Sunday, 12 June 2016

പ്രഥമാധ്യാപകന്റെ ഡയറിക്കുറിപ്പ്‌

ഹൃഷികേശ് സാറിനൊരു യാത്രാമൊഴി
       

 9/6/2016 വ്യാഴം ഇന്നു ഞാന്‍ ലീവാണ് .... പതിവ് ആരോഗ്യ പരിശോധനകള്‍ക്കായി നെയ്യാറ്റിന്‍കരയിലേയ്ക്ക് പോയിരുന്നു . തലേ ദിവസം തന്നെ ആറാമത് പ്രവൃത്തി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ടീച്ചിംഗ് മാന്വലും എഴുതി അധ്യാപകരെ മുന്‍കൂട്ടി ഏല്പിച്ചിരുന്നു . പത്തര മണിയായിക്കാണും .... ഫോണ്‍ ശബ്ദിക്കുന്നു .... ഹൃഷികേശ് സാറിന്‍റെ നമ്പര്‍ ... കാള്‍ എടുത്ത് സ്പീക്കര്‍ മോഡിലിട്ട് കൂടെ കൂട്ടിനു വന്ന ബീനയെ ഏല്‍പ്പിച്ചു . എനിക്ക് സന്തോഷമായി . സാറിന്‍റെ റിട്ടയര്‍ ചെയ്ത ശേഷമുള്ള ആദ്യ ദിന വിശേഷങ്ങള്‍ പറയാനായിരിക്കും വിളിക്കുന്നത് .... പക്ഷേ .... അതല്ല സാര്‍ പറഞ്ഞത് . എത്രയും പെട്ടെന്ന് എ ഇ ഓ ഓഫീസില്‍ എത്തണം . സാര്‍ അങ്ങനെ ആവശ്യപ്പെട്ടെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടാകണം . പരിശോധനാ ഫലങ്ങള്‍ വാങ്ങാന്‍ കാത്തില്ല . നേരെ എ ഇ ഓ ഓഫീസിലേയ്ക്ക് .... അവിടെ എത്തിയ ഞാന്‍ എ ഇ ഓ യുടെ കാബിനിലാണ് ആദ്യം നോക്കിയത് ... അപ്പോഴാണ്‌ ഓര്‍ത്തത് സാര്‍ പെന്‍ഷനായ കാര്യം .
        ഓഫീസിന് പുറത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി കുറച്ചു ബെഞ്ചുകളും മേശയും ഒരുക്കിയിട്ടുണ്ട് . അതില്‍ ഒരു ബെഞ്ചിന്‍റെ അറ്റത്ത്‌ പതിവ് ചിരിയുമായി സാറുണ്ട് ... എന്നെ കണ്ടയുടന്‍ രണ്ടു കൈയും നെഞ്ചോട്‌ ചേര്‍ത്ത് സാധാരണ വണങ്ങുന്നത് പോലെ അന്നും വണങ്ങി . .... മഴ പുറത്ത് തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു . ... മുറി മുഴുവന്‍ നനഞ്ഞ് ഈറനായിരുന്നു . " സാറിന്‍റെ സ്കൂളിലെ ആറാമത് പ്രവൃത്തി ദിനത്തിലെ വിവരങ്ങള്‍ ഓണ്‍ ലൈനില്‍ ചെയ്യണം . ഇവിടത്തെ കമ്പ്യൂട്ടറില്‍ ചെയ്യാം . അതിനാണ് വിളിച്ചത് ..." സാര്‍ പറഞ്ഞു . ഞാന്‍ വേഗത്തില്‍ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ ചേര്‍ത്തു. ഇതിനിടയില്‍ ഹൃഷികേശ് സാര്‍ ഓഫീസില്‍ പതിവ് പോലെ ഓടി നടക്കുന്നുണ്ടായിരുന്നു . എത്താത്ത വിദ്യാലയങ്ങളെ അറിയിക്കാനും വന്ന വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരെ സഹായിക്കാനും .....
  ഇതാണ് ഹൃഷികേശ് സാര്‍ ... സാറിന്‍റെ സാന്നിധ്യം ബാലരാമപുരം സബ്ജില്ലയിലെ അക്കാദമിക സമൂഹത്തിന് നഷ്ട്ടമായിരിക്കുന്നു ...
2016 മെയ്‌ 31 ന് സാര്‍ റിട്ടയര്‍ ചെയ്തു ....
റിട്ടയര്‍മെന്റ് പാര്‍ട്ടിയിലും യോഗത്തിലും ഒന്നിലും ഞാന്‍ പങ്കെടുത്തിരുന്നില്ല ....
മാനസികമായി എനിക്ക് അതു അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല ....  സാറിന്‍റെ വിടവാങ്ങല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതായിരിക്കും ശരി .....
കഴിഞ്ഞ 30 വശമായി പല വേഷങ്ങളില്‍ (അധ്യാപക പരിശീലകന്‍ , പ്രൈമറി അദ്ധ്യാപകന്‍ , പി റ്റി എ പ്രസിഡന്‍റ് , പ്രഥമാധ്യാപകന്‍ , എസ് ആര്‍ ജി കണ്‍വീനര്‍ ...)ഞാന്‍ ജോലി ചെയ്യുന്നു . പൊതു വിദ്യാഭ്യാസ സെക്രട്ടറി മുതല്‍ പല ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട് . 15 ലധികം എ ഇ ഓ മാരുടെ കീഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട് .... പക്ഷേ ഹൃഷികേശ് സാറിനെ പോലെ അക്കാദമിക കാര്യങ്ങള്‍ക്ക് ഇത്രമാത്രം പ്രാധാന്യം നല്‍കിയിട്ടുള്ള മറ്റൊരു വിദ്യാഭ്യാസ ഓഫീസറെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല .
എപ്പോള്‍ എ ഇ ഓ ഓഫീസില്‍ എത്തിയാലും നിമിഷ നേരം കൊണ്ട് ഒദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിച്ചു സാറിന്‍റെ മുന്നില്‍ അക്കാദമിക വിശേഷങ്ങള്‍ പങ്കു വയ്ക്കുമായിരുന്നു . അതിനു പറ്റുന്ന രീതിയില്‍ സാറിന്‍റെ സ്റ്റാഫ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു . പ്രഥമാധ്യാപക കൂടിച്ചേരലുകള്‍ അക്കാദമിക ചര്‍ച്ചകളുടെ വേദികളായി സാര്‍ മാറ്റിയിരുന്നു ...





തിരികെ റിസള്‍ട്ട്‌ വാങ്ങാനായി വീണ്ടും നെയ്യാറ്റിന്‍കരയിലേയ്ക്ക് യാത്രയാകുമ്പോള്‍ എന്‍റെ ചിന്തകള്‍ വീണ്ടും സാറിനെ ചുറ്റിപ്പറ്റി കൂട് കൂട്ടി ....
എന്തൊക്കെയാണ് ഹൃഷികേശ് സാറിന്‍റെ നന്മകള്‍ ....?

  • വിദ്യാലയങ്ങളില്‍ അക്കാദമിക ഫയലുകള്‍ക്ക് രൂപം നല്‍കി
  • ഒരു വര്‍ഷത്തില്‍ 10 പ്രാവശ്യത്തില്‍ കൂടുതലെങ്കിലും ഓരോ വിദ്യാലയത്തിലും അക്കാദമിക സഹായത്തിനായി തന്‍റെ സാന്നിധ്യം ഉറപ്പാക്കാന്‍ സാറിന് കഴിഞ്ഞു
  • ബി ആര്‍ സി യുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി പരസ്പര സഹകരണത്തിലൂടെ അക്കാദമിക മികവിനായി പ്രയത്നിച്ചു .
  • അക്കാദമിക കൂടിച്ചേരലുകളില്‍ നിരന്തരം തന്‍റെ വിദ്യാലയ അനുഭവങ്ങള്‍ , മികവുകള്‍ , മറ്റു വിദ്യാഭ്യാസ ബ്ലോഗുകളിലെ മികവുകള്‍ ( ചൂണ്ടുവിരല്‍ , മറ്റു അക്കാദമിക ബ്ലോഗുകള്‍ ...) പങ്കു വച്ചു
  • അധ്യാപകരുടെ റ്റി എമ്മിലും കൂട്ടുകാരുടെ നോട്ടുബുക്കുകളിലും നന്മയുടെ കുറിപ്പുകള്‍ നിറച്ചു .
  • അക്കാദമിക നിറവുകള്‍ പങ്കു വയ്ക്കുന്നതിന് മുത്ത് എന്ന പേരില്‍ ഒരു അക്കാദമിക ബ്ലോഗിന് രൂപം നല്‍കി
  • എന്ത് അക്കാദമിക മെച്ചപ്പെടലിനും എ ഇ ഓ കൂട്ടിനുണ്ട് എന്ന ആത്മവിശ്വാസം അധ്യാപകരില്‍ നിറച്ചു
  • അധ്യാപകര്‍ക്ക് സ്വന്തം ആനുകുല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി
  • സ്നേഹപൂര്‍ണ്ണമായ ശാസനകളിലൂടെയും നന്മ നിറഞ്ഞ ഉപദേശങ്ങളിലൂടെയും മറ്റു സഹായങ്ങളിലൂടെയും അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി
  • അധ്യാപകര്‍ക്ക് വേണ്ടി പഠനയാത്രകള്‍ , വേറിട്ട പരിശീലന പരിപാടികള്‍ എന്നിവ തുടര്‍ച്ചയായി സംഘടിപ്പിച്ചു
  • കുട്ടികള്‍ക്ക് എല്‍ എസ് എസ് /യു എസ് എസ് പരിശീലനങ്ങള്‍ , മാതൃകാ പരീക്ഷകള്‍ , മികവിന്‍റെ ദിനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു

ഇനിയും പറഞ്ഞാല്‍ തീരാത്തത്ര പരിപാടികള്‍ സാറിന്‍റെ കാലഘട്ടത്തില്‍ നടന്നു ...
അതിന്‍റെ മെച്ചം വിദ്യാലയങ്ങളില്‍ ദൃശ്യമായിരുന്നു ... അതു മുഴുവന്‍ അറിയണമെങ്കില്‍ , വ്യാപ്തി ബോധ്യപ്പെടണമെങ്കില്‍ സാറിന്‍റെ ബ്ലോഗ്‌ പരിശോധിച്ചാല്‍ മതിയാകും .....
കൊച്ചു കുട്ടികള്‍ക്ക് സ്നേഹം വിതറുന്ന അപ്പൂപ്പനായി അധ്യാപകര്‍ക്ക് കൂട്ടുകാരനായി സാര്‍ മാറിയിരുന്നു .... അതിലൂടെ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിദ്യാഭ്യാസ സംസ്ക്കാരം ഉണ്ടാക്കിയെടുക്കാന്‍ സാറിന് കഴിഞ്ഞു ....
സാറിന്‍റെ വിടവാങ്ങല്‍ മനസ്സില്‍ വേദനയായി വിങ്ങുന്നു ...
കാന്‍സര്‍ രോഗത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ച ഒരു ഘടകം കൂടിയാണ് ഹൃഷികേശ് സാര്‍ .... ചികിത്സയുടെ ഓരോ ഘട്ടത്തിലും സാര്‍ എന്‍റെ വീട്ടില്‍ എത്തിയിരുന്നു ... ശബ്ദമില്ലെങ്കിലും ഇന്നെനിക്ക് എന്‍റെ വിദ്യാലയത്തില്‍ പരിപൂര്‍ണ്ണതയോടെ പ്രവര്‍ത്തിക്കാന്‍ പ്രചോദനമായത് സാറിന്‍റെ നിറ സാന്നിധ്യം തന്നെയാണ് . 2016 -17 അക്കാദമിക വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മേയ് മാസത്തിന് മുന്‍പ് തന്നെ ഞങ്ങളുടെ വിദ്യാലയം ആസൂത്രണം ചെയ്തു കഴിഞ്ഞു . അതിനുള്ള ഉപകരണങ്ങളും തയ്യാറാക്കി കഴിഞ്ഞിരുന്നു . പുസ്തക സഞ്ചിയും പോര്‍ട്ട് ഫോളിയോ ബാഗും ഡയറിയും കുട്ടികളുടെ ബാങ്കും അവയില്‍ ചിലവ മാത്രം .....
ഇവയിലൊക്കെ വ്യത്യസ്തത നില നിറുത്താന്‍ സഹായിച്ചത് സാറിന്‍റെ ഇടപെടലാണ് ....
ഞങ്ങള്‍ തയ്യാറാക്കുന്ന അക്കാദമിക മെച്ചപ്പെടലിനായുള്ള കുറിപ്പുകളില്‍ സാര്‍ എപ്പോഴും സര്‍ഗാത്മക നിര്‍ദ്ദേശക കുറിപ്പുകള്‍ പച്ചമഷിയില്‍ രേഖപ്പെടുത്തുക പതിവാണ് .
ഈ വര്‍ഷത്തെ ഞങ്ങളുടെ വിദ്യാലയത്തിലെ അക്കാദമിക നിറവുകള്‍ മുഴുവന്‍ സാറിനുള്ള സമര്‍പ്പണമാണ്‌.... അങ്ങനെ ഞങ്ങള്‍ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തും ..... തീര്‍ച്ച .....
അതിനുള്ള തിളക്കമുള്ള തുടക്കമായിരുന്നു ഞങ്ങളുടെ പ്രവേശനോത്സവ പരിപാടികളും...

പ്രവേശനോത്സവ കാഴ്ച്ചകളിലേയ്ക്ക് ....

ഞങ്ങള്‍ ഒരുക്കിയ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്റ്റേജും സ്കൂള്‍ പരിസരവും


മണിനാദം മുഴക്കി ചടങ്ങിന് തുടക്കം കുറിച്ചു


ബാന്‍ഡ്താളം പഠനത്തിന്‍റെ താളമെന്ന പ്രഖ്യാപനം


കുട്ടികള്‍ തന്നെ ഉദ്ഘാടകര്‍ 


ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍റെ ഉദ്ഘാടന പ്രസംഗം 

മുതിര്‍ന്നവര്‍ എല്ലാത്തിനും സാക്ഷികള്‍ 

Saturday, 23 April 2016

വാര്‍ഷിക പദ്ധതി ആസൂത്രണം

സ്കൂള്‍ വികസന സ്വപ്നങ്ങള്‍ക്ക് പ്രവര്‍ത്തന പരിപാടികളുമായി സ്കൂള്‍തല ആസൂത്രണം 


     2016-17 അധ്യയന വര്‍ഷത്തെ വിദ്യാലയത്തിലെ അക്കാദമിക സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍  പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് വേണ്ടി ഞങ്ങള്‍ സ്കൂള്‍തലത്തില്‍ വിവിധ സമിതികള്‍ ഒരുമിച്ചു യോഗം ചേര്‍ന്നു . 11/04/2016 ന് ഏക ദിന പരിപാടിയായിട്ടാണ് പ്രസ്തുത പ്രവര്‍ത്തനം നടന്നത് . അധ്യാപകര്‍ , രക്ഷിതാക്കള്‍ , വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരാണ് പങ്കെടുത്തത് . വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ബീന പരിപാടി ഉദ്ഘാടനംചെയ്തു . എസ് എം സി അംഗങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കിയിരുന്നു . അയല്‍പക്കത്തെ വിദ്യാലയങ്ങളെയും ഡയറ്റ്, ബി ആര്‍ സി ,എ ഇ ഓ എന്നീ സ്ഥാപനങ്ങളെയും ക്ഷണിച്ചിരുന്നു 

നടന്ന പ്രവര്‍ത്തനങ്ങള്‍ 

  • കഴിഞ്ഞ വര്ഷം തയ്യാറാക്കിയ ത്രി വത്സര പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ നേടാന്‍ കഴിഞ്ഞവ കണ്ടെത്തി 
  • അതിനു വേണ്ടി  നല്‍കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി 
  • പരിമിതികള്‍ , പ്രശ്നങ്ങള്‍ ലിസ്റ്റ് ചെയ്തു 
  • 2016-17 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയ്ക്ക് രൂപം നല്‍കി 
  • ഓരോ പ്രവര്‍ത്തനത്തിനും ചുമതലകള്‍ , പ്രവര്‍ത്തന പ്രക്രിയകള്‍ , സമയം എന്നിവ നിശ്ചയിച്ചു 

പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ 

  • കഴിഞ്ഞ വര്‍ഷം നടന്ന മികവാര്‍ന്ന പ്രവര്‍ത്തന പരിപാടികള്‍ തുടരും ( ഓണസ്റ്റി ഷോപ്പ് , പഠന കൂട്ടം , ആയിരം മണിക്കൂര്‍ പഠന സമയം , വായനാ പ്രവര്‍ത്തനങ്ങള്‍ .... )
  • വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഓണസ്റ്റി ഷോപ്പില്‍ വില്പനയ്ക്ക് വയ്ക്കും 
  • ഡയറി , പുസ്തക സഞ്ചി , പോര്‍ട്ട്‌ ഫോളിയോ ബാഗ് , പതിപ്പ് കവറുകള്‍ എന്നിവയും ഓണസ്റ്റി ഷോപ്പിലൂടെ വില്പനയ്ക്ക് ഒരുക്കും 
  • ഇംഗ്ലീഷ് പഠനത്തിന്‌ പുതിയ പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കും 
  • പഠനം പൂര്‍ണ്ണമായും സ്മാര്‍ട്ട് ആക്കും 
  • കൂട്ടുകാരുടെ ആകാശവാണി കായാമ്പൂ ആരംഭിക്കും 
  • തുറന്ന ലൈബ്രറി പ്രവര്‍ത്തനം ആരംഭിക്കും 
  • ഇനിയും ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ വാര്‍ഷിക പദ്ധതിയിലുണ്ട് 


Monday, 4 April 2016

വിദ്യാലയ പ്രവര്‍ത്തനങ്ങള്‍

വിടവാങ്ങല്‍ 2016


നാലാം തരത്തിലെ കൂട്ടുകാര്‍ക്ക് വിദ്യാലയത്തിലെ അനുജത്തിമാരും അനുജന്മാരും ചേര്‍ന്ന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി . ഓരോ ക്ലാസ്സിലെയും കൂട്ടുകാര്‍ അവര്‍ വരച്ച ചിത്രങ്ങള്‍ , എഴുതിയ കഥകള്‍ , കവിതകള്‍ , പേന ,പെന്‍സില്‍ , പൂക്കള്‍ , മധുര പലഹാരങ്ങള്‍ എന്നിവ നല്‍കി അവരെ യാത്രയാക്കി . പലരും സംസാരിക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞു . അതു പിന്നീട് കൂട്ടക്കരച്ചിലായി ..... അധ്യാപകരുടെ കണ്ണുകളും ഈറനണിഞ്ഞു .


തോറ്റാലും കുഴപ്പമില്ല ... ഒരു വര്ഷം കൂടി ഈ വിദ്യാലയത്തില്‍ പഠിക്കണം . അതായിരുന്നു പിരിഞ്ഞു പോകുന്ന കൂട്ടുകാരുടെ ആവശ്യം . അടുത്ത വര്ഷം നടക്കുന്ന എല്ലാ സ്കൂള്‍തല പ്രവര്‍ത്തന പരിപാടികളിലും പങ്കെടുപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് അവരെ ഞങ്ങള്‍ സമാധാനിപ്പിച്ചത് . ഭാവി ജീവിതത്തില്‍ അവര്‍ ചെയ്യുന്ന നന്മയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേട്ടങ്ങളിലൂടെ ചുണ്ടവിളാകം എല്‍ പി സ്കൂള്‍ അറിയപ്പെടും എന്ന്‍ അവര്‍ക്ക് ഞങ്ങള്‍ ആശംസകള്‍ നേര്‍ന്നു . 


ഓരോ കുഞ്ഞു പുസ്തകവും ഓരോരുത്തര്‍ക്കും സമ്മാനമായി നല്‍കി .

Tuesday, 29 March 2016

പ്രഥമാധ്യാപകന്റെ ഡയറികുറിപ്പ്

പറയാനൊരു രഹസ്യവുമായി അഭിരാമി 


   രാവിലെ 8.45 ന് ഞാന്‍ സ്കൂളിലെത്തി . ഓഫീസിനു മുന്നിലെ തൂണിന് മറവില്‍ അവള്‍ കാത്തു നിന്നിരുന്നു . അഭിരാമി .... എല്‍ കെ ജി ക്ലാസ്സിലെ കൂട്ടുകാരിയാണ്‌ . അവള്‍ക്കെന്നോട് എന്തോ രഹസ്യം പറയാനുണ്ട് . ഞാന്‍ ബാഗും മറ്റും വരാന്തയില്‍  വച്ച് പടികളില്‍ ഇരുന്നു . ഇന്നലെ ഡോക്ടര്‍ എന്‍റെ കൈ കുത്തിക്കീറി ... അമ്മ എന്നെ പിടിച്ചു വച്ച് കൊടുത്തു . ഞാന്‍ അവളെ സമാധാനിപ്പിച്ചു . അടുത്ത പ്രാവശ്യം പോകുമ്പോള്‍ ഡോക്ടറുടെ പേര് ചോദിച്ചിട്ട് വരണം . നമുക്ക് ഡോക്ടര്‍ക്ക് നല്ല വഴക്ക് കൊടുക്കാം . തലേ ദിവസത്തെ പതിവ് പരിശോധനകള്‍ക്ക് ചിത്രയില്‍ പോയ വിശേഷമാണ് അവള്‍ പറഞ്ഞത് . ജന്മനാ ഹൃദയത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്ന ഈ കൂട്ടുകാരി പേസ് മേക്കര്‍ ഘടിപ്പിച്ചാണ് സ്കൂളിലെത്തുന്നത് . മിന്നലും ഇടിയുമുള്ള ദിനങ്ങളില്‍ ടീച്ചര്‍ അവളെ ദേഹത്തോട് ചേര്‍ത്ത് പിടിക്കും . നന്നായി പഠിക്കാന്‍ താല്പര്യമുള്ള അഭിരാമി ഞങ്ങളുടെ വിദ്യാലയത്തിലെ മുതിര്‍ന്ന കൂട്ടുകാരുടെ പ്രിയ താരമാണ് ....
ചക്ക പുരാണം 
ഇടയ്ക്ക് ട്രഷറിയിലും എ ഇ ഓ ഓഫീസിലും പോകേണ്ടി വന്നു . തിരിയെ സ്കൂളിലെത്തിയപ്പോള്‍ പരീക്ഷ കഴിയാറായിരിക്കുന്നു . ഒന്നാം ക്ലാസ്സിലെ കൂട്ടുകാര്‍ ചക്കയെ കുറിച്ച് വിവരണങ്ങള്‍ തയ്യാറാക്കുകയാണ് . എല്ലാവരുടെയും ഉത്തരക്കടലാസുകള്‍ അവര്‍ ഉയര്‍ത്തി എന്നെ കാണിച്ചു . എന്തെല്ലാം കാര്യങ്ങളാണ് സ്വന്തം അനുഭവത്തില്‍ നിന്നും ചക്കയെ കുറിച്ച് അവര്‍ എഴുതിയിരിക്കുന്നത് . 
ഇതു നമുക്ക് ബ്ലോഗിലിടാം .... അനിത ടീച്ചര്‍ ചാര്‍ട്ട് പേപ്പര്‍ നല്‍കി നന്നായി എഴുതി വാങ്ങി ... അവര്‍ തറയില്‍ ഇരുന്ന് എഴുതാന്‍ തുടങ്ങി ... 







അപ്പോഴേക്കും ബെല്‍ അടിച്ചിരുന്നു ... എഴുതി പൂര്‍ത്തിയാക്കാതെ അവര്‍ അവിടെ നിന്നും എഴുന്നേറ്റില്ല .... അമ്മമാര്‍ പുറത്ത് അപ്പോഴും കാത്തു നില്പുണ്ടായിരുന്നു ....

Monday, 21 March 2016

സ്കൂള്‍ ദിനം 2016

വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളുമായി സ്കൂള്‍ ദിനാഘോഷം 

ഭാവിയിലെ വിദ്യാലയ സ്വപ്‌നങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നത് . സമഗ്രമായ വാര്‍ഷിക പദ്ധതിയിലെ പ്രസക്തമായ നിര്‍ദ്ദേശങ്ങള്‍ അവതരിച്ചു കൊണ്ട് ശ്രീമതി പ്രീത രാജം ടീച്ചര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു . ശ്രീമതി അനിത ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു . അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി എസ് കോമളം ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു . വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ബീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . കഥാകാരനായ ഡോ എം എ സിദ്ദിക്ക് മുഖ്യ പ്രഭാഷണം നടത്തി .


 സ്നേഹ കഥാകാരനെ പരിചയപ്പെടുത്തി ....


മണ്മറഞ്ഞ പ്രതിഭകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കലാ പരിപാടികള്‍ ആരംഭിച്ചു 
കലാ പ്രകടനങ്ങളുടെ ചില ദൃശ്യങ്ങളിലെയ്ക്ക് 
ലാവണ്യ അവതരിപ്പിച്ച ശകുന്തള 


കൃഷ്ണനും രാധയുമായി അഭിഷേകും അഭിരാമിയും 


നൃത്ത ചുവടുകളുമായി കൂട്ടുകാര്‍ 





ജന്മദിന സമ്മാനങ്ങള്‍

വൈവിധ്യമാര്‍ന്ന ജന്മദിനാശംസകള്‍

കൂട്ടുകാരുടെ ഓരോ ജന്മദിനവും ഓരോ അനുഭവമാകുന്നു ....
വൈഷ്ണവിയുടെ ജന്മദിനം 



ശാരിയുടെ ജന്മ ദിനത്തിന് ഒരു കൈവിളക്ക് അവള്‍ സ്കൂളിന് സമ്മാനിച്ചു 



സന്ധ്യയ്ക്കും ആര്യയ്ക്കും  ജില്ലാതല തലത്തില്‍ ലഭിച്ച മികവിന്‍റെ സര്‍ട്ടിഫിക്കറ്റ്‌ കൈമാറുന്നു 




സ്കൂളിന് ബി ആര്‍ സി തല മികവിന്‍റെ പങ്കാളിത്തത്തിന് ലഭിച്ച ട്രോഫിയുമായി കൂട്ടുകാരുടെ കൂട്ടം 



Saturday, 5 March 2016

വിദ്യാലയ പ്രവര്‍ത്തനങ്ങള്‍

സ്നേഹയുടെ പിറന്നാള്‍ 



   മൂന്നാം തരത്തില്‍ പഠിക്കുന്ന സ്നേഹയുടെ പിറന്നാള്‍ അവളുടെ കൂട്ടുകാര്‍ ആഘോഷമാക്കി . പുസ്തകം എസ് എസ് ജി മെമ്പറായ ശ്രീമതി ബിജിഷ്മയ്ക്ക് കൈമാറിയാണ് അവള്‍ തന്‍റെ ജന്മദിനത്തിന് ലഭിച്ച സ്നേഹത്തിന് മറുപടി നല്‍കിയത് 
മരത്തണലിലെ കൂട്ടായ്മ 



   പതിനൊന്നരയ്ക്ക് എല്ലാ ദിവസവും അവര്‍ ആ മരത്തണലില്‍ എന്നും ഒത്തു ചേരും .... വീട്ടില്‍ നിന്നും കൊണ്ട് വരുന്ന ഭക്ഷണ വസ്തുക്കള്‍ പരസ്പരം പങ്കുവച്ച് കഴിക്കും . വിശേഷങ്ങള്‍ പറഞ്ഞും കൂട്ട് കൂടിയും ഉള്ള ഈ കൂട്ടായ്മ കാണുന്നവര്‍ക്ക് പോലും വിശപ്പ് മാറും . ഇടയ്ക്ക് വരുന്ന അധ്യാപകര്‍ക്കും അവര്‍ കൊണ്ട് വരുന്ന വിഭവങ്ങളുടെ പങ്ക് വച്ച് നീട്ടും ....
പഠനക്കൂട്ടം സ്വയം പര്യാപ്തമാകുന്നു 




 ഉച്ചയുടെ ഇടവേളകളില്‍ കൂട്ടുകാരിപ്പോള്‍ സര്‍ഗാത്മക പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു . ആരുടേയും പ്രേരണ അവര്‍ക്കിപ്പോള്‍ ആവശ്യമില്ല . കഥകള്‍ മെനയാനും പാട്ടുകള്‍ക്ക് വരികള്‍ ചേര്‍ക്കാനും കൂട്ടായ്മയോടെ അവര്‍ പരിശ്രമിക്കുന്നു .
സ്കൂള്‍ തല ആസൂത്രണം 
   അടുത്ത വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ഘട്ട സ്കൂള്‍ തല ആസൂത്രണം 5/3/2016 ശനിയാഴ്ച സ്കൂളില്‍ വച്ച് നടന്നു . രക്ഷിതാക്കളും അധ്യാപകരുമാണ് ആദ്യ ഘട്ട അക്കാദമിക കൂടിച്ചേരലില്‍ പങ്കെടുത്തത് . അടുത്ത ഘട്ടത്തില്‍ താല്പര്യമുള്ള അക്കാദമിക വിദഗ്ധരെയും ബി ആര്‍ സി പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും . അതിനു ശേഷമായിരിക്കും അടുത്തവര്‍ഷത്തെ വാര്‍ഷിക പദ്ധതിയ്ക്ക് രൂപം നല്‍കുക . ഈ കൂടിച്ചേരലുകള്‍ക്ക് ഭക്ഷണം ഞങ്ങള്‍ക്ക് തയ്യാറാക്കി നല്‍കിയത് എസ് എം സി അംഗങ്ങള്‍ ആണ് .