Sunday 12 June 2016

പ്രഥമാധ്യാപകന്റെ ഡയറിക്കുറിപ്പ്‌

ഹൃഷികേശ് സാറിനൊരു യാത്രാമൊഴി
       

 9/6/2016 വ്യാഴം ഇന്നു ഞാന്‍ ലീവാണ് .... പതിവ് ആരോഗ്യ പരിശോധനകള്‍ക്കായി നെയ്യാറ്റിന്‍കരയിലേയ്ക്ക് പോയിരുന്നു . തലേ ദിവസം തന്നെ ആറാമത് പ്രവൃത്തി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ടീച്ചിംഗ് മാന്വലും എഴുതി അധ്യാപകരെ മുന്‍കൂട്ടി ഏല്പിച്ചിരുന്നു . പത്തര മണിയായിക്കാണും .... ഫോണ്‍ ശബ്ദിക്കുന്നു .... ഹൃഷികേശ് സാറിന്‍റെ നമ്പര്‍ ... കാള്‍ എടുത്ത് സ്പീക്കര്‍ മോഡിലിട്ട് കൂടെ കൂട്ടിനു വന്ന ബീനയെ ഏല്‍പ്പിച്ചു . എനിക്ക് സന്തോഷമായി . സാറിന്‍റെ റിട്ടയര്‍ ചെയ്ത ശേഷമുള്ള ആദ്യ ദിന വിശേഷങ്ങള്‍ പറയാനായിരിക്കും വിളിക്കുന്നത് .... പക്ഷേ .... അതല്ല സാര്‍ പറഞ്ഞത് . എത്രയും പെട്ടെന്ന് എ ഇ ഓ ഓഫീസില്‍ എത്തണം . സാര്‍ അങ്ങനെ ആവശ്യപ്പെട്ടെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടാകണം . പരിശോധനാ ഫലങ്ങള്‍ വാങ്ങാന്‍ കാത്തില്ല . നേരെ എ ഇ ഓ ഓഫീസിലേയ്ക്ക് .... അവിടെ എത്തിയ ഞാന്‍ എ ഇ ഓ യുടെ കാബിനിലാണ് ആദ്യം നോക്കിയത് ... അപ്പോഴാണ്‌ ഓര്‍ത്തത് സാര്‍ പെന്‍ഷനായ കാര്യം .
        ഓഫീസിന് പുറത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി കുറച്ചു ബെഞ്ചുകളും മേശയും ഒരുക്കിയിട്ടുണ്ട് . അതില്‍ ഒരു ബെഞ്ചിന്‍റെ അറ്റത്ത്‌ പതിവ് ചിരിയുമായി സാറുണ്ട് ... എന്നെ കണ്ടയുടന്‍ രണ്ടു കൈയും നെഞ്ചോട്‌ ചേര്‍ത്ത് സാധാരണ വണങ്ങുന്നത് പോലെ അന്നും വണങ്ങി . .... മഴ പുറത്ത് തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു . ... മുറി മുഴുവന്‍ നനഞ്ഞ് ഈറനായിരുന്നു . " സാറിന്‍റെ സ്കൂളിലെ ആറാമത് പ്രവൃത്തി ദിനത്തിലെ വിവരങ്ങള്‍ ഓണ്‍ ലൈനില്‍ ചെയ്യണം . ഇവിടത്തെ കമ്പ്യൂട്ടറില്‍ ചെയ്യാം . അതിനാണ് വിളിച്ചത് ..." സാര്‍ പറഞ്ഞു . ഞാന്‍ വേഗത്തില്‍ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ ചേര്‍ത്തു. ഇതിനിടയില്‍ ഹൃഷികേശ് സാര്‍ ഓഫീസില്‍ പതിവ് പോലെ ഓടി നടക്കുന്നുണ്ടായിരുന്നു . എത്താത്ത വിദ്യാലയങ്ങളെ അറിയിക്കാനും വന്ന വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരെ സഹായിക്കാനും .....
  ഇതാണ് ഹൃഷികേശ് സാര്‍ ... സാറിന്‍റെ സാന്നിധ്യം ബാലരാമപുരം സബ്ജില്ലയിലെ അക്കാദമിക സമൂഹത്തിന് നഷ്ട്ടമായിരിക്കുന്നു ...
2016 മെയ്‌ 31 ന് സാര്‍ റിട്ടയര്‍ ചെയ്തു ....
റിട്ടയര്‍മെന്റ് പാര്‍ട്ടിയിലും യോഗത്തിലും ഒന്നിലും ഞാന്‍ പങ്കെടുത്തിരുന്നില്ല ....
മാനസികമായി എനിക്ക് അതു അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല ....  സാറിന്‍റെ വിടവാങ്ങല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതായിരിക്കും ശരി .....
കഴിഞ്ഞ 30 വശമായി പല വേഷങ്ങളില്‍ (അധ്യാപക പരിശീലകന്‍ , പ്രൈമറി അദ്ധ്യാപകന്‍ , പി റ്റി എ പ്രസിഡന്‍റ് , പ്രഥമാധ്യാപകന്‍ , എസ് ആര്‍ ജി കണ്‍വീനര്‍ ...)ഞാന്‍ ജോലി ചെയ്യുന്നു . പൊതു വിദ്യാഭ്യാസ സെക്രട്ടറി മുതല്‍ പല ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട് . 15 ലധികം എ ഇ ഓ മാരുടെ കീഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട് .... പക്ഷേ ഹൃഷികേശ് സാറിനെ പോലെ അക്കാദമിക കാര്യങ്ങള്‍ക്ക് ഇത്രമാത്രം പ്രാധാന്യം നല്‍കിയിട്ടുള്ള മറ്റൊരു വിദ്യാഭ്യാസ ഓഫീസറെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല .
എപ്പോള്‍ എ ഇ ഓ ഓഫീസില്‍ എത്തിയാലും നിമിഷ നേരം കൊണ്ട് ഒദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിച്ചു സാറിന്‍റെ മുന്നില്‍ അക്കാദമിക വിശേഷങ്ങള്‍ പങ്കു വയ്ക്കുമായിരുന്നു . അതിനു പറ്റുന്ന രീതിയില്‍ സാറിന്‍റെ സ്റ്റാഫ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു . പ്രഥമാധ്യാപക കൂടിച്ചേരലുകള്‍ അക്കാദമിക ചര്‍ച്ചകളുടെ വേദികളായി സാര്‍ മാറ്റിയിരുന്നു ...





തിരികെ റിസള്‍ട്ട്‌ വാങ്ങാനായി വീണ്ടും നെയ്യാറ്റിന്‍കരയിലേയ്ക്ക് യാത്രയാകുമ്പോള്‍ എന്‍റെ ചിന്തകള്‍ വീണ്ടും സാറിനെ ചുറ്റിപ്പറ്റി കൂട് കൂട്ടി ....
എന്തൊക്കെയാണ് ഹൃഷികേശ് സാറിന്‍റെ നന്മകള്‍ ....?

  • വിദ്യാലയങ്ങളില്‍ അക്കാദമിക ഫയലുകള്‍ക്ക് രൂപം നല്‍കി
  • ഒരു വര്‍ഷത്തില്‍ 10 പ്രാവശ്യത്തില്‍ കൂടുതലെങ്കിലും ഓരോ വിദ്യാലയത്തിലും അക്കാദമിക സഹായത്തിനായി തന്‍റെ സാന്നിധ്യം ഉറപ്പാക്കാന്‍ സാറിന് കഴിഞ്ഞു
  • ബി ആര്‍ സി യുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി പരസ്പര സഹകരണത്തിലൂടെ അക്കാദമിക മികവിനായി പ്രയത്നിച്ചു .
  • അക്കാദമിക കൂടിച്ചേരലുകളില്‍ നിരന്തരം തന്‍റെ വിദ്യാലയ അനുഭവങ്ങള്‍ , മികവുകള്‍ , മറ്റു വിദ്യാഭ്യാസ ബ്ലോഗുകളിലെ മികവുകള്‍ ( ചൂണ്ടുവിരല്‍ , മറ്റു അക്കാദമിക ബ്ലോഗുകള്‍ ...) പങ്കു വച്ചു
  • അധ്യാപകരുടെ റ്റി എമ്മിലും കൂട്ടുകാരുടെ നോട്ടുബുക്കുകളിലും നന്മയുടെ കുറിപ്പുകള്‍ നിറച്ചു .
  • അക്കാദമിക നിറവുകള്‍ പങ്കു വയ്ക്കുന്നതിന് മുത്ത് എന്ന പേരില്‍ ഒരു അക്കാദമിക ബ്ലോഗിന് രൂപം നല്‍കി
  • എന്ത് അക്കാദമിക മെച്ചപ്പെടലിനും എ ഇ ഓ കൂട്ടിനുണ്ട് എന്ന ആത്മവിശ്വാസം അധ്യാപകരില്‍ നിറച്ചു
  • അധ്യാപകര്‍ക്ക് സ്വന്തം ആനുകുല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി
  • സ്നേഹപൂര്‍ണ്ണമായ ശാസനകളിലൂടെയും നന്മ നിറഞ്ഞ ഉപദേശങ്ങളിലൂടെയും മറ്റു സഹായങ്ങളിലൂടെയും അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി
  • അധ്യാപകര്‍ക്ക് വേണ്ടി പഠനയാത്രകള്‍ , വേറിട്ട പരിശീലന പരിപാടികള്‍ എന്നിവ തുടര്‍ച്ചയായി സംഘടിപ്പിച്ചു
  • കുട്ടികള്‍ക്ക് എല്‍ എസ് എസ് /യു എസ് എസ് പരിശീലനങ്ങള്‍ , മാതൃകാ പരീക്ഷകള്‍ , മികവിന്‍റെ ദിനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു

ഇനിയും പറഞ്ഞാല്‍ തീരാത്തത്ര പരിപാടികള്‍ സാറിന്‍റെ കാലഘട്ടത്തില്‍ നടന്നു ...
അതിന്‍റെ മെച്ചം വിദ്യാലയങ്ങളില്‍ ദൃശ്യമായിരുന്നു ... അതു മുഴുവന്‍ അറിയണമെങ്കില്‍ , വ്യാപ്തി ബോധ്യപ്പെടണമെങ്കില്‍ സാറിന്‍റെ ബ്ലോഗ്‌ പരിശോധിച്ചാല്‍ മതിയാകും .....
കൊച്ചു കുട്ടികള്‍ക്ക് സ്നേഹം വിതറുന്ന അപ്പൂപ്പനായി അധ്യാപകര്‍ക്ക് കൂട്ടുകാരനായി സാര്‍ മാറിയിരുന്നു .... അതിലൂടെ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിദ്യാഭ്യാസ സംസ്ക്കാരം ഉണ്ടാക്കിയെടുക്കാന്‍ സാറിന് കഴിഞ്ഞു ....
സാറിന്‍റെ വിടവാങ്ങല്‍ മനസ്സില്‍ വേദനയായി വിങ്ങുന്നു ...
കാന്‍സര്‍ രോഗത്തെ അതിജീവിക്കാന്‍ എന്നെ സഹായിച്ച ഒരു ഘടകം കൂടിയാണ് ഹൃഷികേശ് സാര്‍ .... ചികിത്സയുടെ ഓരോ ഘട്ടത്തിലും സാര്‍ എന്‍റെ വീട്ടില്‍ എത്തിയിരുന്നു ... ശബ്ദമില്ലെങ്കിലും ഇന്നെനിക്ക് എന്‍റെ വിദ്യാലയത്തില്‍ പരിപൂര്‍ണ്ണതയോടെ പ്രവര്‍ത്തിക്കാന്‍ പ്രചോദനമായത് സാറിന്‍റെ നിറ സാന്നിധ്യം തന്നെയാണ് . 2016 -17 അക്കാദമിക വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മേയ് മാസത്തിന് മുന്‍പ് തന്നെ ഞങ്ങളുടെ വിദ്യാലയം ആസൂത്രണം ചെയ്തു കഴിഞ്ഞു . അതിനുള്ള ഉപകരണങ്ങളും തയ്യാറാക്കി കഴിഞ്ഞിരുന്നു . പുസ്തക സഞ്ചിയും പോര്‍ട്ട് ഫോളിയോ ബാഗും ഡയറിയും കുട്ടികളുടെ ബാങ്കും അവയില്‍ ചിലവ മാത്രം .....
ഇവയിലൊക്കെ വ്യത്യസ്തത നില നിറുത്താന്‍ സഹായിച്ചത് സാറിന്‍റെ ഇടപെടലാണ് ....
ഞങ്ങള്‍ തയ്യാറാക്കുന്ന അക്കാദമിക മെച്ചപ്പെടലിനായുള്ള കുറിപ്പുകളില്‍ സാര്‍ എപ്പോഴും സര്‍ഗാത്മക നിര്‍ദ്ദേശക കുറിപ്പുകള്‍ പച്ചമഷിയില്‍ രേഖപ്പെടുത്തുക പതിവാണ് .
ഈ വര്‍ഷത്തെ ഞങ്ങളുടെ വിദ്യാലയത്തിലെ അക്കാദമിക നിറവുകള്‍ മുഴുവന്‍ സാറിനുള്ള സമര്‍പ്പണമാണ്‌.... അങ്ങനെ ഞങ്ങള്‍ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തും ..... തീര്‍ച്ച .....
അതിനുള്ള തിളക്കമുള്ള തുടക്കമായിരുന്നു ഞങ്ങളുടെ പ്രവേശനോത്സവ പരിപാടികളും...

പ്രവേശനോത്സവ കാഴ്ച്ചകളിലേയ്ക്ക് ....

ഞങ്ങള്‍ ഒരുക്കിയ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്റ്റേജും സ്കൂള്‍ പരിസരവും


മണിനാദം മുഴക്കി ചടങ്ങിന് തുടക്കം കുറിച്ചു


ബാന്‍ഡ്താളം പഠനത്തിന്‍റെ താളമെന്ന പ്രഖ്യാപനം


കുട്ടികള്‍ തന്നെ ഉദ്ഘാടകര്‍ 


ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍റെ ഉദ്ഘാടന പ്രസംഗം 

മുതിര്‍ന്നവര്‍ എല്ലാത്തിനും സാക്ഷികള്‍ 

4 comments:

  1. Manoharam koottukarude pankalitham.Enne Patti parayunnathinekal nalleth koottukarude menmal parayunnathinekal.Eppozhum nammude sub jillayil 389 kootukar koodi.Ellayidathum kurajappol. Thanks a lot.Eppozhum ningalodoppum undu.

    ReplyDelete
  2. Manoharam koottukarude pankalitham.Enne Patti parayunnathinekal nalleth koottukarude menmal parayunnathinekal.Eppozhum nammude sub jillayil 389 kootukar koodi.Ellayidathum kurajappol. Thanks a lot.Eppozhum ningalodoppum undu.

    ReplyDelete
  3. ഞാന്‍ മനസ്സില്‍ കുറിച്ചിട്ട വാക്കുകള്‍ സാറിന്റ്റെ ഡയറിക്കുറിപ്പില്‍ വായിച്ചപ്പോള്‍ ഒത്തിരി സന്തോഷം...പ്രവേശനോല്‍സവം നന്നായിരിക്കുന്നു....നല്ല നല്ലപ്രവര്‍ത്തനങ്ങളുടെ അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു...

    ReplyDelete
  4. കുറിപ്പ് അത്യന്തം ഹൃദ്യമായി. മാതൃകാപ്രവര്‍ത്തനം നടത്തിയ എ ഇ ഒ യ്ക്ക് അക്കാദമികസമൂഹത്തിന് നല്‍കാവുന്ന വലിയ അംഗീകാരം

    ReplyDelete