Wednesday, 29 July 2015

മിസൈല്‍മാനു പ്രണാമം

ഡോ എ പി ജെ അബ്ദുല്‍കലാമിന് മഴവില്ലിന്റെ ആദരാഞ്ജലികള്‍ 


    ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്നി ചിറകുനല്‍കിയ ശാസ്ത്രന്ജനുമായ ഡോ എ പി ജെ അബ്ദുല്‍കലാം ജ്വലിക്കുന്ന ഓര്‍മ്മയായി മാറി ....
       സ്വപനങ്ങളുടെ രാജകുമാരനായിരുന്ന മഹാനായ ആ ഭാരത പുത്രന്‍റെ ദേഹവിയോഗത്തില്‍ ചുണ്ടവിളാകം എല്‍ പി സ്കൂളിലെ കൂട്ടുകാരും അനുശോചനം രേഖപ്പെടുത്തി .....
കുട്ടികളുടെ പ്രതിനിധി അനുശോചന സന്ദേശം അവതരിപ്പിച്ചു .....


പ്രത്യേക പോസ്റ്റര്‍ തയ്യാറാക്കി സ്കൂളിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു . പ്രത്യേക അസംബ്ലി കൂടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ...


 അഗ്നിച്ചിറകുകളിലെ പ്രധാന ഭാഗങ്ങള്‍ വായിച്ച് അവതരിപ്പിച്ചു ....
കൂട്ടുകാര്‍ വരിവരിയായി നിശബ്ദരായി നടന്ന്‌ ഗേറ്റിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ പുഷ്പവൃഷ്ട്ടി നടത്തി പ്രണാമം അര്‍പ്പിച്ചു .....
പൂക്കള്‍ ചിത്രത്തിനു ചുറ്റും കുമിഞ്ഞുകൂടി .....


ആദരാഞ്ജലികള്‍.....

Friday, 24 July 2015

കഥോത്സവം 2015

കഥാകാരന്‍റെ കഥ കേള്‍ക്കാന്‍ കൂട്ടുകാര്‍ കാതോര്‍ത്തിരുന്നു ....


         ഞങ്ങളുടെ ഈ അധ്യയന വര്‍ഷത്തെ കഥോത്സവം 2015 പ്രതിമാസ കഥ ചൊല്ലല്‍ പരിപാടി പ്രശസ്ത കഥാപ്രസംഗ കലാകാരനും തിരക്കഥാകൃത്തും കവിയുമായ ശ്രീ നെല്ലിമൂട് രാജേന്ദ്രന്‍ നിര്‍വഹിച്ചു . 
ഒരു വട്ടം കൂടി എന്‍ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം ..... എന്ന് തുടങ്ങുന്ന ഓ എന്‍ വിയുടെ വരികള്‍ മനോഹരമായി ആലപിച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടുകാരോട് സംവദിച്ചു തുടങ്ങിയത് ......
തന്‍റെ ബാല്യകാലവിദ്യാലയ സ്മരണകള്‍ ശ്രീ രാജേന്ദ്രന്‍ കൂട്ടുകാരുമായി പങ്കു വച്ചു ....  പച്ചമാങ്ങയും വെള്ളവും മാത്രം കുടിച്ച് സ്കൂളില്‍ കഴിഞ്ഞ കുട്ടിക്കാലം ..... ചായക്കടയിലെ കണ്ണാടി അലമാരകളില്‍ ധാരാളമായിരുന്ന പഴകേക്കിനെ ഇഷ്ട്ടപ്പെട്ടിരുന്ന കാലം .....അമ്മൂമ്മമാരുടെ കഥ കേട്ട് വളര്‍ന്നകാലം ..... 
ഇന്ന് കാലം മാറി ..... കഥകള്‍ കൂട്ടുകാര്‍ക്ക് അന്യമായി ..... അന്ന് കുട്ടികളുടെ പിണക്കം മാറ്റാന്‍ മുതിര്‍ന്നവര്‍ കഥകള്‍ പറയുമായിരുന്നു .... ചരിത്ര കഥകള്‍ , പുരാണ കഥകള്‍ , സ്വയം മെനഞ്ഞെടുത്ത അനുഭവ കഥകള്‍ ..... ഇന്ന്‍ റ്റി വി സീരിയലുകളും പരസ്യങ്ങളും ആ സ്ഥാനം കൈയേറ്റിരിക്കുന്നു ... ആവശ്യമുള്ളതും ഇല്ലാത്തതും അവന്റെ മനസ്സില്‍ മറയില്ലാതെ കയറുന്നു ... 
  കഥ കേട്ട് വളര്‍ന്ന കുട്ടിക്കാലമാണ് പില്‍ക്കാലത്ത്‌ സ്വപ്നം കാണാനും അതിലൂടെ കഥാകാരനാകാനും ശ്രീ രാജേന്ദ്രനെ സഹായിച്ചത്‌ എന്ന് അദ്ദേഹം പറഞ്ഞു ... "വലിയ വലിയ സ്വപ്‌നങ്ങള്‍ കാണണം" ... അദ്ദേഹം അബ്ദുല്‍കലാമിന്റെ വാക്കുകള്‍ കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചു .... വില്യം വേഡ്സ്‌വര്‍ത്ത് , മടിയനായ കുട്ടി , എന്നിങ്ങനെ കൊച്ചുകൊച്ചു കഥകള്‍ കൂട്ടുകാര്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കി .... 
ചുറ്റുമുള്ള ചെടികളോടു കിന്നാരം പറയാനും അവരെ കളിക്കൂട്ടുകാരനാക്കാനും ശ്രമിക്കണം ....അങ്ങനെ പ്രകൃതിയിലെയ്ക്ക് മടങ്ങണം .... കൂട്ടുകാര്‍ അതൊക്കെ കാലും നീട്ടിയിരുന്ന്‍ കേട്ടിരുന്നു .... നിശബ്ദരായി .....


ഇടയ്ക്ക് പാലാ നാരായണന്‍നായരെയും ഉള്ളൂരിനെയും വള്ളത്തോളിനെയും അദ്ദേഹം പരിചയപ്പെടുത്തി ....ശ്രീ തലയല്‍ കേശവന്‍നായര്‍ സാറിന്‍റെ വില്‍പാട്ട് മുതല്‍ കഥാപ്രസംഗം വരെയുള്ള വിവിധ കലാരൂപങ്ങള്‍ സോദാഹരണസഹിതം വിശദീകരിക്കാനും അദ്ദേഹം മറന്നില്ല .... സ്വന്തമായി എഴുതി തയ്യാറാക്കിയ ഒരു ഓണപ്പാട്ട് കൂടി പാടി കൊണ്ടാണ് കഥോത്സവം അദ്ദേഹം അവസാനിപ്പിച്ചത് ...കൈകൊട്ടി താളമിട്ട് കൂട്ടുകാര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു ....  കഥയുടെ അരങ്ങ് കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയ ശ്രീ നെല്ലിമൂട് രാജേന്ദ്രന് നന്ദി .....
കഷ്ട്ടപ്പെട്ട് പഠിക്കരുത് ....
ഇഷ്ട്ടപ്പെട്ടു പഠിക്കണം .....അദ്ദേഹം അവതരിപ്പിച്ച ഇത്തരം കാര്യങ്ങള്‍ കൂട്ടുകാര്‍ ഒരിക്കലും മറക്കില്ല .....കഥോത്സവം തുടരും .....

Thursday, 2 July 2015

പഠനപ്രവര്‍ത്തനങ്ങള്‍

ക്ലാസ് റൂം കാഴ്ചകളിലൂടെ .... 

      പുതിയ അക്കാദമിക വര്‍ഷത്തില്‍ ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ ക്ലാസ് മുറികള്‍ കൂട്ടുകാരുടെ സര്‍ഗാത്മക സൃഷ്ട്ടികള്‍ കൊണ്ട് നിറഞ്ഞു .... വൈവിധ്യമാര്‍ന്ന പഠന പ്രവര്‍ത്തനങ്ങള്‍ക്കാണ് ക്ലാസ് മുറികള്‍ സാക്ഷിയാകുന്നത് ...

 ചില കാഴ്ചകളിലൂടെ .....

    ഇത് പണ്ടുമുതലേയുള്ള ഒരു പഠനോപകരണമാണ് ..... മണിച്ചട്ടം ..... മാലയുടെ മുത്തുകള്‍ കൊണ്ട് നിമ്മിച്ച മണിച്ചട്ടം.... ഗണിത പഠനത്തിന്‌ ഏറ്റവും ഫലപ്രദമായ പഠനോപകരണമാണിത് ......




ഒന്നാം തരത്തിലെ കൂട്ടുകാര്‍ക്ക് വേണ്ടി തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ ..... വിലയിരുത്തലിനും സഹായകം ....



ക്ലാസ് കലണ്ടറുകള്‍ , പോര്‍ട്ട് ഫോളിയോകള്‍ എന്നിവ പുതിയ കൂട്ടുകാര്‍ക്കായി തയാറായി .....





ശുചിത്വ സേനയുടെ പ്രവര്‍ത്തനം തുടങ്ങി .....



    പച്ച നിറത്തിലുള്ള പ്രത്യേക യുണിഫോം ധരിച്ച് അവര്‍ ഓരോ ദിവസവും സ്കൂള്‍ ശുചിത്വത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു ...... ഒരു ഗ്രൂപ്പില്‍ മൂന്ന് അംഗങ്ങള്‍ വീതം ..... വിലയിരുത്തല്‍ ഫോര്‍മാറ്റ് രേഖപ്പെടുത്തുന്നതും അവര്‍ തന്നെ .....
അതിഥികളായെത്തിയവര്‍.........


  കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഞങ്ങള്‍ക്ക് കുറെ അതിഥികളുണ്ട് .... തൊഴിലുറപ്പുപദ്ധതിയിലെ സുഹൃത്തുക്കള്‍ ..... അവര്‍ സ്കൂളിലെ ജല, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചില സഹായങ്ങള്‍ നല്‍കി ..... ചരിഞ്ഞ ഭൂമി തട്ടുകളാക്കി ബണ്ടുകള്‍ നിര്‍മ്മിച്ചു. ജലം കുത്തിയൊഴുകി പോകാതെ മണ്ണിലേയ്ക്ക് ഇറങ്ങാന്‍ സംവിധാനമൊരുക്കി ....മഴക്കുഴികള്‍ നിര്‍മ്മിച്ചു ....ഇതുമൂലം മേല്‍മണ്ണ് നഷ്ട്ടപ്പെടാതിരിക്കാനും കഴിയുന്നു .... കൂടാതെ ജൈവ കൃഷിയ്ക്കുള്ള കൃഷിഭൂമി ഒരുക്കിത്തന്നു ..... ജലം , മണ്ണ് എന്നിവയുടെ സംരക്ഷണം അതി പ്രധാനമാണെന്ന പാഠം കൂട്ടുകാര്‍ക്കായി അവര്‍ സ്വന്തം പ്രവര്‍ത്തന പരിപാടിയിയുടെ നടപ്പാക്കലിലൂടെ പകര്‍ന്ന് നല്‍കി ......

Thursday, 25 June 2015

യുണിഫോം വിതരണം

ദാനത്തിന്റെ പുണ്യം.....

         ഞങ്ങളുടെ വിദ്യാലത്തിലെ പാവപ്പെട്ട അറുപതോളം കൂട്ടുകാര്‍ക്ക് ഒരു ജോഡി യുണിഫോം കൂടി സൗജന്യമായി ലഭിച്ചു ..... എസ് എസ് എ യില്‍ നിന്നും ലഭിച്ച രണ്ടു ജോഡി  യൂണിഫോമിനു പുറമേയാണിത്‌ . പഴവങ്ങാടി ഗണപതി കോവിലില്‍ നിന്നും ലഭിച്ച ഈ ദാനം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലഭിക്കുന്നുണ്ട്. ജാതിയും മതവും പരിഗണിക്കാതെ നടത്തുന്ന ഈ ദാനം ഞങ്ങളെപ്പോലെയുള്ള പൊതു വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് കൂട്ടുകാര്‍ക്ക് ലഭിക്കുന്നുണ്ട് .... ഭാരതീയമായ മതേതര പാരമ്പര്യത്തിന് ഉത്തമമായ ഉദാഹരണമായ പ്രസ്തുത ക്ഷേത്ര ട്രസ്റ്റിന്റെ ഈ പ്രവര്‍ത്തനം എല്ലാ ആരാധനാലയങ്ങളും മാതൃകയാക്കേണ്ടതാണ്. സ്കൂള്‍ അസംബ്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ കൂട്ടുകാരുടെ പ്രതിനിധിയായ സന്ധ്യ ഒന്നാം തരത്തിലെ നവാഗതനായ കൂട്ടുകാരന് യൂണിഫോം കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു .....


          ഞങ്ങളുടെ കൂട്ടുകാര്‍ക്ക് സൗജന്യമായി യുണിഫോം നല്‍കിയ പഴവങ്ങാടി ഗണപതി കോവില്‍ ട്രസ്റ്റിന് നന്ദി അറിയിക്കുന്നു 

Saturday, 20 June 2015

വായനാദിനം

വായനയുടെ ലോകത്തേയ്ക്ക്..... 

    ഈ വര്‍ഷത്തെ വായനാ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക അസംബ്ലിയോടെ ആരംഭിച്ചു .....ഒരു പുതിയ പുസ്തകം കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി . വായനയിലൂടെ നന്മയുടെ അറിവുകള്‍ ആര്‍ജ്ജിക്കുമെന്നും പകരുമെന്നും കൂട്ടുകാര്‍ വായനാദിന പ്രതിജ്ഞയെടുത്തു . 


 തുടര്‍ന്നു നടന്ന പ്രത്യേക കൂട്ടുകാരുടെ വായനാ സംഗമത്തില്‍ വിശിഷ്ട്ട വ്യക്തികള്‍ക്ക് പ്രീത ടീച്ചര്‍ സ്വാഗതം പറഞ്ഞു ......ബാലരാമപുരം ബി ആര്‍ സി യിലെ അധ്യാപക പരിശീലകയായ ശ്രീമതി വത്സലലത ടീച്ചര്‍ ദീപം തെളിച്ചു .


 മഹത് ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തുകൊണ്ട് നാലാം തരത്തിലെ കൂട്ടുകാരി സന്ധ്യ വായനാപ്രവര്ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.... ബൈബിള്‍ , രാമായണം എന്നിവ കൂട്ടുകാര്‍ പാരായണം ചെയ്തു .


         അതിഥികളായി എത്തിയ സന്ധ്യ ടീച്ചറും വത്സല ടീച്ചറും കൂട്ടുകാര്‍ക്ക് വായനാദിന സമ്മാനങ്ങളായി പുസ്തകങ്ങളും ജൈവ പച്ചക്കറി കൃഷിക്കുള്ള തൈകളും വിത്തുകളും കൈമാറി .....ശ്രീ പി കെ ജയചന്ദ്രന്‍ എഴുതിയ വിഷം തീണ്ടിയ പച്ചക്കറി എന്ന പുസ്തകം കൂട്ടുകാരെ പരിചയപ്പെടുത്തി കൊണ്ടാണ് ഈ സമ്മാനങ്ങള്‍ കൈമാറിയത് .....




 തുടര്‍ന്ന് വായനാദിന സന്ദേശങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കി . ഉറുമ്പിന്‍റെയും പുല്‍ച്ചാടിയുടെയും കഥ പറഞ്ഞ് വത്സല ടീച്ചര്‍ കൂട്ടുകാരെ വായനയുടെ മഹത്വത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തി .... ഉറുമ്പുകള്‍ ഭക്ഷണം ശേഖരിക്കുന്നത് പോലെ കൂട്ടുകാര്‍ പഠനകാലത്ത്‌ പുസ്തക വായനയിലൂടെ അറിവുകള്‍ ശേഖരിക്കണമെന്ന് അവരെ ബോധ്യപ്പെടുത്തി . പുത്തന്‍ അറിവുകളുടെ അന്വേഷണമാണ്  വായനയിലൂടെ ലക്‌ഷ്യം വയ്ക്കേണ്ടത് എന്നുകൂടി സന്ധ്യ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു....
         പുസ്തകങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു ... കൂട്ടുകാര്‍ പുസ്തകങ്ങള്‍ ആവേശപൂര്‍വ്വം തെരഞ്ഞെടുക്കുന്നത് കാണാമായിരുന്നു . പുസ്തകം തെരഞ്ഞെടുത്ത കൂട്ടുകാര്‍ നിലത്ത് വട്ടം കൂടിയിരുന്ന് വായനയില്‍ ഏര്‍പ്പെടുന്നത് ആവേശകരമായ കാഴ്ചയായിരുന്നു



 .... വര്ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വായനാ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ കൂട്ടുകാര്‍ക്ക് വേണ്ടി തയ്യാറാക്കിയത്( വായന ലഹരിയാക്കാന്‍ ഒരു വായനാ പ്രവര്‍ത്തന പദ്ധതി ) അവതരിപ്പിച്ചു .



 വിശകലനാത്മക വായന കൂട്ടുകാരെ പരിചയപ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ തയ്യാറാക്കിയിരുന്ന വായനാ കാര്‍ഡുകള്‍ വായനയുടെ രീതി ശാസ്ത്രം അവരെ ബോധ്യപ്പെടുത്തുന്നതിന് സഹായകമായി ....

Wednesday, 10 June 2015

പരിസ്ഥിതിദിനം

മണ്ണിന്‍റെ മണമറിയാന്‍ ........



ഞങ്ങളുടെ വിദ്യാലയത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങള്‍ കൂട്ടുകാരുടെ നേതൃത്വത്തില്‍ നടന്നു .....
മണ്ണേനമ്പി ലെലയ്യാ .... മരമിരുക്ക് .....
മരത്തെ നമ്പി ലേലയ്യാ..... മണ്ണിരുക്ക് .....
..........................................................................
നമ്മേനമ്പിലേലയ്യാ.... നാടിരുക്ക് ....
അട്ടപ്പാടിയിലെ ഇരുളരുടെ പാട്ട് പാടി അവര്‍ കൂട്ടമായി സ്കൂള്‍ പരിസരത്തെ ജൈവ വൈവിധ്യത്തെ അന്വേഷിച്ചു നടന്നു . നിറയെ മരങ്ങളുള്ള ഒരു ഹരിത വിദ്യാലയം തന്നെയാണ് ഞങ്ങളുടേതും ..... വിവിധ തരം മരങ്ങള്‍ , ചെടികള്‍ , അതില്‍ ജീവിക്കുന്ന പ്രാണികള്‍ എന്നിവയെ കുറിച്ച് കിട്ടിയ വിവരങ്ങള്‍ അവര്‍ നോട്ടുബുക്കുകളില്‍ കുറിച്ചിട്ടു .....
പരിസ്ഥിതി ക്വിസ് , പ്രത്യേക ബാലസഭ , പരിസ്ഥിതി പ്രവര്‍ത്തകനുമായി അഭിമുഖം എന്നിവ നടന്നു .....
സ്കൂള്‍ വളപ്പില്‍ ഫലവൃക്ഷ തൈകള്‍ നട്ടു . കടലാസ് തൊപ്പിയും വിവിധതരം ബാട്ജുകളും ധരിച്ച് അവര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു . ജീവന്‍റെ തുടിപ്പായ മരങ്ങള്‍ക്ക് കൂട്ടായി .... മണ്ണിന്‍റെ കാവലാളായി ..... നഷ്ട്ടപ്പെടുന്ന ജലത്തിന്റെ സംരക്ഷകരായി ..... പ്രകൃതിയുടെ ആരാധകരായി വര്‍ത്തിക്കും എന്ന് കൂട്ടുകാര്‍ പ്രതിജ്ഞയെടുത്തു ..... ചുറ്റുമുള്ള മരങ്ങള്‍ കൂട്ടുകാര്‍ ഉയര്‍ത്തിയ സംഘ ശബ്ദത്തിനായി കാതോര്‍ത്തിരുന്നു .....

Tuesday, 9 June 2015

ഉണരുന്ന വിദ്യാലയം

പ്രവേശനോത്സവക്കാഴ്ചകളിലൂടെ.....


          നന്മ നിറഞ്ഞ മനസ്സുകളുടെ ഉത്സവദിനം ..... സ്കൂള്‍ പ്രവേശനോത്സവം .... ഞങ്ങളുടെ വിദ്യാലയവും അതിനായി അണിഞ്ഞൊരുങ്ങി ..... സ്കൂളും പരിസരവും തോരണവും മറ്റുംകൊണ്ട് അലങ്കരിച്ചു .....പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ ചുവരും തറയും അടക്കം കഴുകി വൃത്തിയാക്കി .... 


പുത്തനുടുപ്പുകളും പ്രതീക്ഷയുടെ പ്രകാശം വിടര്‍ത്തുന്ന വിടര്‍ന്ന കണ്ണുകളുമായി കൂട്ടുകാര്‍ ഉത്സാഹത്തോടെ സ്കൂളിലെത്തി .....


ചിലര്‍ക്ക് അമ്മയും ചേച്ചിയുമൊക്കെ അകമ്പടിയായി .....


രക്ഷിതാക്കള്‍ ഉച്ചയ്ക്ക് കൂട്ടുകാര്‍ക്ക് സദ്യയൊരുക്കുന്ന തിരക്കിലായിരുന്നു ......


ചില കൂട്ടുകാര്‍ അധ്യാപകര്‍ക്ക് സമ്മാനിക്കാന്‍ പൂക്കളുമായാണ് സ്കൂളിലെത്തിയത് . അനിത ടീച്ചറിനും പ്രഥമ അധ്യാപകനും രണ്ടാം തരത്തിലെ ദേവിക ഓരോ പൂക്കൂടകള്‍ തന്നെ സമ്മാനിച്ചു . അതു മേശയ്ക്ക് ഒരു അലങ്കാരമായി മാറി  ...


ചടങ്ങിന് സീനിയര്‍ അധ്യാപികയും സ്കൂളിന്‍റെ ചുമതലക്കാരിയുമായ ശ്രീമതി പ്രീതാരാജ് ടീച്ചര്‍ ഹെഡ്‌മാസ്റ്റര്‍ക്ക് വേണ്ടി സ്വാഗതം ആശംസിച്ചു ... 2015-16 അക്കാദമിക വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പദ്ധതിരേഖ നിറസദസ്സിനു മുന്നില്‍ വായിച്ച് അവതരിപ്പിച്ചു കൊണ്ടാണ് സ്വാഗത പ്രസംഗം നടത്തിയത് .... പദ്ധതി രേഖയില്‍ ലക്ഷ്യങ്ങള്‍ , കൂട്ടുകാര്‍ നേടുന്ന പഠന നേട്ടങ്ങള്‍ , അതിനുവേണ്ടി സ്കൂളില്‍ വരുത്തുന്ന മാറ്റങ്ങള്‍ , നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിച്ചിരുന്നു.... ഇത് രക്ഷിതാക്കളില്‍ പ്രതീക്ഷയും ആവേശവും നിറച്ചു . കഴിഞ്ഞ വര്‍ഷം നാലാം തരം വരെ 75 കൂട്ടുകാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 95 കൂട്ടുകാര്‍ ആയി എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു .....


ദീപം തെളിച്ച് ചടങ്ങ് ബഹുമാനപ്പെട്ട വാര്‍ഡു മെമ്പര്‍ ശ്രീ കൊടങ്ങാവിള വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു . 


പുതുതായി എത്തിയ കൂട്ടുകാര്‍ അക്ഷരദീപം തെളിച്ചു . നിറഞ്ഞ ചിരിയുമായി ചില കൂട്ടുകാര്‍ പുതിയ ബാഗും കുടയും ചുമലില്‍ തൂക്കിയാണ് അക്ഷരദീപം തെളിച്ചത് .....


എസ് എം സി ചെയര്‍മാന്‍ ശ്രീമതി സുചിതകുമാരി കൂട്ടുകാരെ കിരീടമണിയിച്ചു സ്വീകരിച്ചു .....


പാഠപുസ്തകം , യൂണിഫോം , പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണോത്ഘാടനം ചടങ്ങിനോടനുബന്ധിച്ച് നടന്നു ....




കൂട്ടുകാരുടെ അടുത്തെത്തി അവരെ വിശിഷ്ട്ടവ്യക്തികള്‍ പരിചയപ്പെട്ടു . മധുരം നല്‍കി സ്കൂളിനെ കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കി .... മുതിര്‍ന്ന കൂട്ടുകാരുടെ കലാപ്രകടനങ്ങള്‍ക്ക് ഉത്ഘാടന ചടങ്ങ് വേദിയായി .... 


ഉദ്ഘാടനപ്രസംഗം  നടക്കുമ്പോള്‍ പുതിയ കൂട്ടുകാര്‍ തമ്മില്‍ പരിചയപ്പെടുന്നതും ആശയങ്ങള്‍ പങ്കു വയ്ക്കുന്നതും കൗതുകകാഴ്ചയായി ...


ഉച്ചയ്ക്ക് സദ്യ കഴിച്ചു കഴിഞ്ഞപ്പോള്‍ ചിലര്‍ അമ്മയുടെ ചുമലിലേയ്ക്ക് ചാഞ്ഞു .....


 കാഴ്ചകള്‍ കൊണ്ട് സമ്പന്നം തന്നെയായിരുന്നു ഈ വര്‍ഷത്തെ പ്രവേശനോത്സവ വേദി ....