Monday 15 December 2014

വിദ്യാലയ അനുഭവങ്ങള്‍

കൂട്ടുകാരുടെ കൊട്ടാരമായി പ്രീ പ്രൈമറി വിഭാഗം....

ഞങ്ങളുടെ വിദ്യാലയത്തിലും ഒരു പ്രീ പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട് . എല്‍ കെ ജി , യു കെ ജി വിഭാഗങ്ങളിലായി മുപ്പത്തിയഞ്ച് കൂട്ടുകാരും രണ്ട് അധ്യാപകരും ഒരു ആയയും...... പ്രവര്ത്തനാധിഷ്ട്ടിത പഠനരീതി തന്നെയാണ് ഇവിടെയും പിന്തുടരുന്നത് . കളികളും പാട്ടുകളും കഥകളും കൊണ്ട്‌ സമ്പന്നമാണ് ക്ലാസ്സ്‌മുറികള്‍ . ധാരാളം കളിപ്പാട്ടങ്ങളും കുഞ്ഞു കുഞ്ഞുചിത്രപുസ്തകങ്ങളും കൂട്ടുകാര്‍ക്ക് വേണ്ടി ഇവിടെ ഒരുക്കിയിട്ടുണ്ട് .
     ജീവിതവൃത്തി പരിശീലനം , പ്രാക് ലേഖന,ഭാഷണ,വായനാ പ്രവര്‍ത്തനങ്ങള്‍ ,ചെറുകായികപരിശീലനങ്ങള്‍ എന്നിവ കൂട്ടുകാര്‍ക്ക് നല്‍കുന്നുണ്ട് . കടലാസുകൊണ്ട് വിവിധ രൂപങ്ങള്‍ ഉണ്ടാക്കാന്‍ മിടുക്കരാണ് ഞങ്ങളുടെ കൂട്ടുകാര്‍ . തൊപ്പി ,വള്ളം,കൊക്ക്എന്നിവയൊക്കെ അവര്‍ പേപ്പര്‍ കൊണ്ട് നിര്‍മ്മിക്കുന്നു.....


     മുതിര്‍ന്ന കൂട്ടുകാര്‍ ഏര്‍പ്പെടുന്ന പഠനപ്രവര്‍ത്തനങ്ങളില്‍ കൗതുകപൂര്‍വം പങ്കാളികളാകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സദാ സന്നദ്ധരാണ് ഇവര്‍ . രാവിലെ സ്കൂളിലെത്തുന്ന എല്ലാ അധ്യാപകരെയും നിറഞ്ഞ ചിരിയോടെയും നമസ്തേ പറഞ്ഞും ഇവര്‍ സ്വാഗതം ചെയ്യും .
     പുറത്ത് പോയി കളിക്കുന്നത് ആണ് അവര്‍ക്ക് ഇഷ്ട്ടമുള്ള ഒരു കാര്യം .


 ഭക്ഷണകാര്യങ്ങളിലും മറ്റും തികഞ്ഞ ശുചിത്വശീലങ്ങള്‍  പാലിക്കാന്‍ അധ്യാപകര്‍ ഇവരെ പരിശീലിപ്പിക്കുന്നുണ്ട്. ശുദ്ധജലത്തിന്റെ വിനിയോഗം ,ക്ലാസ്സ്‌ റൂം മര്യാദകള്‍ , ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ,രക്ഷിതാക്കളോടുള്ള ഇടപെടലുകള്‍ എന്നിവയെ സംബന്ധിച്ചും വിവിധ നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ നല്‍കുന്നു .



      ക്ലാസ്സ്‌റൂം ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കുന്നതിനുള്ള അവസരവും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടെ ഒരുക്കുന്നുണ്ട് . കരഞ്ഞും വിളിച്ചും ക്ലാസ്സ്‌ മുറിയില്‍ എത്തുന്ന ഈ കൂട്ടുകാരെ സ്നേഹപൂര്‍ണ്ണമായ ഇടപെടലിലൂടെ വിദ്യാലയത്തെ സ്നേഹിക്കാന്‍ അധ്യാപകര്‍ പ്രാപ്തരാക്കുന്നു . 

1 comment: