Friday 24 July 2015

കഥോത്സവം 2015

കഥാകാരന്‍റെ കഥ കേള്‍ക്കാന്‍ കൂട്ടുകാര്‍ കാതോര്‍ത്തിരുന്നു ....


         ഞങ്ങളുടെ ഈ അധ്യയന വര്‍ഷത്തെ കഥോത്സവം 2015 പ്രതിമാസ കഥ ചൊല്ലല്‍ പരിപാടി പ്രശസ്ത കഥാപ്രസംഗ കലാകാരനും തിരക്കഥാകൃത്തും കവിയുമായ ശ്രീ നെല്ലിമൂട് രാജേന്ദ്രന്‍ നിര്‍വഹിച്ചു . 
ഒരു വട്ടം കൂടി എന്‍ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം ..... എന്ന് തുടങ്ങുന്ന ഓ എന്‍ വിയുടെ വരികള്‍ മനോഹരമായി ആലപിച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടുകാരോട് സംവദിച്ചു തുടങ്ങിയത് ......
തന്‍റെ ബാല്യകാലവിദ്യാലയ സ്മരണകള്‍ ശ്രീ രാജേന്ദ്രന്‍ കൂട്ടുകാരുമായി പങ്കു വച്ചു ....  പച്ചമാങ്ങയും വെള്ളവും മാത്രം കുടിച്ച് സ്കൂളില്‍ കഴിഞ്ഞ കുട്ടിക്കാലം ..... ചായക്കടയിലെ കണ്ണാടി അലമാരകളില്‍ ധാരാളമായിരുന്ന പഴകേക്കിനെ ഇഷ്ട്ടപ്പെട്ടിരുന്ന കാലം .....അമ്മൂമ്മമാരുടെ കഥ കേട്ട് വളര്‍ന്നകാലം ..... 
ഇന്ന് കാലം മാറി ..... കഥകള്‍ കൂട്ടുകാര്‍ക്ക് അന്യമായി ..... അന്ന് കുട്ടികളുടെ പിണക്കം മാറ്റാന്‍ മുതിര്‍ന്നവര്‍ കഥകള്‍ പറയുമായിരുന്നു .... ചരിത്ര കഥകള്‍ , പുരാണ കഥകള്‍ , സ്വയം മെനഞ്ഞെടുത്ത അനുഭവ കഥകള്‍ ..... ഇന്ന്‍ റ്റി വി സീരിയലുകളും പരസ്യങ്ങളും ആ സ്ഥാനം കൈയേറ്റിരിക്കുന്നു ... ആവശ്യമുള്ളതും ഇല്ലാത്തതും അവന്റെ മനസ്സില്‍ മറയില്ലാതെ കയറുന്നു ... 
  കഥ കേട്ട് വളര്‍ന്ന കുട്ടിക്കാലമാണ് പില്‍ക്കാലത്ത്‌ സ്വപ്നം കാണാനും അതിലൂടെ കഥാകാരനാകാനും ശ്രീ രാജേന്ദ്രനെ സഹായിച്ചത്‌ എന്ന് അദ്ദേഹം പറഞ്ഞു ... "വലിയ വലിയ സ്വപ്‌നങ്ങള്‍ കാണണം" ... അദ്ദേഹം അബ്ദുല്‍കലാമിന്റെ വാക്കുകള്‍ കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചു .... വില്യം വേഡ്സ്‌വര്‍ത്ത് , മടിയനായ കുട്ടി , എന്നിങ്ങനെ കൊച്ചുകൊച്ചു കഥകള്‍ കൂട്ടുകാര്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കി .... 
ചുറ്റുമുള്ള ചെടികളോടു കിന്നാരം പറയാനും അവരെ കളിക്കൂട്ടുകാരനാക്കാനും ശ്രമിക്കണം ....അങ്ങനെ പ്രകൃതിയിലെയ്ക്ക് മടങ്ങണം .... കൂട്ടുകാര്‍ അതൊക്കെ കാലും നീട്ടിയിരുന്ന്‍ കേട്ടിരുന്നു .... നിശബ്ദരായി .....


ഇടയ്ക്ക് പാലാ നാരായണന്‍നായരെയും ഉള്ളൂരിനെയും വള്ളത്തോളിനെയും അദ്ദേഹം പരിചയപ്പെടുത്തി ....ശ്രീ തലയല്‍ കേശവന്‍നായര്‍ സാറിന്‍റെ വില്‍പാട്ട് മുതല്‍ കഥാപ്രസംഗം വരെയുള്ള വിവിധ കലാരൂപങ്ങള്‍ സോദാഹരണസഹിതം വിശദീകരിക്കാനും അദ്ദേഹം മറന്നില്ല .... സ്വന്തമായി എഴുതി തയ്യാറാക്കിയ ഒരു ഓണപ്പാട്ട് കൂടി പാടി കൊണ്ടാണ് കഥോത്സവം അദ്ദേഹം അവസാനിപ്പിച്ചത് ...കൈകൊട്ടി താളമിട്ട് കൂട്ടുകാര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു ....  കഥയുടെ അരങ്ങ് കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയ ശ്രീ നെല്ലിമൂട് രാജേന്ദ്രന് നന്ദി .....
കഷ്ട്ടപ്പെട്ട് പഠിക്കരുത് ....
ഇഷ്ട്ടപ്പെട്ടു പഠിക്കണം .....അദ്ദേഹം അവതരിപ്പിച്ച ഇത്തരം കാര്യങ്ങള്‍ കൂട്ടുകാര്‍ ഒരിക്കലും മറക്കില്ല .....കഥോത്സവം തുടരും .....

No comments:

Post a Comment