വിടവാങ്ങല്‍ 2016
നാലാം തരത്തിലെ കൂട്ടുകാര്‍ക്ക് വിദ്യാലയത്തിലെ അനുജത്തിമാരും അനുജന്മാരും ചേര്‍ന്ന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി . ഓരോ ക്ലാസ്സിലെയും കൂട്ടുകാര്‍ അവര്‍ വരച്ച ചിത്രങ്ങള്‍ , എഴുതിയ കഥകള്‍ , കവിതകള്‍ , പേന ,പെന്‍സില്‍ , പൂക്കള്‍ , മധുര പലഹാരങ്ങള്‍ എന്നിവ നല്‍കി അവരെ യാത്രയാക്കി . പലരും സംസാരിക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞു . അതു പിന്നീട് കൂട്ടക്കരച്ചിലായി ..... അധ്യാപകരുടെ കണ്ണുകളും ഈറനണിഞ്ഞു .
തോറ്റാലും കുഴപ്പമില്ല ... ഒരു വര്ഷം കൂടി ഈ വിദ്യാലയത്തില്‍ പഠിക്കണം . അതായിരുന്നു പിരിഞ്ഞു പോകുന്ന കൂട്ടുകാരുടെ ആവശ്യം . അടുത്ത വര്ഷം നടക്കുന്ന എല്ലാ സ്കൂള്‍തല പ്രവര്‍ത്തന പരിപാടികളിലും പങ്കെടുപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് അവരെ ഞങ്ങള്‍ സമാധാനിപ്പിച്ചത് . ഭാവി ജീവിതത്തില്‍ അവര്‍ ചെയ്യുന്ന നന്മയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേട്ടങ്ങളിലൂടെ ചുണ്ടവിളാകം എല്‍ പി സ്കൂള്‍ അറിയപ്പെടും എന്ന്‍ അവര്‍ക്ക് ഞങ്ങള്‍ ആശംസകള്‍ നേര്‍ന്നു .
ഓരോ കുഞ്ഞു പുസ്തകവും ഓരോരുത്തര്‍ക്കും സമ്മാനമായി നല്‍കി .
പറയാനൊരു രഹസ്യവുമായി അഭിരാമി
രാവിലെ 8.45 ന് ഞാന്‍ സ്കൂളിലെത്തി . ഓഫീസിനു മുന്നിലെ തൂണിന് മറവില്‍ അവള്‍ കാത്തു നിന്നിരുന്നു . അഭിരാമി .... എല്‍ കെ ജി ക്ലാസ്സിലെ കൂട്ടുകാരിയാണ് . അവള്‍ക്കെന്നോട് എന്തോ രഹസ്യം പറയാനുണ്ട് . ഞാന്‍ ബാഗും മറ്റും വരാന്തയില്‍ വച്ച് പടികളില്‍ ഇരുന്നു . ഇന്നലെ ഡോക്ടര്‍ എന്‍റെ കൈ കുത്തിക്കീറി ... അമ്മ എന്നെ പിടിച്ചു വച്ച് കൊടുത്തു . ഞാന്‍ അവളെ സമാധാനിപ്പിച്ചു . അടുത്ത പ്രാവശ്യം പോകുമ്പോള്‍ ഡോക്ടറുടെ പേര് ചോദിച്ചിട്ട് വരണം . നമുക്ക് ഡോക്ടര്‍ക്ക് നല്ല വഴക്ക് കൊടുക്കാം . തലേ ദിവസത്തെ പതിവ് പരിശോധനകള്‍ക്ക് ചിത്രയില്‍ പോയ വിശേഷമാണ് അവള്‍ പറഞ്ഞത് . ജന്മനാ ഹൃദയത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്ന ഈ കൂട്ടുകാരി പേസ് മേക്കര്‍ ഘടിപ്പിച്ചാണ് സ്കൂളിലെത്തുന്നത് . മിന്നലും ഇടിയുമുള്ള ദിനങ്ങളില്‍ ടീച്ചര്‍ അവളെ ദേഹത്തോട് ചേര്‍ത്ത് പിടിക്കും . നന്നായി പഠിക്കാന്‍ താല്പര്യമുള്ള അഭിരാമി ഞങ്ങളുടെ വിദ്യാലയത്തിലെ മുതിര്‍ന്ന കൂട്ടുകാരുടെ പ്രിയ താരമാണ് ....
ചക്ക പുരാണം
ഇടയ്ക്ക് ട്രഷറിയിലും എ ഇ ഓ ഓഫീസിലും പോകേണ്ടി വന്നു . തിരിയെ സ്കൂളിലെത്തിയപ്പോള്‍ പരീക്ഷ കഴിയാറായിരിക്കുന്നു . ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ ചക്കയെ കുറിച്ച് വിവരണങ്ങള്‍ തയ്യാറാക്കുകയാണ് . എല്ലാവരുടെയും ഉത്തരക്കടലാസുകള്‍ അവര്‍ ഉയര്‍ത്തി എന്നെ കാണിച്ചു . എന്തെല്ലാം കാര്യങ്ങളാണ് സ്വന്തം അനുഭവത്തില്‍ നിന്നും ചക്കയെ കുറിച്ച് അവര്‍ എഴുതിയിരിക്കുന്നത് .
ഇതു നമുക്ക് ബ്ലോഗിലിടാം .... അനിത ടീച്ചര്‍ ചാര്‍ട്ട് പേപ്പര്‍ നല്‍കി നന്നായി എഴുതി വാങ്ങി ... അവര്‍ തറയില്‍ ഇരുന്ന് എഴുതാന്‍ തുടങ്ങി ...
അപ്പോഴേക്കും ബെല്‍ അടിച്ചിരുന്നു ... എഴുതി പൂര്‍ത്തിയാക്കാതെ അവര്‍ അവിടെ നിന്നും എഴുന്നേറ്റില്ല .... അമ്മമാര്‍ പുറത്ത് അപ്പോഴും കാത്തു നില്പുണ്ടായിരുന്നു ....
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളുമായി സ്കൂള്‍ ദിനാഘോഷം
ഭാവിയിലെ വിദ്യാലയ സ്വപ്‌നങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നത് . സമഗ്രമായ വാര്‍ഷിക പദ്ധതിയിലെ പ്രസക്തമായ നിര്‍ദ്ദേശങ്ങള്‍ അവതരിച്ചു കൊണ്ട് ശ്രീമതി പ്രീത രാജം ടീച്ചര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു . ശ്രീമതി അനിത ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു . അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി എസ് കോമളം ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു . വാര്‍ഡ് മെമ്പര്‍ ശ്രീമതി ബീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . കഥാകാരനായ ഡോ എം എ സിദ്ദിക്ക് മുഖ്യ പ്രഭാഷണം നടത്തി .
സ്നേഹ കഥാകാരനെ പരിചയപ്പെടുത്തി ....
മണ്മറഞ്ഞ പ്രതിഭകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കലാ പരിപാടികള്‍ ആരംഭിച്ചു
കലാ പ്രകടനങ്ങളുടെ ചില ദൃശ്യങ്ങളിലെയ്ക്ക്
ലാവണ്യ അവതരിപ്പിച്ച ശകുന്തള
കൃഷ്ണനും രാധയുമായി അഭിഷേകും അഭിരാമിയും
നൃത്ത ചുവടുകളുമായി കൂട്ടുകാര്‍
വൈവിധ്യമാര്‍ന്ന ജന്മദിനാശംസകള്‍
കൂട്ടുകാരുടെ ഓരോ ജന്മദിനവും ഓരോ അനുഭവമാകുന്നു ....
വൈഷ്ണവിയുടെ ജന്മദിനം
ശാരിയുടെ ജന്മ ദിനത്തിന് ഒരു കൈവിളക്ക് അവള്‍ സ്കൂളിന് സമ്മാനിച്ചു
സന്ധ്യയ്ക്കും ആര്യയ്ക്കും ജില്ലാതല തലത്തില്‍ ലഭിച്ച മികവിന്‍റെ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു
സ്കൂളിന് ബി ആര്‍ സി തല മികവിന്‍റെ പങ്കാളിത്തത്തിന് ലഭിച്ച ട്രോഫിയുമായി കൂട്ടുകാരുടെ കൂട്ടം
സ്നേഹയുടെ പിറന്നാള്‍
മൂന്നാം തരത്തില്‍ പഠിക്കുന്ന സ്നേഹയുടെ പിറന്നാള്‍ അവളുടെ കൂട്ടുകാര്‍ ആഘോഷമാക്കി . പുസ്തകം എസ് എസ് ജി മെമ്പറായ ശ്രീമതി ബിജിഷ്മയ്ക്ക് കൈമാറിയാണ് അവള്‍ തന്‍റെ ജന്മദിനത്തിന് ലഭിച്ച സ്നേഹത്തിന് മറുപടി നല്‍കിയത്
മരത്തണലിലെ കൂട്ടായ്മ
പതിനൊന്നരയ്ക്ക് എല്ലാ ദിവസവും അവര്‍ ആ മരത്തണലില്‍ എന്നും ഒത്തു ചേരും .... വീട്ടില്‍ നിന്നും കൊണ്ട് വരുന്ന ഭക്ഷണ വസ്തുക്കള്‍ പരസ്പരം പങ്കുവച്ച് കഴിക്കും . വിശേഷങ്ങള്‍ പറഞ്ഞും കൂട്ട് കൂടിയും ഉള്ള ഈ കൂട്ടായ്മ കാണുന്നവര്‍ക്ക് പോലും വിശപ്പ് മാറും . ഇടയ്ക്ക് വരുന്ന അധ്യാപകര്‍ക്കും അവര്‍ കൊണ്ട് വരുന്ന വിഭവങ്ങളുടെ പങ്ക് വച്ച് നീട്ടും ....
പഠനക്കൂട്ടം സ്വയം പര്യാപ്തമാകുന്നു
ഉച്ചയുടെ ഇടവേളകളില്‍ കൂട്ടുകാരിപ്പോള്‍ സര്‍ഗാത്മക പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു . ആരുടേയും പ്രേരണ അവര്‍ക്കിപ്പോള്‍ ആവശ്യമില്ല . കഥകള്‍ മെനയാനും പാട്ടുകള്‍ക്ക് വരികള്‍ ചേര്‍ക്കാനും കൂട്ടായ്മയോടെ അവര്‍ പരിശ്രമിക്കുന്നു .
സ്കൂള്‍ തല ആസൂത്രണം
അടുത്ത വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ഘട്ട സ്കൂള്‍ തല ആസൂത്രണം 5/3/2016 ശനിയാഴ്ച സ്കൂളില്‍ വച്ച് നടന്നു . രക്ഷിതാക്കളും അധ്യാപകരുമാണ് ആദ്യ ഘട്ട അക്കാദമിക കൂടിച്ചേരലില്‍ പങ്കെടുത്തത് . അടുത്ത ഘട്ടത്തില്‍ താല്പര്യമുള്ള അക്കാദമിക വിദഗ്ധരെയും ബി ആര്‍ സി പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും . അതിനു ശേഷമായിരിക്കും അടുത്തവര്‍ഷത്തെ വാര്‍ഷിക പദ്ധതിയ്ക്ക് രൂപം നല്‍കുക . ഈ കൂടിച്ചേരലുകള്‍ക്ക് ഭക്ഷണം ഞങ്ങള്‍ക്ക് തയ്യാറാക്കി നല്‍കിയത് എസ് എം സി അംഗങ്ങള്‍ ആണ് .
കൊച്ചിങ്ങയും പഠനോപകരണമാകുന്നു
പ്രീ പ്രൈമറി ക്ലാസ്സുകളില്‍ വൈവിധ്യമാര്‍ന്ന പഠന പ്രവര്‍ത്തനങ്ങളാണ് കൂട്ടുകാര്‍ക്ക് നല്‍കുന്നത് ... നിറയെ കളിപ്പാട്ടങ്ങള്‍ ... കൊച്ചിങ്ങയില്‍ വണ്ടി ഉണ്ടാക്കി സംഖ്യാബോധത്തിന്‍റെ ബാലപാഠങ്ങള്‍ പിന്നിടുകയാണ് കൂട്ടുകാര്‍ ....
ചിത്ര കാര്‍ഡുകളും ഈര്‍ക്കിലില്‍ തീരത്ത ചിത്ര പോസ്റ്ററുകളും പഠനത്തിന്റെ പുതുവഴികള്‍ തുറക്കുന്നു
ജന്മദിന സമ്മാനങ്ങള്‍
കഴിഞ്ഞ ദിവസം രണ്ടു കൂട്ടുകാര്‍ അവരുടെ ജന്മദിനങ്ങള്‍ വിദ്യാലയത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു ....യു കെ ജി ക്ലാസ്സിലെ അരുണും രണ്ടാം ക്ലാസ്സിലെ ആദര്‍ശും ... പുതു വസ്ത്രങ്ങള്‍ അണിഞ്ഞ് സ്കൂളിലെത്തിയ അവര്‍ക്ക് കൂട്ടുകാര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നു ... മുത്തില്‍ നിന്നും വാങ്ങിയ പുസ്തകങ്ങള്‍ അവര്‍ ലൈബ്രറിയിലേയ്ക്ക് വേണ്ടി ടീച്ചര്‍മാര്‍ക്ക് കൈമാറി ....
മികവിന്‍റെ അവതരണത്തിന് സമ്മാനം
ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ നടന്ന മികവ് അവതരണത്തിലും പ്രദര്‍ശനത്തിലും ഞങ്ങളുടെ വിദ്യാലയവും പങ്കെടുത്തു . വിദ്യാര്‍ഥി പ്രതിനിധികളായ സന്ധ്യ, സ്നേഹ, അധ്യാപകര്‍ , രക്ഷിതാക്കള്‍ എന്നിവര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു
മലയാളത്തിന്റെ പ്രിയകവി ഓ എന്‍ വി കുറുപ്പിന് ആദരാഞ്ജലികള്‍
മലയാളത്തിന്റെ പ്രിയ കവി ഓ എന്‍ വി കുറുപ്പിന്‍റെ വിയോഗത്തില്‍ ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാരുടെ കൂട്ടം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ... അദ്ദേഹത്തിന്‍റെ ചിത്രത്തിനു താഴെ വിരലടയാളം പതിപ്പിച്ച് ഓരോ കൂട്ടുകാരനും പ്രണാമം അര്‍പ്പിച്ചു ....
പ്രത്യേക അസംബ്ലിയും വിവിധ പ്രവര്‍ത്തനങ്ങളും ഇതിന്‍റെ ഭാഗമായി നടന്നു ... പത്രങ്ങള്‍ വായിച്ച് പ്രിയ കവിയെ കുറിച്ച് കുറിപ്പുകള്‍ തയ്യാറാക്കി ...