Saturday, 24 October 2015

സ്കൂള്‍ വിശേഷങ്ങളിലൂടെ.....

ആയിരം മണിക്കൂര്‍ പഠനസമയം ...



പഠിക്കാനുള്ള അവകാശം കൂട്ടുകാര്‍ക്ക് ഉറപ്പു വരുത്തുക ഏതൊരു വിദ്യാലയത്തിന്റെയും പ്രാഥമികമായ കടമയാണ് . ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ക്ക് ആയിരം മണിക്കൂര്‍ പഠനസമയം ഉറപ്പു വരുത്തുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ് ആര്‍ ജി കൂടിച്ചേരലില്‍ ഞങ്ങള്‍ രൂപം നല്‍കി . ഇപ്പോള്‍ എന്നും രാവിലെ 9 മണിക്ക് ഞങ്ങള്‍ കൂട്ടുകാരോടൊപ്പം ഒത്തുചേരും ... അനൗപചാരികമായി ..... നാടന്‍പാട്ട് , പഴഞ്ചൊല്ല് , കടങ്കഥ , നിഴല്‍ നാടകം , കവിതകള്‍ പരിചയപ്പെടല്‍... അങ്ങനെ വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങളുമായി .... കവിതകളും കഥകളും കേള്‍ക്കാന്‍ , ചൊല്ലാന്‍ , വിലയിരുത്താന്‍ , വായിക്കാന്‍ നിരവധി അവസരങ്ങള്‍ ..... കൂട്ടത്തില്‍ ചില ലേഖന പ്രവര്‍ത്തനങ്ങളും ....
സഹപഠനത്തിന്‍റെയും സഹ അധ്യാപനത്തിന്റെയും പുത്തന്‍ മാതൃകകള്‍ ഇവിടെ സൃഷ്ട്ടിക്കപ്പെടുന്നു ... ചേച്ചിയും അനുജനും ഒരുമിച്ചിരുന്ന് പഠനത്തിന്‍റെ മധുരം നുണയുന്നു...
     എന്‍റെ ടീമിലെ അധ്യാപകരായ അംഗങ്ങള്‍ ഇവയ്ക്ക് സ്വമനസ്സാലെ നേതൃത്വം നല്‍കുന്നു ... ആവേശപൂര്‍വ്വം കൂട്ടുകാരും ....


സച്ചുവിന്റെ ജന്മദിനം 



   സച്ചു മൂന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍ ..... അവന്‍റെ ജന്മദിനത്തിന് ഒരു പുസ്തകം ഓണസ്റ്റി ഷോപ്പില്‍ നിന്നും വാങ്ങിയാണ് അവന്‍ രാവിലെ ക്ലാസ്സിലെത്തിയത് ... അസംബ്ലിയില്‍ വച്ച് പുസ്തകം അവന്‍റെ ടീച്ചര്‍ക്ക് കൈമാറി .... തന്‍റെ ജന്മദിനത്തിന് സ്കൂളിലെ കൂട്ടുകാര്‍ക്ക് വായിക്കാനായി പുസ്തകം സമ്മാനമായി നല്‍കിയ സച്ചുവിന് കൂട്ടുകാര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു .


ദേവികയുടെ സമ്മാനം 



രണ്ടാം തരത്തിലെ ദേവികയ്ക്ക് പൂക്കളെ ഇഷ്ട്ടമാണ് ...പ്രത്യേകിച്ച് ചുവന്ന റോസാപ്പൂക്കളെ .... അച്ഛനെയും കൂട്ടി ഇടയ്ക്കിടയ്ക്ക്  തൊട്ടടുത്തുള്ള കുഴിപ്പള്ളം ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പോയി പൂക്കള്‍ക്കിടയില്‍ കുറച്ചുനേരം നടക്കുക അവളുടെ ഇഷ്ട്ട വിനോദമാണ്‌ ... കഴിഞ്ഞ ദിവസം ഒരു റോസാചെടിയുമായാണ് അവള്‍ സ്കൂളിലെത്തിയത് ... പ്രീതാരാജ് ടീച്ചറിന്‍റെ കൈയ്യില്‍ തന്‍റെ കൂട്ടുകാര്‍ക്കായി ആ ചുവന്ന റോസാച്ചെടി സ്നേഹപൂര്‍വ്വം അവള്‍ കൈമാറി ....


പ്രീ പ്രൈമറി ക്ലാസ്സില്‍ മധുരമുള്ള പ്രവര്‍ത്തനങ്ങള്‍ 



  കഴിഞ്ഞ ദിവസം പ്രീ പ്രൈമറി ക്ലാസ്സിലെ കൂട്ടുകാര്‍ അധ്യാപകരോടൊപ്പം വട്ടം കൂടിയിരുന്ന് പഴങ്ങള്‍ കഴുകുകയും കഷണങ്ങളാക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു . അവര്‍ ഫ്രൂട് സാലഡ് ഉണ്ടാക്കാനുള്ള വഴികള്‍ പഠിക്കുകയാണ് ... എന്തൊക്കെ പഴങ്ങള്‍ ? നിറം ? രുചി ? ആകൃതി ? പങ്കുവയ്ക്കല്‍ തകൃതിയായി നടക്കുന്നു . 



ഇതിനിടയില്‍ ചില മിടുക്കന്മാര്‍ ചില കഷണങ്ങള്‍ വായിലാക്കുകയും ചെയ്യുന്നുണ്ട് . അവര്‍ വളരെ വേഗം ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്ന വിധം പഠിച്ചു . പാത്രങ്ങളില്‍ ആക്കിയ ഫ്രൂട്ട് സാലഡ് അവര്‍ സ്കൂളിലെ മുതിര്‍ന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും വിതരണം ചെയ്തു .....

Saturday, 17 October 2015

ദിനാഘോഷങ്ങള്‍

ലോക കൈകഴുകല്‍ ദിനം 2015
               ഓരോ ദിനവും കൂട്ടുകാര്‍ക്ക് പുതിയ പുതിയ അനുഭവങ്ങള്‍ നല്‍കുന്നവയായി മാറണം .... ഈ വര്‍ഷത്തെ ലോക കൈകഴുകല്‍ ദിനാഘോഷം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികളോടെ ഞങ്ങളുടെ വിദ്യാലയത്തിലും ആഘോഷിച്ചു ......കാഴ്ച്ചകളിലേയ്ക്ക് ....
പ്രത്യേക അസംബ്ലി
      അസംബ്ലിയില്‍ കൂട്ടുകാരുടെ വൈവിധ്യമാര്‍ന്ന അവതരണങ്ങള്‍ , കൈകഴുകല്‍ ദിന പ്രതിഞ്ജ , ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രകാശനം എന്നിവ നടന്നു .




 ബഹുമാനപ്പെട്ട ബി പി ഓ ശ്രീമതി ലത ടീച്ചര്‍ , ആരോഗ്യ പ്രവര്‍ത്തക ശ്രീമതി ബിന്ദു , സി ആര്‍ സി കൊ ഓര്‍ഡിനേറ്റര്‍ ശ്രീമതി സന്ധ്യ എന്നിവര്‍ പങ്കെടുത്തു
വര്‍ണ്ണശബളമായ  റാലി നടന്നു .....


വിവിധ മത്സരങ്ങള്‍ നടന്നു ....
പോസ്റ്റര്‍ രചനാ മത്സരം , കവിതാലാപനം , ചിത്രംവര എന്നിവ നടന്നു . ചില കൂട്ടുകാരുടെ പോസ്റ്ററുകള്‍ കൗതുകമുണര്‍ത്തുന്നവയായിരുന്നു



കൈകളുടെ ആകൃതിയിലുള്ള പ്ലക്കാര്‍ഡുകള്‍ നിര്‍മ്മിച്ചു പിടിച്ചു കൊണ്ടാണ്  കൂട്ടുകാര്‍ റാലിയില്‍ പങ്കെടുത്തത് .....


Saturday, 19 September 2015

മികവിന്‍റെ സാക്ഷ്യപത്രം

നിരന്തര വിലയിരുത്തലിന് ഒരു ഉപകരണം കൂടി ....

      രാജയോഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് " നമ്മുടെ എല്ലാ അറിവും അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് " കൂട്ടുകാര്‍ നിര്‍മ്മിക്കുന്ന അറിവുകള്‍ , നേടുന്ന കഴിവുകള്‍ അധ്യാപകര്‍ അടുത്തറിയുകയും അവയില്‍ എത്തിച്ചേരാന്‍ കഴിയുന്ന അനുഭവങ്ങള്‍ ക്ലാസ്സ്‌ മുറിയില്‍ സൃഷ്ട്ടിക്കുകയും ചെയ്യുമ്പോഴാണ് അധ്യാപകധര്‍മ്മം പൂര്‍ണ്ണമാകുന്നത് ...
      അധ്യാപകനെ ഏറ്റവുമധികം സ്നേഹിക്കാനും അടുത്ത്‌ ഇടപഴകാനും തങ്ങളില്‍ ഒരാളായി കാണാനും കൂട്ടുകാര്‍ ഇഷ്ട്ടപ്പെടുന്നു .... അധ്യാപകരെ കുറിച്ച് നന്മയുടെ സൂചകങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്താനും അത് കളങ്കമില്ലാതെ അധ്യാപകരോട് നേരിട്ട് പറയാനും അവര്‍ മടിക്കാറില്ല . ( അതിനുള്ള അന്തരീക്ഷം സൃഷ്ട്ടിക്കപ്പെട്ടാല്‍ മാത്രം ...) .ഇത്തരത്തിലുള്ള സന്തോഷകരമായ അനുഭവങ്ങള്‍ അധ്യാപന ജീവിതത്തിലെ തന്നെ സുന്ദരമായ മുഹൂര്‍ത്തങ്ങളാണ് .... ഇത്തരം വിലയിരുത്തലുകള്‍ കുഞ്ഞുവാക്കുകളിലൂടെ കേള്‍ക്കുമ്പോള്‍ അധ്യാപകര്‍ അനുഭവിക്കുന്ന വികാരം അത് അനുഭവിച്ചു തന്നെ അറിയണം .... വാക്കുകളിലൂടെ വരച്ചുകാട്ടുക പ്രയാസം .....
     ഇത്തരം സന്തോഷം കൂട്ടുകാര്‍ക്കും അനുഭവവേദ്യമാക്കുന്നതിനു നമുക്ക് കഴിയും . അതിനുള്ള വഴികളെക്കുറിച്ചുള്ള ചിന്തകള്‍ക്കിടയിലാണ് താഴെ കാണുന്ന പ്രവര്‍ത്തന രീതി നടപ്പിലാക്കാന്‍ കാരണമാകുന്നത് .
      ക്ലാസ്സ്‌ റൂം പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ സുന്ദരമായ ചില മുഹൂര്‍ത്തങ്ങളിലൂടെയും ഉല്‍പ്പന്നങ്ങള്‍ കാണുന്നതിലൂടെയും ഓരോ കൂട്ടുകാരന്റെയും വ്യക്തിപരമായ കഴിവുകള്‍ , മികവുകള്‍ നമ്മുടെ ഹൃദയത്തെ കീഴടക്കും ... അത്തരം നന്മകള്‍ പകരേണ്ടതുണ്ട്... അതിനുവേണ്ടി തയ്യാറാക്കിയ ഒരു സര്‍ഗാത്മക ഉപകരണമാണ് " മികവിന്‍റെ സാക്ഷ്യപത്രം " ഇതു തല്‍സമയം തന്നെ ഗുണാത്മക സൂചകങ്ങള്‍ നന്മയുള്ള വാക്കുകളായി എഴുതി നല്‍കാന്‍ തീരുമാനിച്ചു 



ലക്ഷ്യങ്ങള്‍ 

  • കൂട്ടുകാര്‍ക്ക് സ്വന്തം കഴിവുകള്‍ സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള ശേഷി വികസിപ്പിക്കുന്നതിന് 
  • "എനിക്കും ചില കഴിവുകളുണ്ട് " എന്ന ബോധം മനസ്സില്‍ സൃഷ്ട്ടിക്കുന്നതിലൂടെ ആത്മവിശ്വാസത്തോടെ പഠന പ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിയുന്നതിന്...
  • എല്ലാ കൂട്ടുകാര്‍ക്കും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിലൂടെ പരസ്പര ബഹുമാനവും ആദരവും നിലനിര്‍ത്തുന്നതിന് ...
  • വിവിധ മൂല്യങ്ങള്‍ , മനോഭാവങ്ങള്‍ എന്നിവ കൂട്ടുകാരില്‍ വളര്‍ത്തുന്നതിന്
  • പഠനത്തിന്റെ വഴികള്‍ പരിചയപ്പെടുന്നതിന്
  • മറ്റുള്ളവരെ അംഗീകരിക്കുക , പ്രോത്സാഹിപ്പിക്കുക എന്നിവ ജീവിതത്തിലെ സുപ്രധാനമായ ജീവിതചര്യയായി മാറ്റാന്‍ പ്രേരിപ്പിക്കുന്നതിന് .... 

പ്രവര്‍ത്തനരീതി 

  • ക്ലാസ്സ്‌ മുറിയിലെ നിരന്തര നിരീക്ഷണത്തിലൂടെയും ഉല്‍പ്പന്ന വിലയിരുത്തലിലൂടെയും മറ്റും കൂട്ടുകാരുടെ മികവുകള്‍ കണ്ടെത്തി മികവിന്‍റെ പുസ്തകത്തില്‍ ( ഹെഡ്‌മാസ്റ്ററുടെ ഡയറി ) രേഖപ്പെടുത്തുന്നു 
  • ഗുണാത്മക സൂചകങ്ങള്‍ രൂപപ്പെടുത്തി ' മികവിന്‍റെ സാക്ഷ്യപത്രത്തില്‍  രേഖപ്പെടുത്തി തത്സമയം കൂട്ടുകാര്‍ക്ക് കൈമാറുന്നു 
  • അധ്യാപിക ഇത് ക്ലാസ്സിനു പരിചയപ്പെടുത്തണം 
  • കുടുംബ അംഗങ്ങളെയും ബന്ധുക്കളെയും മറ്റും കാണിക്കാനും അവരുടെ നന്മയുള്ള വാക്കുകള്‍ നേടാനും പ്രേരിപ്പിക്കണം 
  • എസ് ആര്‍ ജിയിലും ക്ലാസ്സ്‌ പി റ്റി എ കളിലും ചര്‍ച്ച ചെയ്യണം 
  • പഠനത്തിന്‍റെ മികവുകള്‍ , പ്രത്യേക കഴിവുകള്‍ , മൂല്യങ്ങള്‍ ,മനോഭാവങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തണം 
  • പല ഘട്ടങ്ങളായി എല്ലാ കൂട്ടുകാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി എന്ന് ഉറപ്പുവരുത്തണം 
  • എഴുത്ത് രൂപങ്ങള്‍ സ്റ്റാറ്റിക്ക് ആകാതെ നോക്കണം . കൂട്ടുകാര്‍ക്ക് വായിച്ചാല്‍ മനസ്സിലാകുന്ന തരത്തില്‍ ലളിതമായി ഗുണാത്മക സൂചകങ്ങള്‍ തയ്യാറാക്കി എഴുതി നല്‍കണം 
  • ഒരു കൂട്ടുകാരന് ഒരു അക്കാദമിക വര്ഷം വൈവിധ്യമാര്‍ന്ന പത്ത് സര്‍ട്ടിഫിക്കറ്റുകള്‍ എങ്കിലും ലഭിച്ചു എന്ന് ഉറപ്പു വരുത്തണം 
  • സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം കൈമാറി കാണാനുള്ള സ്വാഭാവികമായ അനുഭവങ്ങള്‍ ഒരുക്കണം 

സര്‍ട്ടിഫിക്കറ്റുകളുടെ അഞ്ഞൂറ് കോപ്പികള്‍ ഇപ്പോള്‍ പ്രിന്‍റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് ... അവ കൂട്ടുകാരിലെയ്ക്ക് ഗുണാത്മക സൂചകങ്ങള്‍ രേഖപ്പെടുത്തി എത്തിക്കുക എന്ന സര്‍ഗാത്മക പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്...

Tuesday, 8 September 2015

വായനാമുറി

പാഠപുസ്തകക്കൂട് ഒരുങ്ങി .....

   ഞങ്ങളുടെ വിദ്യാലയത്തില്‍ കൂട്ടുകാര്‍ക്കായി ഒരു വായനാമുറി തയ്യാറായി ..... 
വായനാമുറിയ്ക്ക് വേണ്ടി നടത്തിയ ഒരുക്കങ്ങള്‍ .....
പുസ്തകങ്ങള്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ അടുക്കി വച്ചു
പുസ്തകങ്ങളെ വിഷയാടിസ്ഥാനത്തിലും ക്രമത്തിലുമാക്കി ....
ചുവരില്‍ കവികളുടെയും കഥാകാരന്മാരുടെയും മറ്റും ചിത്രങ്ങള്‍ ഒട്ടിച്ചു 


വായനയെ പ്രചോദിപ്പിക്കുന്ന ചിത്രങ്ങള്‍ , പുസ്തകങ്ങളിലെയും മറ്റും പ്രശസ്ത ഭാഗങ്ങള്‍ എന്നിവ കൊണ്ട് മുറി  അലങ്കരിച്ചു 






പത്ര പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക സ്ഥലമൊരുക്കി


വായനയുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മറ്റൊരു പ്രത്യേക സ്ഥലം ക്രമീകരിച്ചു


ബാലമാസികകളും മറ്റും പ്രദര്‍ശിപ്പിക്കുന്നതിനു ഒരു റാക്ക് സ്ഥാപിച്ചു 


ചുമതലകള്‍ കൂട്ടുകാര്‍ക്ക് വിഭജിച്ചു നല്‍കി 
പാഠപുസ്തകക്കൂട്


           വായനാ മുറി ഒരുക്കുന്നതിനിടയില്‍ 1950 മുതലുള്ള പഴയ പാഠപുസ്തകങ്ങള്‍ ഞങ്ങള്‍ കണ്ടെടുത്തു . അതു മുഴുവന്‍ ഒരു പഴയ പെട്ടി പെയിന്റടിച്ചെടുത്ത് അതിനകത്ത് ക്രമീകരിച്ചു . പാഠപുസ്തകക്കൂട് എന്ന് പേരിട്ടു . നൂറിലധികം പുസ്തകങ്ങളാണ് ഇങ്ങനെ ഞങ്ങള്‍ക്ക് ലഭിച്ചത് . വായനയ്ക്കും പാഠപുസ്തകങ്ങളുടെ വിലയിരുത്തലിനും പറ്റുന്ന അനേകം പ്രവര്‍ത്തനങ്ങള്‍ ഈ പുസ്തകങ്ങള്‍ ഉപയോഗിച്ച് നല്‍കാന്‍ കഴിയും ...

Wednesday, 2 September 2015

ദിനാഘോഷങ്ങള്‍

സ്വാതന്ത്ര്യദിനാഘോഷം

        സ്കൂളിലെ സ്വാതന്ത്യ ദിനാഘോഷം " സ്വാതന്ത്ര്യ സ്മൃതി  2015 " എന്ന പ്രത്യേക പ്രവര്‍ത്തന പരിപാടിയുടെ രൂപത്തില്‍ അരങ്ങേറി ..... 


പഞ്ചായത്ത് മെമ്പര്‍ ശ്രീ കൊടങ്ങാവിള വിജയകുമാര്‍ പതാക ഉയര്‍ത്തി .....


 ദേശഭക്തി ഗാനാലാപനം , സ്വാതന്ത്യ സ്മൃതി ഘോഷയാത്ര , പ്രത്യേക ബാലസഭ , പായസ വിതരണം എന്നിവ സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു 
ഓണോത്സവം 2015 

     ഈ വര്‍ഷത്തെ ഓണോത്സവ പ്രവര്‍ത്തന പരിപാടി എസ് എം സി യുടെ നേതൃത്വത്തില്‍ നടന്നു . അത്തപ്പൂക്കള മത്സരം കൂട്ടുകാര്‍ക്ക് പുത്തന്‍ ആശയങ്ങളുടെയും പ്രതീക്ഷകളുടെയും അരങ്ങായി മാറി ......



  ചിത്ര പൂക്കളങ്ങള്‍ക്ക് കൂട്ടുകാര്‍ നിറം നല്‍കി .......
ആര്‍പ്പു വിളികളുടെയും ഓണപ്പാട്ടുകളുടെയും അകമ്പടിയോടെ അത്യധികം സന്തോഷത്തോടെയാണ് കൂട്ടുകാര്‍ മാവേലിയെ വരവേറ്റത് .....


   ഓണസദ്യയും ഓണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു .... വിജയികള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കി ....

Sunday, 16 August 2015

ഓണസ്റ്റി ഷോപ്പ്

ഒരു സ്വപ്നം കൂടി യാഥാര്‍ഥ്യമാകുന്നു ......


                    അക്കാദമിക സ്വപ്‌നങ്ങള്‍ കാണുന്നവരാണ് ചുണ്ടവിളാകം എല്‍ പി സ്കൂളിലെ അധ്യാപകര്‍ ....അവരുടെ മനോഹരമായ ചില അക്കാദമിക സ്വപ്‌നങ്ങള്‍ കൂടി സഫലമാകുന്നു .....
കൂട്ടുകാര്‍ക്ക് ഗണിതവും ഭാഷയും പരിസരപഠനവും സ്വാഭാവികമായി പഠിക്കാന്‍ ഒരു പഠനോപകരണമായി ഓണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു .... ചക്രങ്ങളില്‍ പിടിപ്പിച്ച ഒരു മനോഹരമായ കളിവണ്ടിയായി ഓണസ്റ്റി ഷോപ്പ് മാറി ....
    കൂട്ടുകാര്‍ തന്നെ രാവിലെ ഈകളിവണ്ടി ഉരുട്ടി വരാന്തയില്‍ കൊണ്ട് വയ്ക്കും ... അതിന്‍റെ പുറം ചുവരുകളില്‍ പുതിയ സൃഷ്ട്ടികള്‍ പിന്‍ ചെയ്തു വയ്ക്കും .... വിറ്റതിന്റെ കണക്കുകള്‍ ശേഖരിക്കും ... പരസ്യ ബോര്‍ഡില്‍ പുതിയ പരസ്യങ്ങള്‍ പതിക്കും ...സത്യസന്ധതയുമായി കഥകള്‍ കണ്ടെത്തി അതിനായുള്ള സ്ഥലത്ത് ഒട്ടിക്കും ... പ്രവര്‍ത്തനങ്ങളില്‍ ആരും പറയാതെ താല്പര്യപൂര്‍വ്വം അവര്‍ പങ്കെടുക്കുന്നു....
     ഓണസ്റ്റി ഷോപ്പിനൊപ്പം വായനാ മുറിയും വിവിധ ലാബുകളും ഉത്ഘാടനം ചെയ്തു .... ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ കേശവന്‍ പോറ്റി , എസ് എസ് എ യിലെ ഡി പി ഓ ശ്രീ രാജേഷ്‌ , ബാലരാമപുരം എ ഇ ഓ ശ്രീ ഹൃഷികേശ് , പഞ്ചായത്ത് മെമ്പര്‍ ശ്രീ കോടങ്ങാവിള വിജയകുമാര്‍ , ഡയറ്റ് അംഗം ശ്രീ സെല്‍വരാജ് , ബി  ആര്‍ സി അംഗങ്ങളായ ശ്രീ സുനില്‍ കുമാര്‍ , ശ്രീമതി വത്സല ലത , ശ്രീമതി സന്ധ്യ എന്നിവര്‍ സാക്ഷികളായി ...


ഓണസ്റ്റി ഷോപ്പ് ശ്രീ രാജേഷ്‌ സാര്‍ ഉദ്ഘാടനം ചെയ്തു ....


വായനാമുറി ശ്രീ കേശവന്‍ പോറ്റി സാര്‍ ഉദ്ഘാടനം ചെയ്തു ..


ലാബുകളുടെ ഉദ്ഘാടനം ശ്രീ ഹൃഷികേശ് സാര്‍ നിര്‍വഹിച്ചു ...


പൊതു സമ്മേളനം ശ്രീ കോടങ്ങാവിള വിജയകുമാര്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു ....


ഓണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തനവും അക്കാദമിക ലക്ഷ്യങ്ങളും പവര്‍ പോയിന്‍റ് അവതരണത്തിലൂടെ ശ്രീ സുനില്‍ സാര്‍ സദസ്സിനെ ബോധ്യപ്പെടുത്തി ...
ശ്രീ സെല്‍വരാജ് സാര്‍ ആശംസകള്‍ നേര്‍ന്നു ...


ശ്രീമതി സന്ധ്യ ടീച്ചര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു ...


പി റ്റി എ പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു .....
ഓണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങളും രീതികളും വിശദമായി .....





















ഓണസ്റ്റി ഷോപ്പ് ഞങ്ങളുടെ കൂട്ടുകാര്‍ക്ക് വേണ്ടി നിര്‍മ്മിച്ചു നല്‍കിയ ശ്രീ അനില്‍കുമാറിന് നന്ദി..........