Tuesday, 13 September 2016

അധ്യാപക ദിനാഘോഷം

വേറിട്ട അനുഭവങ്ങളുമായി ഒരു ആഘോഷം

    അധ്യാപക ദിനാഘോഷം എല്ലാ വര്‍ഷവും നടക്കുന്ന ഒരു പ്രവര്‍ത്തനമാണ് ... ഇത്തവണ അത് കൂട്ടുകാര്‍ക്ക് എങ്ങനെ ഒരു പുത്തന്‍ അനുഭവമാക്കി മാറ്റാന്‍ കഴിയും എന്ന ചിന്തയാണ് താഴെ കാണുന്ന രീതിയില്‍ ഒരു കൂട്ടം പ്രവര്ത്തനങ്ങള്‍ ഒരുക്കാന്‍ ഞങ്ങളെ സഹായിച്ചത് ....
രാവിലെ എട്ടരയ്ക്ക് കൂട്ടുകാരും അധ്യാപകരും സ്കൂളിലെത്തി ....
ഡോ എസ് രാധാകൃഷ്ണന്‍റെ ചിത്രവും നിലവിളക്കും തോരണങ്ങളും എല്ലാം കൂട്ടുകാര്‍ നിമിഷങ്ങള്‍ക്കകം ഒരുക്കി .... പ്ലക്കാര്‍ഡുകള്‍ ആര് പിടിക്കണം എന്ന് അവര്‍ തീരുമാനിച്ചു . ബാനര്‍ പിടിക്കാന്‍ പൊക്കമുള്ള കൂട്ടുകാരെ അവര്‍ കണ്ടെത്തി ....
കൂട്ടുകാരുടെ കൂട്ടം തയ്യാറാക്കിയ മുദ്രാഗീതങ്ങള്‍ റിഹെഴ്സല്‍ നടത്തി ....
ഒന്‍പതു മണി കഴിഞ്ഞപ്പോഴേക്കും ബി ആര്‍ സിയില്‍ നിന്നും സന്ധ്യ ടീച്ചറും സവിത ടീച്ചറും എത്തി .അല്പം കഴിഞ്ഞപ്പോള്‍ ബഹുമാനപ്പെട്ട എ ഇ ഓ ശ്രീമതി ഉമ ടീച്ചറും ഞങ്ങളോടൊപ്പം ചേര്‍ന്നു  ...
 ഉദ്ഘാടനം കൃത്യം 10 മണിക്ക് തന്നെ നടന്നു .... അസംബ്ലിയില്‍ ജീവിത ശൈലിയെ കുറിച്ച് ക്ലാസ്സ് എടുത്തുകൊണ്ട് ഉമ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .... 


കൂട്ടുകാരും ടീച്ചറും ചേര്‍ന്ന്‍ ഡോ രാധാകൃഷ്ണന്‍റെ ചിത്രത്തിന് മുന്നില്‍ ദീപം തെളിച്ചു . അധ്യാപകദിന സമ്മാനം നല്‍കി ഉമടീച്ചറിനെ ആദരിച്ചു ....
ഗ്രാമയാത്രയിലേയ്ക്ക്....


     പഠനത്തിനായി ഗ്രാമ യാത്രകള്‍ സംഘടിപ്പിക്കാന്‍ ഇത്തവണ ഞങ്ങള്‍ തീരുമാനിച്ചിരുന്നു . അധ്യാപക ദിനത്തിന് ഗുരുവര്യരെ തേടിയാണ് യാത്ര സംഘടിപ്പിച്ചത് . അതിനുള്ള അഭിമുഖ ചോദ്യാവലി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു . ശ്രീമതി പ്രകാശി ടീച്ചറിന്‍റെ വീട്ടിലേയ്ക്കായിരുന്നു യാത്ര ... അവിടെയെത്തി ടീച്ചറിന്‍റെ അനുഗ്രഹങ്ങള്‍ കൂട്ടുകാര്‍ തേടി ... തുടര്‍ന്ന്‍ അഭിമുഖവും നടന്നു ... പായസവും മധുരവും ഒരുക്കി ടീച്ചര്‍ കാത്തിരിപ്പുണ്ടായിരുന്നു .... പോകുന്ന വഴിയോരങ്ങളില്‍ ഗ്രാമയാത്ര കണ്ടുനിന്നവര്‍ക്ക്‌ അധ്യാപകന്‍റെ മഹത്വം വിളംബരം ചെയ്യുന്ന ഗ്രാമപത്രങ്ങള്‍ വിതരണം ചെയ്തു ....


ടീച്ചറും കുട്ടിയും കളി

    കൂട്ടുകാരെ നാല് ഗ്രൂപ്പുകളാക്കി ടീച്ചറും കുട്ടിയും കളി നടത്തി ... തികഞ്ഞ അവധാനതയോടെ അവര്‍ മുതിര്‍ന്ന ടീച്ചര്‍മാരായി...
ഉച്ചയ്ക്ക് ശേഷം മഹാന്മാരായ അധ്യാപകരുടെ ജീവിതങ്ങള്‍ , അധ്യാപക കഥകള്‍ , ഡോ രാധാകൃഷ്ണന്‍റെ ജീവിത രേഖകള്‍ എന്നിവ പവര്‍പോയിന്റ് വഴിയും സി ഡികള്‍ ഇട്ടും കൂട്ടുകാരെ പരിചയപ്പെടുത്തി ...


ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍

       എങ്ങനെയാണ് ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍ കൂട്ടുകാരെ പഠിപ്പിക്കുക ?
അതിനു ക്ലാസ്സ് മുറിയില്‍ എന്തൊക്കെ അവസരങ്ങള്‍ ഒരുക്കണം ... ?

  • കൂട്ടുകാരുടെ മികവുകള്‍ ആദരിക്കപ്പെടണം
  • ജനാധിപത്യ മാതൃകകള്‍ ക്ലാസ്സ് മുറിയില്‍ പരിചയപ്പെടാന്‍ അവസരമോരുങ്ങണം
  • തികഞ്ഞ ഒരു ജനാധിപത്യ വാദിയായി അധ്യാപകര്‍ മാറണം

ഉദാ:-
കഴിഞ്ഞ ദിവസം അധ്യാപകരുടെ നോട്ടു പുസ്തകങ്ങള്‍ പരിചയപ്പെടാനും വിലയിരുത്താനും ഞങ്ങള്‍ ക്ലാസ്സ് റൂമില്‍ അവസരമൊരുക്കി ... അവ വിലയിരുത്തുന്നതിന് ചില സൂചകങ്ങള്‍ തയ്യാറാക്കി പരിചയപ്പെടുത്തി . അവര്‍ ഉത്സാഹത്തോടെ അധ്യാപകരുടെ നോട്ടു പുസ്തകങ്ങള്‍ പരിശോധിച്ച് മാര്‍ക്കിട്ടു .... തുടര്‍ന്ന്‍ ഇതേ സൂചകങ്ങള്‍ ഉപയോഗിച്ച് പഠനക്കൂട്ടത്തില്‍ പരസ്പര വിലയിരുത്തലുകള്‍ നടത്തി



ഓണോത്സവം

പതിവ് പരിപാടികളുമായി ഓണം ഞങ്ങളുടെ വിദ്യാലയത്തിലും ആഘോഷിച്ചു ... ഓണസദ്യ , ഊഞ്ഞാല്‍ ആട്ടം , ഓണപ്പാട്ടുകള്‍ , ഓണസമ്മാനം , കഥകള്‍ , അത്തപ്പൂക്കള മത്സരം എന്നിവ നടന്നു


കൂട്ടുകാര്‍ക്കുള്ള ഓണസദ്യയ്ക്ക് വിഭവങ്ങളുമായി കാത്തു നില്‍ക്കുന്ന രക്ഷിതാക്കള്‍ 


Wednesday, 31 August 2016

സ്നേഹസമ്മാനം

കൂട്ടുകാര്‍ക്ക് സമ്മാനമായി വായന കാര്‍ഡുകള്‍ 

          ശ്രീ വിജയന്‍ കുന്നുമക്കര .... അദ്ദേഹം ആരാണെന്നറിയില്ല ഞങ്ങള്‍ക്ക് ... പക്ഷെ ...  ഞങ്ങളുടെ കുഞ്ഞു ബ്ലോഗ്‌ കാണുകയും പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ചെയ്യുക പതിവാക്കിയ അദ്ദേഹത്തെ ഇപ്പോള്‍ ഞങ്ങള്‍ അറിയുന്നു... അദ്ദേഹം സ്നേഹപൂര്‍വ്വം അയച്ചു തന്ന മനോഹരമായ വായന കാര്‍ഡുകളിലൂടെ ....
        ശ്രീമതി പ്രീത ടീച്ചറിന്‍റെ കൈയ്യില്‍ നിന്നും അവര്‍ ഈ കാര്‍ഡുകള്‍ ഏറ്റുവാങ്ങി . 


കൊറിയറില്‍ അയച്ചുതന്ന ഈ സ്നേഹ സമ്മാനം ഒരു വിദ്യാലയത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് ... ഇതൊരു മാതൃക കൂടിയാണ് ... വിവിധ തലങ്ങളിലുള്ള സ്കൂള്‍ കലോത്സവങ്ങളില്‍ ട്രോഫികള്‍ തേച്ചു മിനുക്കാന്‍ പതിനായിരങ്ങളാണ് സാധാരണ ചെലവഴിക്കാറുള്ളത് . അതിനു പകരം ഇത്തരം സമ്മാനങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ....
     കാര്‍ഡുകള്‍ കിട്ടിയപാടെ കൂട്ടുകാര്‍ അവ എല്ലാം തറയില്‍ നിരത്തി വച്ചു... അവയുടെ ചന്തം കാണാന്‍ ...45 ലാമിനേറ്റു ചെയ്ത വര്‍ണ്ണ കാര്‍ഡുകള്‍ .... 


തീര്‍ച്ചയായും ഈ കാര്‍ഡുകള്‍ ഓരോന്നും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കൂട്ടുകാരെ മുഴുവന്‍ ഞങ്ങള്‍ പരിചയപ്പെടുത്തും ....ലഭിച്ച സമ്മാനത്തിന് നന്ദി അറിയിച്ച് ശ്രീ വിജയന്‍ കുന്നുമക്കരയ്ക്കും അദ്ദേഹത്തിന്‍റെ ഫെയിത്ത് ബുക്ക്സിനും കത്ത് എഴുതാന്‍ സ്കൂള്‍ ലീഡറെ കൂട്ടുകാരുടെ കൂട്ടം ചുമതലപ്പെടുത്തി ....


Saturday, 27 August 2016

കൂട്ടുകാര്‍ക്ക് സമ്മാനം

കത്തിന് മറുപടി കിട്ടി ... ഒപ്പം സമ്മാനവും ...


കൂട്ടുകാര്‍ എഴുതിയ കത്തുകള്‍ക്ക് ശ്രീ ഹൃഷികേശ് സാര്‍ മറുപടി എഴുതി ... എഴുതിയ മുഴുവന്‍ കൂട്ടുകാര്‍ക്കും കത്ത് കിട്ടി ... അവരുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ... കൂട്ടത്തില്‍ ഇന്ത്യയുടെ ഒരു ഭൂപടം സമ്മാനമായും ലഭിച്ചു ... ഇത് പുതു തലമുറയ്ക്ക് ഒരു പുത്തന്‍ അനുഭവമാണ് ...



ഒരു രക്ഷിതാവ് തന്റെ മകന് ലഭിച്ച കത്തിനെ കുറിച്ച് ഇങ്ങനെയാണ് പ്രതികരിച്ചത് ..." ടീച്ചര്‍ എന്‍റെ മകനും എനിക്കും ഇത് ഒരു മറക്കാന്‍ കഴിയാത്ത അനുഭവമാണ് . ഇന്നലെ രാത്രി ഈ കത്തും കൈയില്‍ പിടിച്ചാണ് എന്‍റെ മോന്‍ ഉറങ്ങാന്‍  കിടന്നത് ... അയച്ച ശ്രീ ഹൃഷികേശ് സാറിനോട് എന്‍റെ നന്ദി അറിയിക്കണേ ..." ആ കുടുംബത്തിന്റെയും ഒപ്പം ഞങ്ങളുടെയും നന്ദി സാറിനെ അറിയിക്കുന്നു ....

എസ് എസ് യുടെ ന്യൂസ്‌ ലെറ്ററില്‍ ഞങ്ങളുടെ വിദ്യാലയവും 

ഞങ്ങളുടെ വിദ്യാലയത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഓണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ എസ് എസ് എ ന്യൂസ്‌ ലെറ്ററിലും വാര്‍ത്തയാകുന്നു . വാര്ത്തയിലേയ്ക്ക് .....



Monday, 22 August 2016

പൊതു വിദ്യാലയ കൂട്ടായ്മകള്‍

 ജിബി സാറിന്‍റെ ശാസ്ത്ര പഠന ക്ലാസ്സ് ...


അവണാകുഴി ഗവണ്മെന്റ് എല്‍ പി സ്കൂളിലെ മികച്ച ശാസ്ത്ര അധ്യാപകനാണ് ശ്രീ ജിബി സാര്‍ ... ഈ മാസത്തെ ഞങ്ങളുടെ അതിഥി ജിബി സാറായിരുന്നു . സൂക്ഷ്മ ജീവികളെ കുറിച്ചും അവയുടെ പ്രത്യേകതകള്‍ . , മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ചെയ്യുന്ന ഗുണങ്ങള്‍ ദോഷങ്ങള്‍ എന്നിവയെ കുറിച്ചും അദ്ദേഹം കൂട്ടുകാരുമായി സംവദിച്ചു ....സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുന്നതിനുള്ള ഉപകരണമായ മൈക്രോസ്കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ , ചരിത്രം എന്നിവയും പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയും നേരിട്ടുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ലളിതമായി കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തു .


അദ്ദേഹത്തിന്‍റെ അക്കാദമിക മികവുകള്‍ ബോധ്യപ്പെടുന്ന മികവിന്‍റെ സാക്ഷ്യപത്രവും പുസ്തകവും നല്‍കി കൂട്ടുകാര്‍ ജിബിസാറിനെ സ്വാഗതം ചെയ്തു . പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ സേവനങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമായി പ്രസ്തുത പരിപാടി മാറി ...ശ്രീ ജിബി സാറിനു നന്ദി ...

കുട്ടി ചിത്രകാരന്മാര്‍ക്ക് ചിത്ര പ്രദര്‍ശനത്തിന് സ്ഥിരം വേദി ...


    സ്മാര്‍ട്ട്‌ ക്ലാസ്സ് മുറിയില്‍ ഒരു വെള്ളത്തുണി വലിച്ചു കെട്ടി ... നന്നായി ചിത്രം വരയ്ക്കുന്നവര്‍ക്ക് ചിത്രം ഇവിടെയും പ്രദര്‍ശിപ്പിക്കാം ... ആദ്യ അവസരം രണ്ടാം ക്ലാസ്സുകാര്‍ വിനിയോഗിച്ചു ...  ആ കാഴ്ചയിലേയ്ക്ക് .... 

Sunday, 21 August 2016

വായനാ വസന്തം

വായനാ പുരസ്ക്കാരങ്ങള്‍ 


വായന കൂട്ടുകാര്‍ക്ക് ലഹരിയായി മാറാന്‍ നിരവധി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കേണ്ടതുണ്ട് . വായനയുടെ വിശേഷങ്ങള്‍ കേള്‍ക്കാനും പലതരം വായനകള്‍ പരിചയപ്പെടാനും പുസ്തകങ്ങളിലൂടെ അറിവിന്‍റെ ഖനി തേടി യാത്ര ചെയ്യാനും അവര്‍ക്ക് അവസരമോരുങ്ങണം . വായനയുടെ പരിശീലനം അവര്‍ക്ക് ലഭിക്കണം . മികച്ച വായനാനുഭവങ്ങള്‍ അവരുമായി പങ്കു വയ്ക്കണം . ഇതിനൊക്കെയുള്ള അവസരങ്ങള്‍ പലതരത്തില്‍ ഞങ്ങളുടെ വിദ്യാലയത്തിലെ കൂട്ടുകാര്‍ക്ക് ലഭിക്കുന്നു . 
       ആരുടേയും പ്രേരണയില്ലാതെ വായനാ ലോകത്ത് വിഹരിക്കുന്ന കൂട്ടുകാര്‍ അതാണ്‌ ഞങ്ങളുടെ സ്വപ്നം ... അതിലേയ്ക്കുള്ള വഴി തേടിയുള്ള യാത്രയില്‍ ഒരു പുതുതന്ത്രം കൂടി... 
വായനാ പ്രതിഭാ പുരസ്ക്കാരം 
    നല്ല വായനക്കാരെ കണ്ടെത്തി അവര്‍ക്ക് വായനാ പ്രതിഭ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ തത്സമയം അവരുടെ നോട്ടു ബുക്കില്‍ ഒട്ടിച്ചുനല്‍കും. ഓരോ ടേമിലും കൂടുതല്‍ സ്റ്റിക്കര്‍ കിട്ടിയ കൂട്ടുകാരെ വായനാപുരസ്ക്കാരം നല്‍കി ആദരിക്കും 
ഫീല്‍ഡ് ട്രിപ്പ് 


 കൃഷിയുടെ പാഠങ്ങള്‍  തേടി ഒരു യാത്ര ...കുഴിപ്പള്ളം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനം പുറം വാതില്‍  പഠനത്തിന്‍റെ എല്ലാ സാധ്യതകളും ഉറപ്പു വരുത്തുന്നതായിരുന്നു ... എസ് ആര്‍ ജിയില്‍ അതിനു വേണ്ട ആസൂത്രണം നടത്തി . സ്കൂള്‍ ഇല്ലാത്ത ദിവസം തീരുമാനിച്ച് ( ശനിയാഴ്ച ) പഠനയാത്ര സംഘടിപ്പിച്ചു . 


നടന്ന പ്രവര്‍ത്തനങ്ങള്‍ 



  • പഠനക്കൂട്ടം  ചോദ്യങ്ങള്‍ തയ്യാറാക്കി 
  • വായിച്ച് അവതരപ്പിച്ച് മെച്ചപ്പെടുത്തി
  • ചോദ്യങ്ങളും നിരീക്ഷണ ചുമതലകളുമായി സന്ദര്‍ശന സ്ഥലത്തേയ്ക്ക് 
  •  പി റ്റി എ അംഗങ്ങളുടെ സഹകരണം തേടി ... അവരെ ഒപ്പം കൂട്ടി ...  പഠന പ്രക്രിയ അവരെയും പഠിപ്പിച്ചു ...
  • സംശയങ്ങള്‍ നീക്കാനുള്ള ചുമതല അതാത് ക്ലാസ്സിലെ അധ്യാപകര്‍ക്ക് നല്‍കി ...
  • സന്ദര്‍ശനശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി 
  • ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിച്ചു മെച്ചപ്പെടുത്തി 
  • നല്ല റിപ്പോര്‍ട്ടുകള്‍ക്ക് സമ്മാനം നല്‍കി 

ദേശീയ വിരവിമുക്തി ദിനം 

വിവിധ പരിപാടികളോടെ ദേശീയ വിര വിമുക്തി ദിനം ആചരിച്ചു . പ്രദര്‍ശനം , ആരോഗ്യക്ലാസ്സ് , പവര്‍ പോയിന്‍റ് പ്രസന്റെഷന്‍ , രക്ഷകര്‍തൃ ബോധവത്കരണം എന്നിവ നടന്നു . 





സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ 


ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ബീന ബി റ്റി മുഖ്യ അതിഥി ആയിരുന്നു ....
നടന്ന പ്രവര്‍ത്തനങ്ങള്‍ 

  • പ്രസംഗം , ക്വിസ് മത്സരങ്ങള്‍ 
  • മുദ്രാ ഗീതങ്ങള്‍ തയ്യാറാക്കല്‍ 
  • സന്ദേശങ്ങള്‍ തയ്യാറാക്കല്‍ 
  • പ്രദര്‍ശനം 
  • പായസ സദ്യ 

Sunday, 24 July 2016

വിദ്യാലയ അനുഭവങ്ങള്‍

ചൂണ്ടുവിരലിന് നന്ദി .....





   അക്കാദമിക ലോകത്തെ മികച്ച ഒരു നവ മാധ്യമമാണ് ചൂണ്ടുവിരല്‍ . ശ്രീ കലാധരന്‍ മാഷ്‌ ഈ ബ്ലോഗിലൂടെ താന്‍ സ്വപ്നം കാണുന്ന അക്കാദമിക മികവുകള്‍ ഒരു മികച്ച ഗവേഷകനെപ്പോലെ നിരന്തരം....  കൃത്യതയോടെ .... പ്രസിദ്ധീകരിക്കുന്നു . വിദ്യാലയ മികവുകള്‍ എവിടെ നിന്ന് കിട്ടിയാലും അത് ഒപ്പിയെടുത്ത് നന്മയുടെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഞങ്ങളുടെ മുന്നില്‍ എത്തിക്കുന്നു . ഞങ്ങള്‍ അത് അടിച്ചു മാറ്റി പല പേരുകളിലാക്കി വിദ്യാലയങ്ങളില്‍ നടപ്പിലാക്കി ഊറ്റം കൊള്ളുന്നു .... 
     ഇത്തവണ വായനാ വസന്തം പരിപാടിയ്ക്ക് രൂപം നല്‍കിയപ്പോള്‍ ഞങ്ങള്‍ മുഴുവന്‍ ആശ്രയിച്ചത് ചൂണ്ടുവിരലിനെയാണ് ... വായനയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റും വായിച്ചു നോക്കി . അധ്യാപകരുമായി ചര്‍ച്ച ചെയ്തു . വായനാ പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നേറുന്നു ..... 
താഴെ കാണുന്ന ടീച്ചിംഗ് മാന്വല്‍ കാണുക .....
അതില്‍ മികച്ച വായനക്കാരെ അംഗീകരിക്കാന്‍ ഒരു ശ്രമം എങ്ങനെയെന്ന് വിവരിക്കുന്നു .... കൂട്ടുകാരിലെ വായനാ പ്രതിഭയ്ക്ക് ഒരു വിളിപ്പേര് നല്‍കണം ... അതിന് ഈ ബ്ലോഗ്‌ കാണുന്നവരുടെ നിര്‍ദ്ദേശം കൂടി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.... 
അവ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കും അതില്‍ നിന്നും പേര് തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് തന്നെ നല്‍കും ....
ഈ ചിന്തകള്‍ ഞങ്ങളില്‍ നിറച്ച ചൂണ്ടുവിരലിന് നന്ദി ....

സ്വയം വിലയിരുത്തലിന് ഒരു പ്രവര്‍ത്തനം കൂടി...



    ഞങ്ങള്‍ കുറെ ചുവന്ന പേനകള്‍ വാങ്ങി .... അവ ക്ലാസ്സില്‍ സൂക്ഷിക്കും . ക്ലാസ്സിലെ വായനാ ലേഖന പ്രവര്‍ത്തനങ്ങളില്‍ എഡിറ്റിങ്ങിനു വേണ്ടി ഇവ ഉപയോഗിക്കും .... എഴുതിയ ഓരോ വരിയും പരിശോധിക്കണം . തെറ്റില്ലെങ്കില്‍ ശരിയിടാം . തെറ്റാണെങ്കില്‍ ചുവന്ന പേന ഉപയോഗിച്ച് തിരുത്താം . ചില വിരുതന്മാര്‍ സ്വയം പെന്‍സില്‍ കൊണ്ട് എഴുതിയത് ആരും കാണാതെ ശരിയാക്കി ശരിയിട്ട് വയ്ക്കും .... ഞങ്ങളുടെ ലക്‌ഷ്യം രണ്ടായാലും നേടുമെന്ന് അവര്‍ അറിയുന്നില്ലല്ലോ ....
പോസ്റ്റര്‍ രചന ഇങ്ങനെയും...


ഞങ്ങളുടെ സ്കൂളിന് മുന്നില്‍ ഉണങ്ങിയ ഒരു മരം നില്‍ക്കുന്നു ... അതിന്‍റെ അപകടം നിരവധി തവണ അധികാരികളെ അറിയിച്ചിരുന്നു. നാട്ടുകാരെ ഈ അപകടം അറിയിക്കാന്‍ കൂട്ടുകാര്‍ തയ്യാറാക്കിയ പോസ്റ്റര്‍ വായനയ്ക്കുള്ള ഉപകരണം കൂടിയായി 

മലാല ദിനം ആചരിച്ചു ....



  കൂട്ടുകാര്‍ക്ക് അഭിമാനവും മാതൃകയുമായ മലാല യൂസഫ്‌ സായിയുടെ അനുഭവങ്ങള്‍ , പോരാട്ടങ്ങള്‍ , പുസ്തകങ്ങള്‍ എന്നിവ കൂട്ടുകാരെ പരിചയപ്പെടുത്താന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി 

കഴിഞ്ഞ ആഴ്ചയില്‍ ജന്മദിനം ആഘോഷിച്ച കൂട്ടുകാരന്‍



ക്ലാസ്സിനൊരു മരം 


 അതിയന്നൂര്‍ കൃഷിഭവനില്‍ നിന്നും ഞങ്ങള്‍ക്ക് 5 മരങ്ങള്‍ ലഭിച്ചു . അവ 5 ക്ലാസ്സുകള്‍ക്കായി  നല്‍കി . ഈ മരത്തിന്‍റെ വിശേഷങ്ങള്‍ കൂട്ടുകാര്‍ സ്വന്തം ഡയറിയില്‍ കുറിക്കും ... ഞങ്ങളുമായി പങ്കു വയ്ക്കും . ഞങ്ങള്‍ പറയാതെ തന്നെ അവയെ പരിപാലിക്കും തീര്‍ച്ച ...

Friday, 8 July 2016

വായനാവാരം  പ്രവർത്തനങ്ങൾ
    ഈ വർഷത്തെ വായനാവാര പ്രവർത്തനങ്ങൾ കൂട്ടുകാരുടെ നേതൃത്വത്തിൽ നടന്നു . വായനാ പരിശീലനം നടന്നു  . മൗനവായന , ആശയ ഗ്രഹണ വായന , ശ്രാവ്യവായന , വിമർശനാത്മക വായന ...  എന്നിങ്ങനെ വിവിധ വായനാ രൂപങ്ങൾ കൂട്ടുകാർ പരിശീലിച്ചു . 
വായനയുടെ വിശേഷങ്ങൾ 


     വായനയുടെ വിശേഷങ്ങൾ ഉൾപ്പെടുത്തി ഒരു പ്രദർശനം സംഘടിപ്പിച്ചു . കണ്ടാൽ മാത്രം പോരാ .... വായിച്ചു ചോദ്യങ്ങൾ തയ്യാറാക്കണം . ആ ചോദ്യങ്ങൾ പ്രഥമാധ്യാപകനോട് ചോദിക്കാം . അദ്ദേഹത്തെ ചോദ്യം ചോദിച്ചു തോല്പിക്കുന്ന കൂട്ടുകാർക്കെല്ലാം സമ്മാനം നൽകും . 


പുസ്തക പ്രദർശനം 


ഞങ്ങളുടെ വിദ്യാലയത്തിലെ മുഴുവൻ പുസ്തകങ്ങളും ബെഞ്ചിലും തറയിലുമായി നിരത്തി വച്ചു . ക്‌ളാസ് അടിസ്ഥാനത്തിൽ കാണാൻ അവസരം നൽകി . ഒരു മത്സരവും സംഘടിപ്പിച്ചു . പുസ്തകങ്ങളെ കുറിച്ചു  ചെറു കുറിപ്പുകൾ തയ്യാറാക്കണം . അതിൽ താഴെ പറയുന്ന കാര്യങ്ങൾ ഉണ്ടാകണം 

  • പുസ്തകത്തിന്റെ പേര് 
  • എഴുതിയതാര് 
  • ഏതു വിഭാഗത്തിൽ പെടുന്നു 
  • പുറന്താൾ കുറിപ്പിൽ നിന്നും പ്രസക്തമായ ഒരു വരി  ...

വായനയെ കുറിച്ചു മഹാന്മാർ പറഞ്ഞ കാര്യങ്ങൾ 
   വായനയുമായി ബന്ധപ്പെട്ട മഹത്വചനങ്ങൾ കൂട്ടുകാരെ പരിചയപ്പെടുത്തി . ഓരോ ദിവസവും ക്‌ളാസ് മുറിയിൽ ഇവ ചർച്ച ചെയ്തു 
ഉദാ ;- " ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് മനസ്സിന് വായന " - റിച്ചാർഡ് സ്റ്റീൽ 
"വായന മനുഷ്യനെ പൂർണ്ണനാക്കുന്നു " - ഫ്രാൻസിസ് ബേക്കൺ 
വായനയുടെ വിശേഷങ്ങൾ കത്തെഴുത്ത് 



 വായനാ വാരത്തിൽ നടന്ന പ്രവർത്തനങ്ങളെ കുറിച്ചു ഹൃഷികേശ് സാറിന്  കൂട്ടുകാർ കത്തുകളെഴുതി  . ഓണസ്‌റ്റി ഷോപ്പിൽ നിന്നും പോസ്റ്റ് കാർഡുകൾ വാങ്ങിയാണ് അവർ കത്തുകൾ തയ്യാറാക്കിയത് . സാർ അതിനു മറുപടിയും എഴുതിയിരുന്നു .....
വായന ക്വിസ് , പ്രസംഗ മത്സരങ്ങൾ 


വായനയിലൂടെ വായനയെ കുറിച്ചു അവർ നിർമ്മിച്ച അറിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള  അവസരമായി ഈ മത്സരങ്ങൾ മാറി .... 
എന്റെ വായന എന്നതായിരുന്നു വിഷയം 
വായനാവാരം വിലയിരുത്തൽ രക്ഷിതാക്കളുടെ മുന്നിൽ 
പി റ്റി എ പൊതുയോഗം വിളിച്ചു ചേർത്താണ്  ഇത്തവണ വായനാ വാര പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തിയത് . നടന്ന പ്രവർത്തനങ്ങൾ , കൂട്ടുകാരുടെ തത്സമയ പ്രകടനങ്ങൾ എന്നിവയ്ക്ക് ഈ യോഗം വേദിയായി . 
സൗജന്യ യൂണിഫോം ലഭിച്ചു 


എസ് എസ് എ  നൽകിയ രണ്ടു ജോഡി യൂണിഫോമിന് പുറമെ പഴവങ്ങാടി ഗണപതി കോവിലിന്റെ വകയായി 30  കൂട്ടുകാർക്ക് സൗജന്യ യൂണിഫോം ലഭിച്ചു . ക്ഷേത്ര ഭരണ സമിതിയെ ഞങ്ങൾ നന്ദി അറിയിക്കുന്നു . ജാതി മത വ്യത്യാസമില്ലാതെ നൽകുന്ന ഈ നന്മയാർന്ന പ്രവർത്തനത്തെ ഞങ്ങൾ ആദരവോടെ എന്നെന്നും ഓർക്കും 
ജന്മദിന പുസ്തക സമ്മാന പദ്ധതി തുടരുന്നു 



 ജന്മ ദിനത്തിന് പുസ്തകം സമ്മാനമായി വിദ്യാലയത്തിന് സമർപ്പിക്കുന്ന പ്രവർത്തന പരിപാടി ഈ വർഷവും തുടരും . അതിനുള്ള പുസ്തകങ്ങൾ ഓണസ്‌റ്റി ഷോപ്പിൽ വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട് 
നാടകാചാര്യന് പ്രണാമം 


അന്തരിച്ച കവിയും മലയാള നാടക വേദിയുടെ ആചാര്യനും കേരളത്തിന്റെ തനതു നാടൻ കലകളുടെ സംരക്ഷകനുമായിരുന്ന ശ്രീ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തിൽ കൂട്ടുകാരുടെ കൂട്ടം അനുശോചനം രേഖപ്പെടുത്തി .