ അവര്‍ കൂട്ടുകാരുമായി ക്രിസ്മസ് വിശേഷങ്ങള്‍ പങ്കു വച്ചു .
സ്കൂള്‍ ലീഡര്‍ സ്നേഹ ടീച്ചറിനെ സ്വാഗതം ചെയ്തു ....


കൂട്ടുകാര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായിട്ടാണ് സിസ്റ്റര്‍ എത്തിയത് ... പുല്‍ക്കൂടും ക്രിസ്മസ് ട്രീയും കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നു ... 


കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് അവധാനതയോടെ ടീച്ചര്‍ ഉത്തരം പറഞ്ഞു ... ക്രിസ്മസിന്റെ ചരിത്രവും പ്രത്യേകതകളും സിസ്റ്റര്‍ ലളിതമായി വിവരിച്ചു ... പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും ഒന്നര മണിക്കൂര്‍ നീണ്ട സിസ്റ്ററിന്‍റെ അഭിമുഖം അറിവ് നിര്‍മ്മാണത്തിന് വേറിട്ട അനുഭവമായിരുന്നു 

കൂട്ടുകാര്‍ക്ക് കുഞ്ഞുപോടിയം സമ്മാനമായി ലഭിച്ചു 


 നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍ എസ് എസ് വോളന്റിയര്‍മാരായ കൂട്ടുകാര്‍ ക്രിസ്മസ് നവവത്സരാശംസകളുമായി ഞങ്ങളുടെ വിദ്യാലയത്തിലെത്തി . എല്‍ കെ ജി മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള കൂട്ടുകാര്‍ക്ക് വരെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന കുഞ്ഞു പോടിയവും ക്രിസ്മസ് സമ്മാനങ്ങളും കേക്കും മധുര പലഹാരങ്ങളുമായി അവര്‍ കൂട്ടുകാരുടെ മനസ്സ് കവര്‍ന്നു ... 




വിവിധ കലാപരിപാടികള്‍ കൊച്ചു കൂട്ടുകാര്‍ക്കായി അവര്‍ അവതരിപ്പിച്ചു . ക്രിസ്മസ് പാപ്പയായി വേഷമിട്ട അവര്‍ ഞങ്ങളുടെ കൂട്ടുകാരെ ചുമലിലേറ്റി നൃത്തം ചവുട്ടി ... ആദരണീയ അധ്യാപകരായ  ശ്രീ ഉണ്ണികൃഷ്ണന്‍ സാറും ശ്രീ ഹരി സാറും പി റ്റി എ പ്രസിഡന്റും ക്രിസ്മസ് സന്ദേശങ്ങള്‍ കൈമാറി ... മറ്റൊരു വിദ്യാലയത്തിലെ കൂട്ടുകാരുമായിട്ടുള്ള ഈ അനുഭവകൈമാറ്റം ഞങ്ങളുടെ കൂട്ടുകാര്‍ക്ക് അറിവിന്‍റെ അനുഗ്രഹമായി മാറി ...

കന്യാകുമാരിയിലേയ്ക്കൊരു കുടുംബയാത്ര.... 


യാത്രകള്‍ കൂട്ടുകാര്‍ക്ക് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിക്കാറുള്ളത് .. ഒരു യാത്രയില്‍ കൂട്ടുകാരോട് എങ്ങനെ ഇടപെടണം ... എങ്ങനെയാണ് അറിവുകള്‍ പകരുന്നത് .... എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് രക്ഷിതാക്കള്‍ക്ക് ഒരു പരിശീലനം കൂടിയായി പ്രസ്തുത യാത്ര ...തൃപ്പരപ്പ് , പദ്മനാഭപുരം കൊട്ടാരം , ഉദയഗിരി കോട്ട കന്യാകുമാരി എന്നീ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു ...

Sunday 27 November 2016

കൂട്ടുകാരുടെ സര്‍ഗസൃഷ്ട്ടികള്‍

അടിക്കുറിപ്പ്  തയ്യാറാക്കാം .....

വൈവിധ്യമാര്‍ന്ന സര്‍ഗശേഷിയുള്ളവരാണ് ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ ... അവരുടെ പ്രതിഭകള്‍ പുറത്തറിയണമെങ്കില്‍ അതിനുള്ള അവസരങ്ങള്‍ ക്ലാസ് മുറിയില്‍ ഒരുക്കണം . അടിക്കുറിപ്പ് തയ്യാറാക്കുന്നതിന് അവരെ പ്രാപ്തനാക്കണമെങ്കില്‍ നിരവധി തവണ അതിനുള്ള സഹായം വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അധ്യാപകന്‍ മനപ്പൂര്‍വം സൃഷ്ട്ടിക്കണം 
അതിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ 

  • കൂട്ടുകാര്‍ സ്വയം വരച്ച ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കല്‍ 
  • അതിന് സമ്മാനങ്ങള്‍ നല്‍കി 
  • അവയെ കുറിച്ച് ക്രിയാത്മക അഭിപ്രായങ്ങള്‍ എഴുതി നല്‍കി 
  • ഇന്റര്‍നെറ്റില്‍ നിന്നും ഇതിനു പറ്റുന്ന നിരവധി ചിത്രങ്ങള്‍ കണ്ടെത്തി സ്മാര്‍ട്ട്‌ ക്ലാസ് മുറിയിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചു 
  • അവ ഉപയോഗിച്ച് തലക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കി 

ക്ലാസ്സില്‍ നല്‍കിയ പ്രക്രിയ താഴെ ചേര്‍ക്കുന്നു ...



  • ചിത്രം പ്രദര്‍ശിപ്പിക്കുന്നു 
  • ചോദ്യങ്ങള്‍ ....
  • ഈ ചിത്രത്തില്‍ എന്തൊക്കെ നിങ്ങള്‍ കാണുന്നു ?
  • ഈ പക്ഷി എന്താണ് ചെയ്യുന്നത് ?
  • പക്ഷിയ്ക്ക് എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ ?
  • എന്തിനായിരിക്കും പക്ഷി അവിടെ ഇരിക്കുന്നത് ?
  • ഈ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് കണ്ടെത്താമോ ?

കൂട്ടുകാര്‍ മനോഹരമായ അടിക്കുറിപ്പുകള്‍ തയ്യാറാക്കി ....
അതില്‍ ചിലവ താഴെ ചേര്‍ക്കുന്നു ...

  • നിരീക്ഷണ ക്യാമറ 
  • എന്താ ഇത്ര ആലോചന 
  • കമ്പി വലയിലെ കിളി 
  • സുന്ദരിയായ കിളി 

ഇതില്‍ ആദ്യത്തെ അടിക്കുറിപ്പ് തയ്യാറാക്കിയ അരുണിന് സമ്മാനം നല്‍കി  

ഉച്ചഭക്ഷണ മെനു ഇനി കൂട്ടുകാര്‍ തയ്യാറാക്കും

  
    ഉച്ചഭക്ഷണത്തിന് ഇനി എന്തൊക്കെ വിഭവങ്ങള്‍ വേണമെന്ന്‍ ഇനി കൂട്ടുകാര്‍ കണ്ടെത്തും ... പക്ഷേ ചില നിയന്ത്രണങ്ങള്‍ വേണ്ടി വരും ... ആദ്യ കൂടിച്ചേരലില്‍ അവര്‍ ആവശ്യപ്പെട്ടത് പെറോട്ടയും ഇറച്ചിയും ആയിരുന്നു ... അത് നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല ... ഇറച്ചി ടേമില്‍ ഒരു ദിവസമെങ്കിലും നല്‍കാന്‍ ശ്രമിക്കാം എന്ന ഉറപ്പ് നല്‍കി ...
കഴിഞ്ഞ ദിവസങ്ങളില്‍ ജന്മദിനം ആഘോഷിച്ചവര്‍ 

അഖിലയുടെ ജന്മദിന സമ്മാനം 

ജോബിന്റെ ജന്മദിന സമ്മാനം 

Monday 14 November 2016

ശിശുദിനആഘോഷം

ശിശുദിനത്തിലെ അതിഥി ....



  ഈ വര്‍ഷത്തെ ശിശുദിനം കൂട്ടുകാര്‍ക്ക് വേറിട്ട അനുഭവമാകണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു .... അതിന് പറ്റിയ ഒരാളെ കണ്ടെത്തണം 
അധ്യാപക വിദ്യാര്‍ത്ഥിയായ  ശ്രീമതി മാളവിക ടീച്ചറാകട്ടെ ഈ വര്‍ഷത്തെ അതിഥി എന്ന് തീരുമാനിച്ചു . 

എന്തുകൊണ്ട് മാളവിക ടീച്ചര്‍ ?

  • പൂര്‍ണ്ണമായും പൊതു വിദ്യാലങ്ങളില്‍ മാത്രം പഠിച്ച ആള്‍ 
  • പൊതു രംഗത്തെ പ്രവത്തനങ്ങള്‍ക്ക് മാതൃകയായ കുടുബത്തില്‍ നിന്നും വരുന്ന വ്യക്തി 
  • ബഹുമുഖ പ്രതിഭയുള്ള വിദ്യാര്‍ത്ഥി
  • സംഗീതവും നൃത്തവും പഠനത്തോടൊപ്പം കൊണ്ടുപോകുന്ന പ്രതിഭ 
  • കൂട്ടുകാരോട് അവരുടെ ഭാഷയില്‍ സംവദിക്കാനുള്ള കഴിവ് 
  • കൊച്ചു കൂട്ടുകാരെ പ്രചോദിപ്പിക്കാനും മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിവുള്ള അധ്യാപക വിദ്യാര്‍ഥി 
  • മറ്റു തൊഴിലുകളെക്കാള്‍ ശ്രേഷ്ഠത അധ്യാപനത്തിനാണെന്ന ഉറച്ച വിശ്വാസം 

ശിശുദിനത്തെ കുറിച്ച് സമഗ്രമായ ധാരണകള്‍ ലഭിക്കുന്നതിനും മികച്ച അറിവുകള്‍ നിര്‍മ്മിക്കുന്നതിനും ഈ സംവാദത്തിലൂടെ കഴിഞ്ഞു ...
നെഹ്റുവിനെ കുറിച്ചുള്ള കഥകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയും ടീച്ചര്‍ കൂട്ടുകാരെ കൈയിലെടുത്തു .... നാടന്‍ പാട്ടിനൊപ്പം അവര്‍ താളമിട്ടു ... ടീച്ചര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഇനി എന്ന്‍ ഈ ചേച്ചി വരും എന്ന അന്വേഷണത്തിലായിരുന്നു കൂട്ടുകാര്‍ ...
നടന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ 

  • നെഹ്‌റു ക്വിസ് 
  • പ്രസംഗം 
  • പ്രത്യേക അസംബ്ലി 
  • നെഹ്രുവിന്‍റെ ജീവിതത്തിലൂടെ പവര്‍ പോയിന്‍റ് പ്രസന്റേഷന്‍ 

Sunday 6 November 2016

കേരളപ്പിറവിദിനം

നവംബര്‍ ഒന്ന്‍ .... കേരളപ്പിറവിദിനം 

  നവംബര്‍ ഒന്ന്‍ ഞങ്ങളുടെ വിദ്യാലയത്തിലും സമുചിതമായി ആഘോഷിച്ചു ... ശ്രീ ഹൃഷികേശ് സാര്‍ മുഖ്യാതിഥി ആയിരുന്നു ... സാറിനെ പുസ്തകക്കൂട നല്‍കിയും ചിത്രങ്ങള്‍ സമ്മാനിച്ചും ജൈവ പച്ചക്കറികള്‍ നല്‍കിയും കൂട്ടുകാര്‍ വരവേറ്റു ... കേരളപ്പിറവി സന്ദേശം അദ്ദേഹം നല്‍കി ... പിറ്റി എ പ്രസിഡന്‍റ് ശ്രീമതി അനിത പങ്കെടുത്തു ....





ശ്രീ വേണ്പകല്‍ ഹരി സാറുമായി അഭിമുഖം 



       മലയാള ഭാഷയെയും മലയാള നാടിനെയും കുറിച്ച് നിരവധി ചോദ്യങ്ങളുമായി കൂട്ടുകാര്‍ ഹരി സാറുമായി സംവാദം നടത്തി ... നിരവധി സര്‍ഗാത്മക അറിവുകള്‍ ഇതിലൂടെ കൂട്ടുകാര്‍ നേടി . കൂട്ടുകാര്‍ പുസ്തകം നല്‍കി അദ്ദേഹത്തെ ആദരിച്ചു 
ചിത്രം വര , ക്വിസ് , വയലാര്‍ രാമവര്‍മ്മയെ കുറിച്ച് പ്രസംഗ മത്സരം എന്നിവ നടന്നു . ഇതിന്റെ ഭാഗമായി വരകള്‍ വര്‍ണ്ണങ്ങള്‍ എന്ന പതിപ്പും തയ്യാറായി ...


കൂട്ടുകാര്‍ക്ക് സമ്മാനമായി പാത്രങ്ങള്‍ 



നെല്ലിമൂട് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ കൂട്ടുകാര്‍ക്കായി നൂറ് പാത്രങ്ങളും ഗ്ലാസ്സും സമ്മാനമായി ലഭിച്ചു .... ബാഗിന്‍റെ ഭാരം കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായകമാകും ... നെല്ലിമൂട് സഹകരണ ബാങ്കിലെ ആദരണീയ സഹകാരികള്‍ക്കും ഭാരവാഹികള്‍ക്കും നന്ദി ... ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ബീന ബി റ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു ...

ഒരു ജന്മദിന ആഘോഷം കൂടി ...

നഴ്സറിയിലെ കൂട്ടുകാരനായ ഷിജിന്‍ തന്‍റെ ജന്മദിന സമ്മാനം ശ്രീമതി സുധ ടീച്ചര്‍ക്ക് കൈമാറുന്നു 

Saturday 29 October 2016

ഡയറി എഴുത്ത്

നഴ്സറിയിലെ കൂട്ടുകാരും ഡയറി എഴുതുന്നു....
   
ഡയറി എഴുത്ത് ഭാഷാപഠനത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ് . ഞങ്ങളുടെ കൂട്ടുകാരും എപ്പോള്‍ ഡയറി എഴുത്തിന്‍റെ ലഹരിയിലാണ് .... ആ പ്രവര്‍ത്തനത്തിന്റെ പ്രക്രിയ താഴെ ചേര്‍ക്കുന്നു .....

  • കൂട്ടുകാര്‍ ഓണസ്റ്റി ഷോപ്പില്‍ നിന്നും ഡയറി പേജുകള്‍ വാങ്ങുന്നു ...
  • വാങ്ങാന്‍ പൈസ ഇല്ലെങ്കില്‍ പണചെപ്പില്‍ നിന്നും കടമെടുക്കാം 
  • എന്നും വൈകുന്നേരം 3. 30 നാണ് ഡയറി എഴുത്ത് ആരംഭിക്കുന്നത് . അതിനു വേണ്ടി പ്രത്യേകം ബെല്‍ ഉണ്ടാകും 
  • എല്ലാ ക്ലാസ്സിലും ഒരേ സമയം ഡയറി എഴുത്ത് നടക്കും 
  • 3 .50 ന് വീണ്ടും ബെല്‍ ഉണ്ടാകും 
  • അപ്പോള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഒരു കുട്ടി മൈക്ക് പോയിന്റ്റില്‍ വരും . അവള്‍ താന്‍ എഴുതിയ ഡയറി വായിച്ച് അവതരിപ്പിക്കും 
  • മൈക്കിലൂടെ ഇത് ക്ലാസ്സിലിരുന്നു എല്ലാവരും കേള്‍ക്കും 
  • കേള്‍ക്കുന്ന ഡയറിയെ കുറിച്ച് ക്ലാസ്സില്‍ ടീച്ചറുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും ...
  • ഇന്നു ഡയറി അവതരിപ്പിക്കുന്നത് ...... ഇങ്ങനെ അനൌണ്‍സ് ചെയ്യാനുള്ള അവകാശം ഒന്നാം ക്ലാസ്സുകാര്‍ക്കാണ് .....

ഇതു കണ്ടപ്പോള്‍ ഇതു നഴ്സറിയിലും വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു . ഞങ്ങള്‍ ഒരു നിര്‍ദ്ദേശം തയ്യാറാക്കി അവര്‍ക്ക് നല്‍കി ... ഇപ്പോള്‍ അവരും ഡയറി എഴുതുന്നു ... അവര്‍ക്ക് വേണ്ടി അമ്മമാര്‍ എഴുത്തും ... എഴുതിയ ഡയറി അവരെ വായിച്ചു കേള്‍പ്പിക്കും ...
ഇങ്ങനെ ഷിജിന്‍ എഴുതിയ ഡയറി കണ്ടു നോക്കൂ ....ഷിജിന് വേണ്ടി അവന്‍റെ അമ്മ എഴുതുന്ന ഡയറി ....







അനാമികയുടെയും അഞ്ജലിയുടെയും ( ഇരട്ടകളായ കൂട്ടുകാര്‍ ) അമ്മ അവരുടെ ഡയറികള്‍ ശ്രീ സുരേഷ് ഗോപി M P യെ കാണിച്ചു ... അദ്ദേഹം അവരുടെ ഡയറിയില്‍ ഒപ്പിട്ട് നല്‍കി . ഭൗതിക സാഹചര്യ വികസനത്തില്‍ ഞങ്ങളെ സഹായിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു .....


രണ്ടാം തരത്തിലെ കൂട്ടുകാരന്‍ അഭിജിത്ത് ജി വിനോദിന്‍റെ ജന്മദിന സമ്മാനം 


ഒന്നാം ക്ലാസ്സിലെ സഞ്ജുവിന്റെ വീട്ടില്‍ ജൈവ പച്ചക്കറി കൃഷിയുണ്ട് ... കഴിഞ്ഞ ദിവസം അവന്‍ ഞങ്ങളുടെ ഉച്ചഭക്ഷണ പരിപാടിയ്ക്ക് കുറച്ച് പച്ചക്കറികളുമായിട്ടാണ് എത്തിയത് ... അത് അവന്‍ ശ്രീമതി പ്രീതാരാജ് ടീച്ചറിന് കൈമാറി ...


Tuesday 18 October 2016

സെപ്റ്റംബര്‍ മാസത്തെ മികവുകള്‍

വേറിട്ട പ്രവര്‍ത്തനങ്ങളുമായി ദിനാഘോഷങ്ങള്‍ 

    ഓസോണ്‍ ദിനം 

ഈ ദിനത്തിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ നടന്നു . ഓസോണ്‍ ദിനത്തെ കുറിച്ച് പ്രൈമറി ക്ലാസ്സിലെ കൂട്ടുകാരുടെ അറിവ് പരിമിതമാണ് . അവരില്‍ ഇതിനെ കുറിച്ച് ആശയം നിറയ്ക്കുന്നതിനുവേണ്ടി ചില പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു ...  റ്റി എം തയ്യാറാക്കി സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ വച്ച് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ , ചില വീഡിയോ ക്ലിപ്പുകള്‍ എന്നിവ കാണിച്ചു . തുടര്‍ന്ന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ക്വിസ് , പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി . തുടര്‍ന്ന് പതിപ്പ് തയ്യാറാക്കലും ഇന്‍ലന്റ് മാഗസിനും തയ്യാറാക്കി . അവയുടെ പ്രക്രിയ വിവരിക്കുന്നില്ല .... താഴെ ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്നവയാണ് ....






യു ഡയിസ് ദിനം 

     എന്‍റെ സ്വപ്നത്തിലെ വിദ്യാലയം എന്ന വിഷയവുമായി ബന്ധപ്പെട്ടാണ്  ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ...ചുവടെയുള്ള  ചിത്രങ്ങളിലെ വാക്കുകള്‍ ഈ പ്രവര്‍ത്തനത്തിന്റെ മികവുകള്‍ നിങ്ങള്‍ക്ക് പകരും 








പണചെപ്പ് .... കൂട്ടുകാരുടെ സ്വന്തം ബാങ്ക് 


      ഓണസ്റ്റി ഷോപ്പിലൂടെ ഞങ്ങള്‍ക്ക് ലഭിച്ച വിജയത്തിന്‍റെ ആവേശം മറ്റൊരു പ്രവര്ത്തനത്തിന് വഴി തെളിച്ചു ... അതാണ്‌ കൂട്ടുകാരുടെ ബാങ്ക് ...
ഓണസ്റ്റി ഷോപ്പില്‍ ലഭിച്ച ചില്ലറകള്‍ ഒരു കുഞ്ഞു പെട്ടിയിലാക്കി ഭാഗിച്ചു കൂട്ടുകാരുടെ മൂലധനമാക്കി . 
പ്രവര്‍ത്തനം ഇങ്ങനെ...
ഓരോ ക്ലാസ്സിലും ഓരോ ബാങ്കര്‍മാരെ നിശ്ചയിച്ചു . അവരാണ് ലെഡ്ജര്‍ കൈകാര്യം ചെയ്യുക 
ഒരു കൂട്ടുകാരന് ഇന്ന്‍ പെന്‍സില്‍ വാങ്ങാന്‍ 2 രൂപ വേണമെന്ന് കരുതുക 
അവന്‍ ബാങ്കറോട് ആവശ്യപ്പെടുന്നു 
ബാങ്കര്‍ പ്രസ്തുത തുക ഒരു ചെറിയ തുണ്ട് പേപ്പറില്‍ എഴുതി ഒപ്പിട്ട് കൂട്ടുകാരന് നല്‍കും 
അതും കൊണ്ട് അവന്‍ ബാങ്കിലെത്തും . അവിടെയുള്ള രസീത് സ്റ്റാന്‍ഡില്‍ അത് കുത്തി വയ്ക്കും .
പണപ്പെട്ടിയില്‍ നിന്നും സ്വയം പൈസ എടുത്ത് ഓണസ്റ്റി ഷോപ്പില്‍ നിന്നും രസീത് എഴുതി സാധനം വാങ്ങും 

രണ്ടു കൂട്ടുകാരുടെ ജന്മ ദിനങ്ങള്‍ കൂടി ...

സ്നേഹിത്ത് ക്ലാസ്സ് മൂന്ന്

സച്ചു ക്ലാസ് നാല്